
ബിഹാറിൽ (Bihar) വീണ്ടും ഒരു പുരുഷനെ തട്ടിക്കൊണ്ടുപോയി, നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന് ആരോപണം. പകടുവ വിവാഹം (pakadua vivah) എന്നറിയപ്പെടുന്ന ഈ ആചാരത്തിന് ഇത്തവണ ഇരയായത് ഒരു മൃഗഡോക്ടറാണ് (veterinary doctor). ബിഹാറിലെ ബെഗുസാരായി ജില്ലയിലാണ് വധുവിന്റെ വീട്. കന്നുകാലികൾക്ക് ചികിത്സ ആവശ്യമുണ്ടെന്ന് പറഞ്ഞ് വധുവിന്റെ കുടുംബം നയത്തിൽ ഡോക്ടറെ കൂട്ടിക്കൊണ്ട് വരികയായിരുന്നു. എന്നാൽ, സ്ഥലത്ത് എത്തിയതും, ഡോക്ടറെ അവർ ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഡോക്ടറുടെ കുടുംബാംഗങ്ങളാണ് ഇപ്പോൾ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
തെഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ പിധൗലി ഗ്രാമത്തിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ ഡോക്ടറുടെ പിതാവ് സുബോധ് കുമാർ ഝാ പൊലീസിൽ പരാതി നൽകി. മൃഗഡോക്ടറായ തന്റെ മകൻ സത്യം കുമാറിനെ ഹസൻപൂർ ഗ്രാമവാസിയായ വിജയ് സിംഗ് വിളിച്ച് കൊണ്ട് പോയതായി അദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ വിജയുടെ യഥാർത്ഥ ഉദ്ദേശം തന്റെ മകനെ തട്ടിക്കൊണ്ടു പോവുക എന്നതായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തുടർന്ന്, മകനെ നിർബന്ധിച്ച് ഒരു സ്ത്രീയുമായി വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും പിതാവ് കൂട്ടിച്ചേർത്തു. ഇരയ്‌ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
എന്നാൽ, അതിനിടയിൽ ഡോക്ടർ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. അതിൽ അദ്ദേഹം ഒരു വരന്റെ വേഷം ധരിച്ച് ഒരു ക്ഷേത്രത്തിൽ ഇരിക്കുന്നത് കാണാം. സമീപത്ത് വധുവിന്റെ വേഷത്തിൽ ഒരു പെൺകുട്ടിയും ഇരിക്കുന്നുണ്ട്. എന്നാൽ, ഇരുവരും വളരെ ശാന്തമായാണ് വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. വധുവായി അണിഞ്ഞൊരുങ്ങിയ സ്ത്രീയുടെ അരികിൽ സത്യ ക്ഷമയോടെ ഇരിക്കുന്നത് വീഡിയോയിൽ കാണാം. ഒരു വൃദ്ധൻ മന്ത്രങ്ങൾ ഉരുവിടുന്നതും ദമ്പതികൾ പരസ്പരം കൈകൾ പിടിക്കുന്നതും എല്ലാം അതിൽ ദൃശ്യമാണ്. സംഭവം പുറത്തറിഞ്ഞതോടെ സത്യയുടെ വിവാഹത്തിന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
അതേസമയം, സത്യയെ ബലമായി പിടിച്ച് കൊണ്ട് പോയി വിവാഹം കഴിപ്പിച്ചതാണോ അതോ തന്റെ ഇഷ്ടപ്രകാരം വിവാഹം കഴിച്ചതാണോ എന്നത് ഇപ്പോഴും വ്യക്തമല്ല. പൊലീസിൽ പരാതി നൽകിയെങ്കിലും, ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാലും എന്താണ് നടന്നത് എന്നതിനെ കുറിച്ച് തങ്ങൾ അന്വേഷിച്ച് വരികയാണെന്ന് ബെഗുസാരായി എസ്പി യോഗേന്ദ്ര കുമാർ പറഞ്ഞു. വരൻ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്.
ബിഹാറിലെ ബെഗുസാരായിയിൽ 1970 -കളിലാണ് പകടുവ വിവാഹങ്ങൾ ആരംഭിച്ചത്. എന്നാൽ പിന്നീട് ഇതിനെ നിരോധിച്ചുകൊണ്ട് നിയമം വന്നു. എന്നിട്ടും പകഡുവ വിവാഹം എന്നറിയപ്പെടുന്നു നിർബന്ധിത വിവാഹങ്ങൾ ബിഹാറിലെ പല പ്രദേശങ്ങളിലും വ്യാപകമാണ്. പലപ്പോഴും യോഗ്യരായ, അവിവാഹിതരായ പുരുഷന്മാരെയാണ് ഇങ്ങനെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നത്. സ്ത്രീധനം നൽകാൻ കഴിയാത്ത കുടുംബങ്ങളിലെ സ്ത്രീകളായിരിക്കും വധു.