വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി

Published : Jan 18, 2026, 09:44 PM IST
viral babu swamy

Synopsis

സാമൂഹിക മാധ്യമങ്ങളിൽ അടുത്തിടെ വൈറലായ ബാബു സ്വാമി ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ ശുചീകരണ തൊഴിലാളിയാണ്. ഒരു ഭാഗത്ത് ജോലിയും മറ്റൊരു ഭാഗത്ത് ആത്മീയതയും ഒന്നിച്ചുകൊണ്ടുപോകുന്ന ബാബു സ്വാമി വിവാദങ്ങളെക്കുറിച്ചും ജോലിയെക്കുറിച്ചും മനസ് തുറക്കുന്നു.

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിൽ അടുത്തിടെ റീലുകളിലൂടെ വൈറലായ ബാബു സ്വാമി വെറുമൊരു സ്വാമിയല്ല. ചിറ്റൂര്‍ -തത്തമംഗലം നഗരസഭയിലെ ശുചീകരണ തൊഴിലാളിയാണ് ബാബു സ്വാമി. ഒരു ഭാഗത്ത് ജോലിയും മറ്റൊരു ഭാഗത്ത് ആത്മീയതയും ഒന്നിച്ചുകൊണ്ടുപോകുന്ന കഠിനാധ്വാനിയായ ബാബു സ്വാമിയെ തിരിച്ചറിയാൻ വൈകിപ്പോയെന്നാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ കമന്‍റുകള്‍ ഏറെയും. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ നാഗ സൈരന്ധ്രിയ്ക്കൊപ്പം പൊതുവേദിയിൽ പങ്കെടുത്തതിന്‍റെ വീഡിയോയിലൂടെയാണ് ബാബു സ്വാമി വൈറലായത്. നാഗസൈരന്ധ്രി, ബാബു സ്വാമിയെക്കുറിച്ച് പറയുന്ന വീഡിയോ ട്രോളായും റീലുകളായുമൊക്കെ പാൻ ഇന്ത്യ കടന്നെങ്കിലും ബാബു സ്വാമി അതൊന്നും കാര്യമാക്കാതെ തന്‍റെ കര്‍മ്മം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലെ സ്വീപ്പര്‍ ജോലിക്കാരനാണ് ബാബു സ്വാമിയെന്ന് അടുത്തിടെയാണ് ആളുകള്‍ കൂടുതലായി അറിഞ്ഞു തുടങ്ങിയതെന്നും ഇപ്പോള്‍ എല്ലാവരും തിരിച്ചറിയുന്നതിൽ സന്തോഷമുണ്ടെന്നും അന്നത്തെ കളിയാക്കലുകള്‍ കാര്യമാക്കുന്നില്ലെന്നുമാണ് ബാബു സ്വാമിയുടെ പ്രതികരണം.

 

ബാബു സ്വാമി വൈറൽ സ്വാമിയായത്

 

ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനായി പോയപ്പോള്‍ നാഗസൈരന്ധ്രിയ്ക്കൊപ്പം വേദി പങ്കിട്ടിരുന്നുവെന്നും അവിടെ വെച്ച് അവര്‍ തന്നെക്കുറിച്ച് പറഞ്ഞ കാര്യമാണ് പിന്നീട് വൈറലായി ആളുകള്‍ ട്രോളുകളാക്കിയതെന്നുമാണ് ബാബു സ്വാമി പറയുന്നത്. നേരത്തെ നാഗ സൈരന്ധ്രിയെ തനിക്ക് പരിചയമുണ്ടായിരുന്നുവെന്നും നൃത്തത്തിൽ ഡോക്ടറേറ്റ് നേടിയ ബാബു എന്ന തന്‍റെ സുഹൃത്തുമൊത്ത് നാഗ സൈരന്ധ്രിയെ കാണാൻ പോയിരുന്നുവെന്നുമാണ് ബാബു സ്വാമി പറയുന്നത്. അവിടെ വെച്ച് അവര്‍ നൃത്തം വെച്ചപ്പോള്‍ കയ്യടിച്ച് ആനന്ദത്തിൽ പങ്കുചേരുക മാത്രമായിരുന്നവെന്നും ബാബു സ്വാമി പറയുന്നു. ഇക്കാര്യം നാഗ സൈരന്ധ്രി അവരുടേതായ ഭാഷാശൈലിയിൽ വേദിയിൽ വെച്ച് പറഞ്ഞതിനെ ആളുകള്‍ പലതരത്തിൽ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കാര്യമറിയാതെയായിരുന്നു അത്തരം പ്രചാരണമെന്നും ബാബു സ്വാമി പറയുന്നു. ബാബു സ്വാമി തന്‍റെ ക്ഷേത്രത്തിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞു തുടങ്ങുന്ന നാഗ സൈരന്ധ്രിയുടെ പ്രതികരണവും കുടെയുള്ള ബാബു സ്വാമിയുടെ നന്ദി പറച്ചിലുമൊക്കെ ചേര്‍ത്തായിരുന്നു പിന്നീട് വൈറൽ റീലുകളായി മാറിയത്. പലരും തമാശയായിട്ടാണ് വീഡിയോ ചെയ്തതെന്നും എന്നാൽ, ചിലരെങ്കിലും മോശമായി പ്രതികരിച്ചിരുന്നുവെന്നും എന്നാൽ, അതിലൊന്നും ഒരു വിഷമവും ഇല്ലെന്നുമാണ് ബാബു സ്വാമി പറയുന്നത്. ട്രോളുന്നവര്‍ അവരുടെ കലാവാസനക്കനുസരിച്ച് ഒരോന്ന് ചെയ്യുന്നു. അതിലൂടെ അവര്‍ക്ക് ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ ലഭിക്കട്ടെയെന്നുമാണ് ബാബു സ്വാമിയുടെ പക്ഷം.

