ഐ എസ്സില്‍ നിന്നും മോചിപ്പിക്കപ്പെട്ടു, നാല് വര്‍ഷത്തിന് ശേഷം അവന്‍ കുടുംബത്തിനൊപ്പം ചേര്‍ന്നു

By Web TeamFirst Published May 29, 2019, 3:34 PM IST
Highlights

ബിബിസി നഷാതിനെ കണ്ടുമുട്ടുന്നത് സിറിയയിലാണ്. ''അവര്‍ ഞങ്ങളെ വാങ്ങി വേലക്കാരാക്കി. സ്ത്രീകളെ പലരേയും ഭാര്യമാരാക്കി. ഏത് പ്രായത്തിലുള്ള പെണ്‍കുട്ടികളേയും അവര്‍ വാങ്ങി.'' നഷാത് പറയുന്നു. 

നഷാത് അവസാനമായി അവന്‍റെ അമ്മയെ കാണുന്നത് നാല് വര്‍ഷം മുമ്പാണ്. ഇസ്ലാമിക് സ്റ്റേറ്റ് തടവിലായതോടെ ചിതറിപ്പോയ കുടുംബമാണവന്‍റേത്. നഷാത് മാത്രമല്ല,  അമ്മയും സഹോദരങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്‍റെ അടിമകളായിരുന്നു. നഷാതിന്‍റേയും കുടുംബത്തിന്‍റേയും കൂടിച്ചേരലിന്‍റെ വീഡിയോ ബിബിസിയാണ് പങ്കുവച്ചത്. 

ഐ എസ്, നഷാതിന്‍റെ മാതാവ് ഫൗസിയയേയും അവരുടെ നാല് മക്കളേയും അടിമകളാക്കുകയായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവര്‍ ഇറാഖി നഗരമായ സിഞ്ചാറില്‍ നിന്നും സിറിയയിലേക്ക് കടത്തപ്പെടുന്നത്. ''ഓരോ മണിക്കൂറിലും യുവതികളായ സ്ത്രീകളെ, കുട്ടികളെ ഒക്കെ അവരുടെ മാതാപിതാക്കളില്‍ നിന്നും അകറ്റിക്കൊണ്ടേയിരുന്നു. കൊടും പീഡനങ്ങളിലാണ് ഞങ്ങളോരോ ദിവസവും കഴിഞ്ഞിരുന്നത്...'' ഫൗസിയ പറയുന്നു. 

പിടിച്ചുകൊണ്ടുപോയ ശേഷം ഫൗസിയ ആറ് തവണ വില്‍ക്കപ്പെട്ടു. ഒരു വര്‍ഷത്തിന് ശേഷം അവര്‍ മോചിപ്പിക്കപ്പെട്ടു. പക്ഷെ, അപ്പോഴും അവരുടെ മൂത്ത രണ്ട് മക്കളും ഐ എസ്സിന്‍റെ പിടിയില്‍ തന്നെയായിരുന്നു. നഷാത് എവിടെയാണ് എന്നതിനെ കുറിച്ച് യാതൊരു വിവരവും അപ്പോഴുമുണ്ടായിരുന്നില്ല. അവനപ്പോള്‍ ബാഖൂസിലായിരുന്നു. കുടുംബത്തില്‍ നിന്നും അകറ്റിയപ്പോള്‍ ഐ എസ് അവനെ മതം മാറ്റി. 

ബിബിസി നഷാതിനെ കണ്ടുമുട്ടുന്നത് സിറിയയിലാണ്. ''അവര്‍ ഞങ്ങളെ വാങ്ങി വേലക്കാരാക്കി. സ്ത്രീകളെ പലരേയും ഭാര്യമാരാക്കി. ഏത് പ്രായത്തിലുള്ള പെണ്‍കുട്ടികളേയും അവര്‍ വാങ്ങി.'' നഷാത് പറയുന്നു. ഫൗസിയയും ഭര്‍ത്താവും ഇളയ കുട്ടികളും ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികളായി കഴിയുകയായിരുന്നു. മൂത്ത രണ്ട് മക്കളും എത്രയും പെട്ടെന്ന് തങ്ങള്‍ക്കൊപ്പം ചേരുമെന്ന് അവരെപ്പോഴും പ്രതീക്ഷിച്ചിരുന്നു. 

അങ്ങനെ ഒടുവില്‍ അവര്‍ ഇറാഖിലേക്ക് തിരികെയെത്തി നഷാതിനെ കാണാന്‍... നാല് വര്‍ഷത്തിന് ശേഷമായിരുന്നു ഫൗസിയ അന്ന് തന്‍റെ മകനെ കാണുന്നത്. ഒപ്പം തന്നെ ഐ എസ് പിടിയിലായിരുന്ന മകള്‍ കൂടി മോചിപ്പിക്കപ്പെട്ടതോടെ മൂത്ത രണ്ട് മക്കളെക്കൂടി ഫൗസിയക്ക് തിരികെ ലഭിച്ചു. പ്രതീക്ഷ വിടാതെയുള്ള ഫൗസിയയുടേയും കുടുംബത്തിന്‍റേയും കാത്തിരിപ്പിനായിരുന്നു അങ്ങനെ അവസാനമായത്. 

ആയിരക്കണക്കിന് യസീദികളാണ് ഐ എസ് അടിമകളാവുകയോ, കൊല ചെയ്യപ്പെടുകയോ ചെയ്യുന്നതെന്ന് യു എന്‍ പറയുന്നു. പുരുഷന്മാര്‍ പലപ്പോഴും കൊലചെയ്യപ്പെടുകയാണെങ്കില്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. കുട്ടികളെ വില്‍ക്കുകയും ചെയ്യുന്നു. 
 

കടപ്പാട് : ബിബിസി

click me!