അറ്റം പിളർന്ന നാവ്, കൂർത്ത പല്ലുകൾ, നെറ്റിയിലും നെഞ്ചിലും കൈകളിലും നിറയെ ടാറ്റൂ, ഇത് വാംപയർ വുമൺ

By Web TeamFirst Published Aug 17, 2022, 3:52 PM IST
Highlights

തനിക്ക് തന്റെ രൂപം വളരെ ഇഷ്ടമാണ്, അതിനാലാണ് ഇങ്ങനെ രൂപമാറ്റം നടത്തിയതെന്ന് മരിയ പറഞ്ഞു. അതേസമയം തന്നെ കണ്ട് അനുകരിക്കരുത് എന്നാണ് മറ്റുള്ളവരോട് അവൾക്ക് പറയാനുള്ളത്.

പാമ്പിനെ ഓർമിപ്പിക്കുന്ന അറ്റം പിളർന്ന നാവ്, രാകി മിനുക്കിയ കൂർത്ത പല്ലുകൾ, നെറ്റിയിലും നെഞ്ചിലും കൈകളിലും നിറയെ ടാറ്റൂകൾ, കൂടാതെ പുരികം, മൂക്ക്, നാവ്, ചെവി, പൊക്കിൾ എന്നിവിടങ്ങളിൽ ഒന്നിലധികം സ്റ്റഡുകൾ, തലയിലും, കൈയിലും നിറയെ മുഴകൾ, ഭയപ്പെടുത്തുന്ന കണ്ണുകൾ. ഏതോ പ്രേത സിനിമയിലെ കഥാപാത്രത്തിനെ കുറിച്ചാണ് വിവരിക്കുന്നത് എന്ന് തെറ്റിധരിക്കല്ലേ. പറഞ്ഞു വരുന്നത് 45 -കാരിയായ മരിയ ജോസ് ക്രിസ്റ്റെർന എന്ന സ്ത്രീയുടെ രൂപത്തെ കുറിച്ചാണ്. ഏതോ ഹോറർ സിനിമയിൽ നിന്ന് ഇറങ്ങി വരുന്ന പോലെയുള്ള ഈ രൂപം കാരണം ആളുകൾ അവളെ വാമ്പയർ വുമൺ എന്നാണ് വിളിക്കുന്നത്.  

ശരീരത്തിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ വരുത്തിയതിന്റെ പേരിൽ അവൾക്കൊരു ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമായുണ്ട്. മെക്സിക്കൻകാരിയായ അവളുടെ ശരീരത്തിന്റെ 99 ശതമാനവും ടാറ്റൂവാണ്. തലയിലുള്ള മുഴകളെ കുറിച്ച് അവൾ പറയുന്നത്, ഈ കൊമ്പുകൾ ശക്തിയുടെ പ്രതീകമാണ് എന്നാണ്. ഒരു കൊച്ചു പെൺകുട്ടിയായിരിക്കുമ്പോൾ വാമ്പയർമാരെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവൾ കണ്ണുകളുടെ നിറവും വാമ്പയറിന്റേതുപോലെയാക്കി. ആകെ മൊത്തം 49 തവണയാണ് അവൾ ശാരീരിക മാറ്റങ്ങൾക്ക് വിധേയായത്. അതും മരവിപ്പിക്കാതെയാണ് അവൾ ശാസ്ത്രക്രിയകൾക്ക് വിധേയമായത്. കാരണം വേദനയൊന്നും പുള്ളിക്കാരിക്ക് ഒരു പുത്തരില്ല. എന്നാൽ ഇങ്ങനെ വേദന സഹിക്കാനുള്ള ശീലം അവൾക്ക് സമ്മാനിച്ചത് അവളുടെ മുൻ ഭർത്താവ് തന്നെയാണ്. വിവാഹ ജീവിതത്തിൽ ഏറെ പീഡനങ്ങൾ സഹിച്ച അവൾ ഒത്തിരി പ്രയാസപ്പെട്ടിട്ടാണ് അതിൽ നിന്ന് പുറത്ത് വന്നത്. തുടർന്നാണ് സ്വയം ഇങ്ങനെ ശരീരത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങിയത്. ഈ പരിഷ്ക്കാരങ്ങൾ തനിക്ക് ശക്തിയും, ഊർജവും, ആത്മവിശ്വാസവും നൽകുന്നുവെന്ന് അവൾ പറയുന്നു.    

മുൻപ് ഒരു അഭിഭാഷകയായി ജോലി ചെയ്തിരുന്നു അവൾ ഇന്ന് ഒരു ഡിജെയാണ്. ഒരു ടാറ്റൂ സ്റ്റുഡിയോയും സ്വന്തമായിട്ടുണ്ട്. പണ്ട് അവളെ കാണുമ്പോൾ ആളുകൾ മുഖം തിരിച്ച് പോകാറുണ്ടെന്ന് അവളുടെ ഒരു കൂട്ടുകാരി ഡെയിലി മെയിലിനോട് പറഞ്ഞു. അവൾ ഒരു പിശാചാണെന്ന് ആളുകൾ കരുതി. എന്നാൽ ഇന്ന് അവൾക്ക് എന്തോ അത്ഭുത ശക്തിയുണ്ടെന്ന് ധരിച്ച് ആളുകൾ അവൾക്ക് ചുറ്റും അനുഗ്രഹം വാങ്ങാൻ ഒത്തുകൂടുന്നു. ലോകമെമ്പാടുമുള്ള ടാറ്റൂ ഫെസ്റ്റിവലുകളിലും മരിയ വളരെ പ്രശസ്തയാണ്. റിപ്ലയ്സ് ബിലീവ് ഇറ്റ് ഓർ നോട്ടിന്റെ മ്യൂസിയത്തിൽ അവളുടെ ഒരു മെഴുക് പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. 

തനിക്ക് തന്റെ രൂപം വളരെ ഇഷ്ടമാണ്, അതിനാലാണ് ഇങ്ങനെ രൂപമാറ്റം നടത്തിയതെന്ന് മരിയ പറഞ്ഞു. അതേസമയം തന്നെ കണ്ട് അനുകരിക്കരുത് എന്നാണ് മറ്റുള്ളവരോട് അവൾക്ക് പറയാനുള്ളത്. ഒരിക്കൽ മാറ്റങ്ങൾ വരുത്തിയാൽ പിന്നെ തിരിച്ച് പഴയ രൂപത്തിലേക്ക് മാറാൻ സാധിക്കില്ല. അതുകൊണ്ട്, ഇത്തരം കാര്യങ്ങൾ അനുകരിക്കുന്നത് അപകടമാണ് എന്നവൾ കൂട്ടിച്ചേർത്തു.

click me!