പഠനം തുടരാനും കരിയര്‍ വളര്‍ത്താനും വിവാഹമോചനമാവാം, യുവതിയെ പിന്തുണച്ച് ​ഗ്രാമകോടതി

By Web TeamFirst Published Aug 2, 2021, 1:55 PM IST
Highlights

ഒടുവിൽ, അവൾക്ക് വിവാഹമോചനം അനുവദിക്കപ്പെട്ടു. അവളുടെ ജീവിതം രക്ഷിച്ച പഞ്ചായത്തിന് അവൾ നന്ദി പറഞ്ഞു. "അവൾ പ്രായപൂർത്തിയായവളാണ്. അവളുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്” സർപഞ്ച് ചൗധരി ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. 

ബീഹാറിലെ ബഗൽപുർ ജില്ലയിൽ വിവാഹിതയായ ഒരു സ്ത്രീക്ക് ഭർത്താവിനെ വിവാഹമോചനം ചെയ്യാനും പഠനം തുടരാനുമുള്ള അനുമതി നല്കിയിരിക്കയാണ് ഒരു ഗ്രാമകോടതി. വിവാഹം കഴിഞ്ഞാൽ ഒരു സ്ത്രീയുടെ കടമ കുടുംബത്തെ പരിപാലിക്കുന്നത് മാത്രമാണെന്ന പാരമ്പര്യ ചിന്തകൾക്കുള്ള ഉചിതമായ ഒരു മറുപടിയാണ് ഈ തീരുമാനം. കുടുംബത്തിനപ്പുറം സ്ത്രീകൾക്കും ഒരു ലോകമുണ്ടെന്നും, അതിനായി അവൾ പ്രയത്നിക്കുന്നതിൽ തെറ്റില്ലെന്നും സ്ത്രീകളെ ഓർമിപ്പിക്കുന്നതാണ് ഈ വിധി.  

ബഗൽപൂർ ജില്ലയിലെ ജഹാംഗീര ഗ്രാമത്തിലെ നിവാസിയാണ് നേഹ കുമാരി. ഏകദേശം ഒന്നര മാസം മുമ്പാണ് അവളുടെ വിവാഹം നടന്നത്. പത്തൊമ്പതുകാരിയായ അവൾ നല്ല മാർക്കോടെയാണ് 12 -ാം ക്ലാസ്സ് പാസായത്. എന്നാൽ, പിന്നീട് വീട്ടുകാർ നിർബന്ധിച്ച് അവളെ വിവാഹം കഴിപ്പിക്കുകയായിരുന്നു. കല്യാണത്തിന് ശേഷവും പഠിക്കാമല്ലോ എന്നതായിരുന്നു അവളുടെ ഏകാശ്വാസം. എന്നാൽ, വിവാഹം കഴിഞ്ഞപ്പോൾ ഭർതൃവീട്ടുകാരുടെ ഭാവം മാറി. ഇനി എന്തിനാണ് പഠിക്കുന്നതെന്നും, വീട്ടുകാര്യങ്ങളും നോക്കി ഇവിടെ ഇരുന്നാൽ മതിയെന്നും ഭർത്താവും, കുടുംബവും ചട്ടം കെട്ടി.  

പഠിച്ച്, നല്ലൊരു ജോലി നേടുക എന്നതായിരുന്നു അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്നത്തിന്റെ ചിറകരിയാൻ ഭർത്താവും കുടുംബവും ശ്രമിച്ചപ്പോൾ, അവൾ ആരോടും പറയാതെ രായ്ക്കുരാമാനം അവിടെ നിന്ന് സ്ഥലംവിട്ടു. "ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിൽ അക്ഷരാർത്ഥത്തിൽ തടവിലായിരുന്നു. കൂടുതൽ പഠിക്കാൻ എന്റെ ഭർത്താവോ, അമ്മായിയമ്മയോ എന്നെ അനുവദിച്ചില്ല. ആ വീട്ടിൽ എനിക്ക് ശ്വാസംമുട്ടി” അവൾ ആരോപിച്ചു.

