ലൈം​ഗികത്തൊഴിലാളികൾക്ക് കൊവിഡ് വാക്സിൻ ഉറപ്പ് വരുത്തി കാനഡയിലെ ന​ഗരം

By Web TeamFirst Published Apr 21, 2021, 3:26 PM IST
Highlights

മഹാമാരിയും, സാമൂഹ്യ അകലം പോലുള്ള മാർ‌​ഗനിർ‌ദ്ദേശങ്ങളും ലൈംഗിക തൊഴിലാളികൾക്ക് വരുമാനം കുറയുന്നതിന് കാരണമായിട്ടുണ്ട്. കൂടാതെ തീർത്തും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ അവർ നിർബന്ധിതരാവുകയും ചെയ്യുന്നു. 

കൊവിഡ് 19 -ന്റെ മൂന്നാമത്തെ തരംഗം കാനഡയിലുടനീളം വ്യാപിക്കുമ്പോൾ, വിവിധ പ്രവിശ്യകളിൽ വൃദ്ധർ, മാറാരോഗികൾ, അവശ്യ തൊഴിലാളികൾ എന്നിവർക്കായുള്ള വാക്സിനേഷൻ പ്രചാരണം നടത്തുകയാണ്. അതേസമയം വാൻ‌കൂവറിലെ ഡൗൺ ടൗൺ‌ ഈസ്റ്റ്‌സൈഡിൽ‌, അവശ്യ സേവനത്തിലുള്ളവരായി ലൈംഗിക തൊഴിലാളികളെ അംഗീകരിക്കുകയും അവർക്കുള്ള വാക്‌സിനേഷന് മുൻ‌ഗണന നൽകുകയും ചെയ്യുകയാണ് ഇപ്പോൾ ഒരു സംഘം. ഒരുപക്ഷേ, കാനഡയിൽ‌ ആദ്യത്തെ സംഭവമായിരിക്കും ഇത്.  

ഈ മഹാമാരി ലൈംഗിക തൊഴിലാളികളെ വളരെ അധികം ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ അരക്ഷിതമായ അന്തരീക്ഷത്തിൽ ജീവിക്കുന്നതും അവർ തന്നെയാണ്. എന്നാൽ, പലപ്പോഴും സമൂഹത്തിന്റെ കണ്ണിൽ അവർ അവഗണിക്കപ്പെട്ടവരാകുന്നു. അതുകൊണ്ട് തന്നെ പകർച്ചവ്യാധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലൈംഗികത്തൊഴിലാളികൾക്ക് വാക്‌സിനേഷൻ നടത്തേണ്ടത് അനിവാര്യമാണ്. പ്രാദേശിക ആരോഗ്യ അതോറിറ്റിയായ വാൻ‌കൂവർ കോസ്റ്റൽ ഹെൽത്തിന്റെ (വിസിഎച്ച്) അനുമതി ലഭിച്ചതിന് ശേഷം ലൈംഗിക തൊഴിലാളി സംരക്ഷണ ഗ്രൂപ്പായ PACE കഴിഞ്ഞ ആഴ്ചയാണ് തങ്ങളുടെ ഓഫീസിൽ വാക്‌സിനേഷൻ സൗകര്യം ഒരുക്കിയത്. ലൈംഗിക തൊഴിലാളികൾ, PACE അംഗങ്ങൾ ഉൾപ്പെടെ 99 പേർക്ക് വാക്സിനേഷനുകൾ സംഘം നൽകി. എല്ലാ ലിംഗഭേദങ്ങളിലെയും ലൈംഗിക തൊഴിലാളികൾക്ക് പിന്തുണയും വിദ്യാഭ്യാസവും നൽ‌കുന്ന സംഘടനയാണ് PACE സൊസൈറ്റി.

"കർശനമായ വേർതിരിവുകൾ ഉണ്ടായിരുന്നില്ല. അതിനാൽ വന്ന ആളുകൾ ലൈംഗികത്തൊഴിലാളികളാണെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നില്ല. കൂടാതെ ഇതിനെകുറിച്ച് ഞങ്ങൾ അധികം പരസ്യം ചെയ്യാനും മുതിർന്നില്ല. കാരണം ആളുകളുടെ സ്വകാര്യത ലംഘിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” PACE- ന്റെ കോ-എക്സിക്യൂട്ടീവ് ഡയറക്ടർ ലൈറ മക്കീ പറഞ്ഞു. ജനുവരി മുതൽ‌ ഡൗൺ ടൗൺ‌ ഈസ്റ്റ്‌സൈഡിലെ ആളുകൾ‌ക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാൻ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. കാരണം അവിടെ താമസിക്കുന്ന പലരും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരോ, വീടുകളിലും, കുടിലുകളിലും ഒന്നിച്ച് താമസിക്കുന്നവരോ ആണ്. ഇത് കടുത്ത കൊവിഡ് -19 അണുബാധകൾ‌ക്ക് കാരണമാകുന്നു.  

മഹാമാരിയും, സാമൂഹ്യ അകലം പോലുള്ള മാർ‌​ഗനിർ‌ദ്ദേശങ്ങളും ലൈംഗിക തൊഴിലാളികൾക്ക് വരുമാനം കുറയുന്നതിന് കാരണമായിട്ടുണ്ട്. കൂടാതെ തീർത്തും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ അവർ നിർബന്ധിതരാവുകയും ചെയ്യുന്നു. മാത്രവുമല്ല, പകർച്ചവ്യാധി സമയത്ത്, ഒറ്റപ്പെട്ട് പോയ സ്ത്രീകൾ അതിജീവനത്തിനായി ലൈംഗികത്തൊഴിലിലേയ്ക്ക് തിരിയുന്നുവെന്ന് ലൈംഗികത്തൊഴിലാളികൾ മുമ്പ് വൈസ് വേൾഡ് ന്യൂസിനോട് പറഞ്ഞിരുന്നു. “ജോലി ചെയ്യുന്ന ലൈംഗികത്തൊഴിലാളികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടത് പ്രധാനമാണ്” ലൈറ പറഞ്ഞു. വാക്‌സിൻ നൽകുന്ന മറ്റൊരു ക്ലിനിക്ക് കൂടി തുടങ്ങാൻ PACE ആഗ്രഹിക്കുന്നു. പക്ഷേ, അത് എപ്പോൾ നടക്കുമെന്ന് അറിയില്ല. വാക്‌സിൻ വിതരണം ചെയ്യുന്ന ബ്രിട്ടീഷ് കൊളംബിയയുടെ വാക്സിൻ വിതരണം വർദ്ധിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും അത്.  


 

click me!