
പ്രണയം തകരുക എന്നാൽ എല്ലാവർക്കും വളരെയധികം വേദന തോന്നുന്ന കാര്യമാണ്. ചിലപ്പോൾ ആ വേദനയിൽ നിന്നും പുറത്ത് കടക്കാൻ ഒരുപാട് കാലവും വേണ്ടി വന്നേക്കാം. എന്തായാലും, ബ്രേക്കപ്പിന്റെ വേദനയനുഭവിക്കുന്നവർക്ക് വേണ്ടി തുടങ്ങിയ ഒരു ചാട്ട് സെന്ററാണ് ഇപ്പോൾ വാർത്തയാവുന്നത്.
എക്സ് യൂസറായ Farrago Metiquirke -യാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ബംഗളൂരുവിലാണ് ഈ വ്യത്യസ്തമായ ചാട്ട് സെന്ററുള്ളത്. 'എക്സ് ഗേൾഫ്രണ്ട് ബംഗാർപേട്ട് ചാട്ട്' എന്നാണ് ഇതിന്റെ പേര്. 'നിങ്ങളുടെ ബ്രേക്കപ്പിനെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ, ഭയക്കണ്ട' എന്നാണ് ചിത്രത്തിന്റെ കാപ്ഷനിൽ പറയുന്നത്.
വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായി. 'നിങ്ങൾ നിങ്ങളുടെ ഗേൾഫ്രണ്ടിനൊപ്പം ഒരിക്കലും കയറാൻ ആഗ്രഹിക്കാത്ത സ്ഥലം' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 'അതിന്റെ അകത്തിരിക്കുന്നയാൾ ആകെ അസ്വസ്ഥനായിരിക്കുന്നു, മുൻ കാമുകിയെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ടായിരിക്കണം' എന്നാണ് മറ്റൊരാൾ കുറിച്ചത്. 'ഇവിടെ കിട്ടുന്ന ചാട്ടുകൾക്ക് ഉപ്പുരസമായിരിക്കും' എന്നാണ് മറ്റൊരാൾ തമാശയായി കുറിച്ചത്.
എന്നാൽ, ഇത് ആദ്യമായിട്ടല്ല പ്രണയപരാജയം തീമാക്കി ഒരു ചായക്കടയോ റെസ്റ്റോറന്റോ ഒക്കെ തുറക്കുന്നത്. നേരത്തെ മധ്യപ്രദേശിലെ രാജ്ഗഡിൽ ഒരാൾ ‘M Bewafa Chaiwala’ എന്നൊരു ചായക്കട തുടങ്ങിയിരുന്നു. കാമുകി വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്നാണ് ഇങ്ങനെയൊരു ചായക്കട ഇതിന്റെ ഉടമ തുടങ്ങിയത്. ഇവിടെ ഓരോ വ്യക്തികൾക്കും വ്യത്യസ്തമായ തുകയാണ് ചായയ്ക്ക് ഈടാക്കുന്നത്.
ദമ്പതികളാണെങ്കിൽ ഒരു വില, സിംഗിളാണെങ്കിൽ മറ്റൊരു തുക എന്നതാണ് ഇതിന്റെ പ്രത്യേകത. ദമ്പതികൾക്ക് 10 രൂപയ്ക്കാണ് ഇവിടെ ചായ നൽകുന്നത്. എന്നാൽ, പ്രണയപരാജയം സംഭവിച്ച ഒരാളാണ് വരുന്നതെങ്കിൽ അതേ ചായയ്ക്ക് 5 രൂപ നൽകിയാൽ മതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം