
തെരഞ്ഞെടുപ്പായാൽ ജയിക്കും തോൽക്കും അല്ലേ? ജയിക്കുന്നവർക്ക് പദവിയും അംഗീകാരവും എല്ലാം കിട്ടും. പരാജയപ്പെടുന്ന വ്യക്തി ചിലപ്പോൾ കൂടുതൽ ശക്തമായി പ്രവർത്തിക്കും ചിലപ്പോൾ എല്ലാം നിർത്തും. എന്നാൽ, ഈ ഗ്രാമത്തിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വ്യക്തിക്ക് ഗ്രാമവാസികൾ ചേർന്ന് വലിയൊരു തുക സമ്മാനമായി നൽകി. ഒന്നും രണ്ടുമല്ല, 31 ലക്ഷം രൂപ.
എന്തിനാണ് അദ്ദേഹത്തിന് ഗ്രാമവാസികളെല്ലാം ചേർന്ന് അത്രയും തുക ശേഖരിച്ച് കൊടുത്തത് എന്നല്ലേ? നാടിന്റെ സാഹോദര്യം കാക്കാൻ നടത്തിയ ശ്രമങ്ങൾക്കുള്ള സ്നേഹമായിട്ടാണ് ഗ്രാമവാസികൾ അങ്ങനെ ഒരു കാര്യം ചെയ്തത്. ഹരിയാനയിലെ ഹിസാറിലെ ബുധ ഖേര ഗ്രാമത്തിലെ ആളുകളാണ് സർപഞ്ച് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടയാൾക്ക് ബുധനാഴ്ച ലക്ഷങ്ങൾ നൽകിയത്.
സുഭാഷ് നമ്പാർദാർ എന്നയാളാണ് സർപഞ്ച് തെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥിയായ സുഖ്വീന്ദർ ബാദുവിനോട് 157 വോട്ടിന് പരാജയപ്പെട്ടത്. ഇതേ തുടർന്ന് നാടിന് വേണ്ടി എപ്പോഴും പ്രയത്നിക്കുന്ന സുഭാഷിനോട് നന്ദിയും സ്നേഹവും അറിയിക്കുന്നതിനായി നാട്ടുകാരെല്ലാം ഒത്ത് ചേർന്നു. ഒരു ചടങ്ങ് സംഘടിപ്പിച്ച് അദ്ദേഹത്തെ അവരുടെ സ്നേഹമറിയിച്ചു.
വർഷങ്ങളായി സമൂഹത്തിന് വേണ്ടി പ്രയത്നിക്കുന്ന ഒരാളാണ് സുഭാഷെന്ന് മുൻ ഗ്രാമ സർപഞ്ച് ഷംഷേർ കർവാസ്ര ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഞങ്ങളിങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചത് നമ്മുടെ അഭിനന്ദനം അദ്ദേഹത്തെ അറിയിക്കുന്നതിന് വേണ്ടിയാണ്. ഒപ്പം തെരഞ്ഞെടുപ്പ് ഫലമോർത്ത് നിരാശനാവേണ്ടതില്ല എന്നും ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു എന്നും കർവാസ്ര പറഞ്ഞു.
ഗ്രാമവാസികളുടെ സ്നേഹം സുഭാഷിന്റെയും മനസ് നിറച്ചു. എന്നും താൻ ഗ്രാമവാസികൾക്കൊപ്പമുണ്ടാകുമെന്നും വിജയിയിൽ നിന്നും ഒരു വ്യത്യാസവും തനിക്കില്ല എന്ന് മനസിലാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. തനിക്ക് തന്ന തുക നാട്ടിലേക്ക് സ്പോർട്സ് ഐറ്റംസ് വാങ്ങാനും വിദ്യാർത്ഥികൾക്ക് പുസ്തകം വാങ്ങാനും അതുപോലെ കുളങ്ങളും വാട്ടർ ടാങ്കുകളും മറ്റും നിർമ്മിക്കാനുപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.