 

ആരാണ് ശരിക്കും ബാബു സ്വാമി?

 

പാലക്കാട് ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ സ്വീപ്പര്‍ ജോലിക്കാരനായ കെ ബാബുവാണ് ബാബു സ്വാമിയെന്ന് അറിയപ്പെടുന്നത്. 1996 മുതൽ നഗരസഭയിലെ താത്കാലിക ശുചീകരണ തൊഴിലാളിയായ ജോലി ചെയ്തുവരുന്ന ബാബു സ്വാമി 2009ലാണ് സ്ഥിരം ജോലിക്കാരനാകുന്നത്. 53കാരനായ ചിറ്റൂര്‍ സ്വദേശിയായ ബാബു സ്വാമി കഴിഞ്ഞ 35 വര്‍ഷത്തിലധികമായി ധ്യാനവും യോഗയുമൊക്കെയായി ആത്മീയ വഴിയിലാണ് ബാബു സ്വാമി. ബാബു സ്വാമി കഴിഞ്ഞ എട്ടുവര്‍ഷമായി ഒറ്റയ്ക്കാണ് താമസം. വായനയും യോഗയും ധ്യാനവുമൊക്കെയായി മുന്നോട്ടുപോകുന്നതിനിടെയും കാലങ്ങളായുള്ള ജോലി ബാബു സ്വാമി കൈവിട്ടിട്ടില്ല. രാവിലെ മൂന്നുമണിക്ക് ഏഴുന്നേൽക്കുന്ന ബാബു സ്വാമി ധാന്യം, ജപം എന്നിവക്കുശേഷം ആറു മണിക്ക് ജോലിക്കിറങ്ങും. ഏഴു മണി മുതൽ മാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ നഗരസഭയിലേ വിവിധയിടങ്ങളിലേക്ക് പോകും. വീടുകളിൽ നിന്നും മറ്റിടങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ജോലി കഴിയും. പിന്നീടുള്ള സമയങ്ങളിലാണ് വായനും ആത്മീയ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. സിദ്ധ സമ്പ്രദായമാണ് തുടരുന്നതെന്നും ആത്മീയതക്കൊപ്പം കര്‍മ്മവും തുടരുന്നതാണ് തന്‍റെ ജീവിതമെന്നുമാണ് ബാബു സ്വാമി പറയുന്നത്.

 

'അധ്വാനിച്ചു ജീവിക്കുന്ന സ്വാമി'

 

ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലെ സ്വീപ്പര്‍ ജീവനക്കാരനാണ് വൈറൽ ബാബു സ്വാമിയെന്ന് അറിഞ്ഞതോടെ അഭിനന്ദനപ്രവാഹമാണ് ബാബു സ്വാമിക്കിപ്പോള്‍. ആരെയും ബുദ്ധിമുട്ടിക്കാതെ ശരിക്കും സാധാരണക്കാരനായി സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന സ്വാമിയെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രതികരണം. സ്വാമിയായശേഷവും ജോലി കൈവിടാതെ അതിൽ തികഞ്ഞ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന ബാബു സ്വാമിയെ ആണല്ലോ ഒന്നുമറിയാതെ നേരത്തെ ട്രോളിയതെന്ന് പറയുന്നവരുമുണ്ട്. കാക്കി യൂണിഫോമും ധരിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്ത് കര്‍മ്മ നിരതനാകുന്ന സ്വാമിയെ ഇപ്പോള്‍ കോളേജ് കുട്ടികള്‍ മുതൽ മുതിര്‍ന്നവര്‍ വരെ തിരിച്ചറിയുന്നുണ്ട്. എല്ലാവര്‍ക്കും സ്വാമിയോട് ഇഷ്ടം മാത്രം. ജോലിയെ ബാധിക്കാത്ത തരത്തിലാണ് ആത്മീയ പ്രവര്‍ത്തനമെന്നും വിമര്‍ശനങ്ങളോട് വിഷമമില്ലെന്നും താൻ തന്‍റെ കര്‍മ്മം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ബാബു സ്വാമി പറയുന്നു.

