തടവിൽ പ്രസവിക്കേണ്ടി വരുന്ന അമ്മമാർ, കുഞ്ഞുങ്ങളെ കൂടെനിർത്താൻ അവകാശമില്ല, മുലപ്പാൽ പോലും നിഷേധിക്കപ്പെടുന്നു

By Web TeamFirst Published Apr 19, 2021, 3:11 PM IST
Highlights

ഇനി കുഞ്ഞിന് ഒരു മാസം വരെ അമ്മയുടെകൂടെ കഴിയാം എന്ന് വച്ചാലും അതിനുതക്ക സൗകര്യങ്ങൾ ഒന്നും അവിടെ ജയിലുകളിൽ ഇല്ല. പലപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ ആളുകളെയാണ് ഓരോ ജയിലുകളിലും പാർപ്പിച്ചിരുക്കുന്നത്. 

ജയിലിലേക്ക് വരുമ്പോൾ റോസ്മേരി സാന്റിയാഗോ നാലുമാസം ഗർഭിണിയായിരുന്നു. എന്നാൽ, പ്രസവത്തോടെ അവൾക്ക് സ്വന്തം കുഞ്ഞിനെ വേർപിരിയേണ്ടി വന്നു. പ്രസവശേഷം അവളുടെ സഹോദരങ്ങൾ അവളുടെ കുഞ്ഞിനെ ഏറ്റെടുത്തു. അവൾ ജയിലിലേയ്ക്കും മടങ്ങി. ബാക്കിയുള്ള ഒൻപത് മാസം അവൾ കുഞ്ഞിനെ കണ്ടില്ല. “ശിക്ഷ കഴിഞ്ഞ് ഞാൻ തിരിച്ചെത്തിയപ്പോൾ അവൻ വളരെ മെലിഞ്ഞിരുന്നു” മയക്കുമരുന്ന് കേസിൽ 2018 -ൽ അറസ്റ്റിലായ സാന്റിയാഗോ പറഞ്ഞു. ഫിലിപ്പൈൻസിൽ സർക്കാർ കസ്റ്റഡിയിൽ പ്രസവിക്കുന്ന നൂറുകണക്കിന് അമ്മമാരിൽ സാന്റിയാഗോയും ഉൾപ്പെടുന്നു. അവിടെ പാവപ്പെട്ടവന് വിചാരണയ്ക്കായി ഒരു പതിറ്റാണ്ട് വരെ കാത്തിരിക്കേണ്ടി വരുന്നു. ആ അമ്മമാർക്ക് പ്രസവശേഷം കുഞ്ഞുങ്ങളെ കൂടെക്കൂട്ടാനുള്ള അവകാശമില്ല. പ്രസവിച്ച ഉടനെ മക്കളിൽ നിന്ന് അവർ വേർപിരിയുന്നു. 

അത്തരത്തിലുള്ള ഏറ്റവും പുതിയ കേസാണ് ആക്ടിവിസ്റ്റ് റീന മേ നാസിനോയുടെത്. അവരുടെ കുഞ്ഞ് ഒക്ടോബറിൽ ന്യുമോണിയ ബാധിച്ച് മരണമടഞ്ഞു. 23 -കാരിയായ അമ്മ പ്രസവശേഷം സ്വന്തം കുഞ്ഞിനെ പിന്നെ കാണുന്നത് ശവശരീരമായിട്ടാണ്. കൈകളിൽ വിലങ്ങുമായി കുഞ്ഞിന്റെ ശവശരീരത്തിനടുത്ത് കണ്ണുനീരോടെ നിൽക്കുന്ന അമ്മയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് പ്രസിഡന്റ് റോഡ്രിഗോ ഡ്യുർട്ടെയുടെ വിമർശകർ രാജ്യത്ത് മാനുഷിക അവകാശങ്ങൾ കുറയുന്നു എന്ന് ആരോപിക്കുകയുണ്ടായി. അനധികൃത ആയുധങ്ങൾ കൈവശം വെച്ചു എന്നാരോപിച്ചാണ് നാസിനോയ്‌ക്കെതിരെ കേസെടുത്തത്. മയക്കുമരുന്നിനെതിരായ പോരാട്ടം ജയിലിലെ ജനസംഖ്യ കുത്തനെ ഉയർത്തുകയും 25,000 ആളുകളെ മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്തു. ഇതോടെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ കടുത്ത വിമർശനങ്ങളുമായി മുന്നോട്ട് വന്നു.  

