
മുംബൈയിലെ കോസ്റ്റൽ റോഡിൽ മഴയത്ത് അമിത വേഗതയിലെത്തിയ ഒരു ലംബോർഗിനി കാർ തെന്നിമാറി പാലത്തിന്‍റെ ഡിവൈഡറിൽ ഇടിച്ച് വട്ടം കറങ്ങുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അപകടത്തിൽ ആഡംബര സ്പോർട്സ് കാറിന്‍റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകർന്നെങ്കിലും ആര്‍ക്കും പരിക്കുകളില്ല. റെയ്മണ്ട് ഗ്രൂപ്പിന്‍റെ മാനേജിംഗ് ഡയറക്ടർ ഗൗതം സിംഘാനിയയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. പിന്നാലെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
മറ്റൊരു ദിവസം, മറ്റൊരു ലംബോർഗിനി അപകടം. ഇത്തവണ മുംബൈയിലെ കോസ്റ്റൽ റോഡിൽ ഇന്ന് രാവിലെ 9:15 ന്. അവരുടെ കാറുകൾക്ക് തീ പിടിക്കുക മാത്രമല്ല, ഗ്രിപ്പും ഇല്ല. ഈ കാറുകൾക്ക് എന്താണ് കുഴപ്പം? വീഡിയോ പങ്കുവച്ചു കൊണ്ട് ഗൗതം സിംഘാനിയ കുറിച്ചു. വീഡിയോയിൽ കൊരിച്ചൊരിയുന്ന മഴയത്ത് മുംബൈയിലെ കോസ്റ്റൽ റോഡിലൂടെ അതിവേഗതയിൽ കടന്ന് പോകാൻ ശ്രമിക്കുന്ന ഒരു ലംബോര്‍ഗിനിയെ കാണാം. പെട്ടെന്ന് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് വട്ടം തിരിയുന്നു. ഈ സമയം മറ്റ് വാഹനങ്ങൾ റോഡില്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. അതേസമയം വീഡിയോയില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകർന്നതും കാണാം.
സമൂഹ മാധ്യമ പ്രതികരണം
അപകത്തിൽപ്പെട്ട കാര്‍ ഓടിച്ചിരുന്നത് നെപിയൻ സീ റോഡ് സ്വദേശിയായ 52-കാരനായ അതിഷ് ഷാ ആണെന്ന് തിരിച്ചറിഞ്ഞെന്ന് വോർലി പോലീസ് പറയുന്നു. കൊളാബയിലേക്ക് പോകുന്ന വഴി കാർ പെട്ടെന്ന് തെന്നിമാറി ബാരിക്കേഡിൽ ഇടിക്കുകയായിരുന്നെന്നാണ് പോലീസിന്‍റെ ഭാഷ്യം. ഇന്ത്യൻ റോഡുകളിൽ ഉയർന്ന നിലവാരമുള്ള സൂപ്പർകാറുകളുടെ വിശ്വാസ്യതയെയും സുരക്ഷയെയും കുറിച്ചുള്ള സംശയങ്ങളായിരുന്നു സമൂഹ മാധ്യമം നിറയെ. നമ്മുടെ റോഡുകൾക്ക് അന്താരാഷട്രാ നിലപോലും പോയിട്ട് ഒരു ദേശീയ നിലവാരം പോലുമില്ലെന്ന് ചിലര്‍ കുറിച്ചു. 2024 ല്‍ ഇതേ സ്ഥലത്ത് വച്ച് ഒരു ലംബോര്‍ഗിനി കാര്‍ അപകടത്തിൽപ്പെട്ട് കത്തി നശിച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.