 

'അറിവിനേക്കാള്‍ വലുതായി മറ്റൊന്നുമില്ല, കര്‍മ്മം ചെയ്തുകൊണ്ടിരിക്കണം'

 

അറിവിനേക്കാള്‍ വലുതായി ഒന്നുമില്ലെന്നും ആരെയും ദ്രോഹിക്കാതെ ഒരോരുത്തരും അവരുടെ കര്‍മ്മവുമായി മുന്നോട്ടുപോകണമെന്നുമാണ് ബാബു സ്വാമിക്ക് പറയാനുള്ളത്. കുറ്റപ്പെടുത്തവരെ പഴിപറയാനാകില്ല. അവര്‍ ഒന്നിനെക്കുറിച്ചും പഠിക്കുന്നില്ല. വീഡിയോയുടെ ഒരു ചെറിയ ഭാഗം കൊണ്ടോ ചിത്രം കൊണ്ടോ വേഷവിധാനം കൊണ്ടോ ആളുകളെ വിലയിരുത്താൻ കഴിയില്ല. എന്നാൽ, ആരെങ്കിലും പറയുന്നത് കേട്ടും ഇത്തരം വീഡിയോ ഭാഗങ്ങളുമൊക്കെ കണ്ടുകൊണ്ട് ആളുകള്‍ അവരുടേതായ വിലയിരുത്തൽ നടത്തുകയാണ്. സ്വാമികള്‍ ആയാൽ അങ്ങനെയൊക്കെ ആയിരിക്കുമെന്നാണ് അവരുടെ ധാരണ. സിദ്ധ സമ്പ്രദായപ്രകാരത്തിൽ പോകുന്നതിനാല്‍ ജഡയും താടിയുമൊക്കെയായി പോകുന്നതെന്നും ബാബു സ്വാമി പറയുന്നു. എല്ലാ ജീവജാലങ്ങളെയും ഉള്‍കൊണ്ടും ബഹുമാനിച്ചുമാണ് മുന്നോട്ടുപോകുന്നത്. നൂറു നന്മ ചെയ്ത് ഒരു തെറ്റ് ചെയ്താൽ ആ തെറ്റിനെ മാത്രമേ ആളുകള്‍ കാണുകയുള്ളു. ആളുകളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ആളുകളുടെ ഉള്ളിലുള്ള കാര്യമാണ് പുറത്തുവരുക.

നമ്മുടെ കയ്യിൽ നന്മയാണുള്ളതെങ്കിൽ അതായിരിക്കും ആളുകള്‍ കാണുക. ഒരോരുത്തരുടെയും കര്‍മ്മ ഫലമായിരിക്കും. എല്ലാവരും പഠിക്കാനും അറിവ് നേടാനാണ് ശ്രമിക്കേണ്ടത്. അറിവിനേക്കാള്‍ വലുതായി മറ്റൊന്നുമില്ല. ചെറുപ്പം മുതലെയുണ്ടായ വിശ്വാസവും വായനയുമാണ് ആത്മീയ വഴിയിലേക്ക് എത്തിച്ചത്. വിളയോടി സദ്ഗുരു സിദ്ധാശ്രമത്തിലെ യോഗ മണിയാശാനാണ് ഗുരു. അദ്ദേഹത്തിലൂടെയാണ് ആത്മീയ വഴിയിലേക്ക് എത്തിയത്. മണിയാശാൻ സ്വാമിയായിട്ടും ജോലി തുടര്‍ന്നയാളാണ്. പഞ്ചസാര ഫാക്ടറിയിലെ ജോലി അദ്ദേഹം തുടര്‍ന്നിരുന്നു. കര്‍മ്മയോഗിയായിരുന്ന അദ്ദേഹത്തിന്‍റെ പാതയാണ് താനും പിന്തുടര്‍ന്നതെന്നും കര്‍മ്മം ചെയ്യുമ്പോഴാണ് ലോകത്തിനും നാടിനും വളര്‍ച്ചയുണ്ടാകുകയെന്നും അതിനാൽ തന്നെ എല്ലാവരും കര്‍മ്മം ചെയ്തുകൊണ്ടിരിക്കണമെെന്നുംബാബു സ്വാമി പറയുന്നു. ട്രോളുകളും വിവാദങ്ങളൊന്നും ബാധിക്കുന്നില്ല. എന്താണ് കാര്യമെന്ന് മനസിലാക്കി വേണം ഒരോ കാര്യത്തിലും പ്രതികരിക്കേണ്ടത്. ശരിയോ തെറ്റോ മനസിലാക്കാതെ പെട്ടെന്നാണ് പ്രതികരിക്കുന്നത്. എങ്കിലും ആരോടും വിദ്വേഷമില്ലെന്നും ബാബു സ്വാമി പറയുന്നു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം
2 കോടി രൂപ വായ്പ, ജോലിയില്ല; ഇന്ത്യൻ കുടുംബത്തിന്‍റെ യുഎസ് സ്വപ്നം കടക്കെണിയിലേക്ക്...