നാഷണൽ ബ്യൂറോ ഓഫ് ജയിൽ മാനേജ്‌മെന്റ് ആൻഡ് പെനോളജി കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജയിലിൽ 1,600 -ലധികം ഗർഭിണികളുണ്ടായിരുന്നതായും 485 ജനനങ്ങളുണ്ടായതായും രേഖപ്പെടുത്തി. 80 ശതമാനം സ്ത്രീകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടവരാണ്. സ്ത്രീകൾക്കെതിരായ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ 2015 -ൽ 9,000 -ൽ നിന്ന് 15,000 -ത്തിലധികമായി ഉയർന്നിരുന്നു. പങ്കാളികളോടും കുടുംബങ്ങളോടും ഒപ്പം നിരവധി പേരെ അറസ്റ്റ് ചെയ്തതായി മനുഷ്യാവകാശ കമ്മീഷൻ പറയുന്നു. ശിശു മരണങ്ങളും ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടു. കുഞ്ഞുങ്ങളെ അമ്മമാരിൽ നിന്ന് വേർപ്പെടുത്തിയില്ലെങ്കിൽ കുഞ്ഞുങ്ങൾ അതിജീവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മനുഷ്യാവകാശ അഭിഭാഷകർ വാദിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആദ്യത്തെ ആറ് മാസത്തേക്ക് മുലയൂട്ടൽ ഒരു ശിശുവിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. എന്നാൽ, ജയിൽ മാനേജുമെന്റ് ബ്യൂറോ മാനുവൽ ക്യാപ്പിലെ നിയമങ്ങൾ അനുസരിച്ച് ഒരു അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് കഴിയാനുള്ള പരമാവധി സമയം ഒരു മാസമാണ്. കൂടുതലായി എന്തും ഒരു കോടതി അംഗീകരിക്കണം. പലപ്പോഴും ഒരു ദിവസത്തിനുള്ളിൽ തന്നെ ആ കുഞ്ഞിനെ അമ്മയുടെ അടുക്കൽ നിന്ന് മാറ്റുന്നു.  

ഇനി കുഞ്ഞിന് ഒരു മാസം വരെ അമ്മയുടെകൂടെ കഴിയാം എന്ന് വച്ചാലും അതിനുതക്ക സൗകര്യങ്ങൾ ഒന്നും അവിടെ ജയിലുകളിൽ ഇല്ല. പലപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ ആളുകളെയാണ് ഓരോ ജയിലുകളിലും പാർപ്പിച്ചിരുക്കുന്നത്. അതോടെ കിടക്കകൾ ആവശ്യത്തിന് ലഭ്യമാകാതെ വരും. 84 സ്ത്രീകളുടെ ഡോർമിറ്ററികളിൽ 37 എണ്ണത്തിൽ മാത്രമാണ് മുലയൂട്ടാനുള്ള മുറി ഉള്ളത്. നിയമങ്ങൾ കാര്യക്ഷമമാക്കുന്നതിനും അമ്മയ്ക്കും കുഞ്ഞിനുമായി അനുവദിച്ച സമയം നീട്ടിക്കൊണ്ടുപോകുന്നതുമായ ഒരു മെമ്മോറാണ്ടം ഈ വർഷത്തിനുള്ളിൽ തന്നെ പാസ്സാകുമെന്ന് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നു. അതേസമയം തടവിലാക്കപ്പെട്ട മാതാപിതാക്കളെ സഹായിക്കാനുള്ള ഫിലിപ്പീൻസ് സെനറ്റ് ബിൽ ഒരു വർഷത്തിലധികമായി കമ്മിറ്റി തലത്തിൽ തീർപ്പാക്കാതെ തുടരുകയാണ്.    

ജയിലുകളിൽ ഗവേഷണ-നൈപുണ്യ പരിശീലനം നടത്തുന്ന ഫിലിപ്പീൻസ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറായ ഹന്നാ നാരിയോ-ലോപ്പസ് പറയുന്നത്, നാസിനോ കേസിന് ശേഷം ഓൺലൈനിൽ ലഭിച്ച വിമർശനങ്ങളിൽ ചില വനിതാ ഗാർഡുകൾ നിരാശ പ്രകടിപ്പിച്ചു. “ദിവസാവസാനം, എല്ലാ സ്ത്രീകളും ഇവിടെ കഷ്ടപ്പെടുന്നു” അവൾ പറഞ്ഞു. ഒരു അമ്മയെയും കുഞ്ഞിനെയും വേർപിരിക്കാതിരിക്കുന്നത് വൈകാരികമായ ഒരു കാര്യം മാത്രമല്ല, കുഞ്ഞിന്റെ ആരോഗ്യത്തിനും അത് വളരെ അനിവാര്യമാണ്. 

click me!