അവൾ ഉന്നത പഠനം തുടരാൻ ജൂലൈയിൽ പട്നയിലെത്തി. സമ്മതിക്കില്ലെന്ന് ഭയന്ന് അവൾ പോകുന്ന കാര്യം സ്വന്തം വീട്ടിൽ പോലും അറിയിച്ചില്ലായിരുന്നു. അവളെ കാണാതായതിനെ തുടർന്ന് നാട്ടിൽ ആകെ പുകിലായി. വീട്ടുകാരും നാട്ടുകാരും അവളെ തിരഞ്ഞ് നടന്നു. ഒടുവിൽ അവളുടെ പിതാവ് ഗുരുദേവ് പണ്ഡിറ്റ് അവളെ തട്ടിക്കൊണ്ടുപോയെന്ന് ഭയന്ന് പോലീസിൽ കേസ് രജിസ്റ്റർ ചെയ്തു. കാര്യങ്ങൾ പ്രശ്‌നമാകുമോ എന്ന് ഭയന്ന പെൺകുട്ടി തിരികെ എത്തി ഒരു ഗ്രാമ കൗൺസിൽ താൻ ഭർതൃവീട്ടിൽ നിന്നും ഒളിച്ചോടിയതാണെന്നും, ഈ വിവാഹം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു.  

അവളുടെ പരാതി അനുസരിച്ച്, സർപഞ്ച് ദാമോദർ ചൗധരി ജൂലൈ 28 -ന് അവളുടെ മാതാപിതാക്കളെയും ഭർതൃവീട്ടുകാരെയും പഞ്ചായത്തിലേക്ക് വിളിപ്പിച്ചു. അവിടെ നടന്ന തീർപ്പിൽ അവളും ഭർത്താവും പങ്കെടുത്തു. ജോലി നേടാനും ഉപരിപഠനം നടത്താനും സാങ്കേതിക പരിശീലനം പൂർത്തിയാക്കണമെന്ന് യുവതി പഞ്ചായത്തിനെ അറിയിച്ചെങ്കിലും അവളുടെ അപേക്ഷ ആദ്യം നിരസിക്കപ്പെട്ടു. എന്നാൽ, അവൾ തന്റെ സങ്കടങ്ങൾ ഗ്രാമീണകോടതിയെ ബോധിപ്പിച്ചു. "എന്റെ കരിയർ പിന്തുടരാൻ എനിക്ക് കഴിഞ്ഞില്ല. വിവാഹത്തിന്റെ വലയിൽ ഞാൻ കുടുങ്ങി. ആരെയും ആശ്രയിക്കാതെ എനിക്ക് എന്റെ കാലിൽ നിൽക്കാനായിരുന്നു ആഗ്രഹം" അവൾ കോടതിയിൽ പറഞ്ഞു. എന്നാൽ മാതാപിതാക്കളോ, ഭർതൃവീട്ടുകാരോ തന്റെ വികാരങ്ങളെ അല്പം പോലും മാനിച്ചില്ലെന്നും അവൾ സങ്കടത്തോടെ പറഞ്ഞു.

അവളെ വിവാഹമോചനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഗ്രാമീണ കോടതി ആവതും ശ്രമിച്ചു. എന്നാൽ പക്ഷേ അവൾ തന്റെ തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നു. ഒടുവിൽ, അവൾക്ക് വിവാഹമോചനം അനുവദിക്കപ്പെട്ടു. അവളുടെ ജീവിതം രക്ഷിച്ച പഞ്ചായത്തിന് അവൾ നന്ദി പറഞ്ഞു. "അവൾ പ്രായപൂർത്തിയായവളാണ്. അവളുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്” സർപഞ്ച് ചൗധരി ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. തന്റെ തീരുമാനം തന്റെ കുടുംബത്തെയും സമൂഹത്തെയും വിഷമത്തിലാക്കുമെങ്കിലും, തന്നെ സംബന്ധിച്ചിടത്തോളം ഇതാണ് ശരിയെന്ന് അവൾ പറഞ്ഞു. ഗ്രാമീണ കോടതിയുടെ വിധിയെ പ്രാദേശിക ഭരണകൂടം പ്രശംസിച്ചു.  

click me!