താമസം മാറിപ്പോകുമ്പോൾ വീട്ടുമസ്ഥന്‍റെ സമ്മാനം 'വെള്ളി വള', അതും ബെംഗളൂരുവില്‍; യുവാവിന്‍റെ കുറിപ്പ് വൈറൽ ‍

Published : Jul 22, 2025, 03:32 PM IST
Bengaluru house owner gifted a silver ring to Tenant

Synopsis

വാടക വീട് മാറുമ്പോൾ ഡിപ്പോസിറ്റ് പോലും തിരികെ കൊടുക്കാത്ത ബെംഗളൂരു നഗരത്തിൽ നിന്നാണ് തനിക്ക് ഇത്തരമൊരു അനുഭവമെന്നും യുവാവ് കുറിച്ചു. 

ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കും താമസ സ്ഥലങ്ങളുടെ ഉയർന്ന വാടകയും ഒക്കെ വാർത്തകളിൽ നിരന്തരം ഇടം പിടിക്കാറുണ്ട്. എന്നാൽ, ഇപ്പോഴിതാ ഇതൊന്നുമല്ലാതെ മനോഹരമായ മറ്റൊരു വാർത്ത ബംഗളൂരുവിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഒരു വീട്ടുടമസ്ഥൻ തന്‍റെ വീട്ടിൽ നിന്നും താമസം മാറിപ്പോകുന്ന വാടകക്കാരന് സമ്മാനമായി ഒരു വെള്ളി വള സമ്മാനിച്ചതാണ് ഹൃദയസ്പർശിയായ ഈ വാർത്ത.

വാടകക്കാരനാണ് തനിക്ക് കിട്ടിയ സ്നേഹ സമ്മാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ബംഗളൂരുവിൽ ജോലിക്കായി എത്തിയ നോർത്ത് ഇന്ത്യൻ സ്വദേശിയാണ് ഈ വാടകക്കാരൻ. അദ്ദേഹത്തിന്‍റെ സമൂഹ മാധ്യമ കുറിപ്പ് ഇങ്ങനെയായിരുന്നു 'ബാംഗ്ലൂരിൽ എനിക്ക് ഒരു വീട്ടുടമസ്ഥനെ കിട്ടി, അദ്ദേഹം എനിക്ക് ഒരു വെള്ളി വള സമ്മാനമായി നൽകി. വീട്ടുടമസ്ഥർ ഡെപ്പോസിറ്റ് പോലും തിരികെ നൽകാത്ത ഒരു നഗരത്തിൽ, എന്‍റെ വീട്ടുടമസ്ഥൻ എനിക്ക് ഒരു വിട വാങ്ങൽ സമ്മാനം നൽകി, എന്‍റെ രണ്ട് വർഷത്തെ താമസത്തിനിടയിൽ എന്നെ അദ്ദേഹത്തിന്‍റെ മകനെ പോലെയാണ് പരിഗണിച്ചത്. എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം തന്‍റെ സ്കൂട്ടിയും എനിക്ക് യാത്ര ചെയ്യാൻ തരുമായിരുന്നു.'

 

 

വാടകക്കാരന്‍റെ കുറിപ്പ് വളരെ വേഗത്തിൽ വൈറലായതോടെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളാണ് പ്രതികരണങ്ങളുമായി എത്തിയത്. അപൂർവങ്ങളിൽ അപൂർവമായ സംഭവം എന്നായിരുന്നു ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. ഇത്തരത്തിലുള്ള മനുഷ്യരെ കണ്ടുമുട്ടുക തന്നെ ഭാഗ്യമാണെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം. സ്ഥലം മാറി പോകേണ്ടതായുള്ള മറ്റ് അത്യാവശ്യങ്ങളൊന്നും ഇല്ലെങ്കിൽ താങ്കൾ അവിടെത്തന്നെ താമസം തുടരണമെന്നും അഭിപ്രായപ്പെട്ടവർ നിരവധിയാണ്. വാടകയ്ക്ക് താമസിക്കാൻ എത്തുന്നവരെ ഏതൊക്കെ തരത്തിൽ ചൂഷണം ചെയ്യാമെന്ന് ചിന്തിക്കുന്ന വീട്ടുടമകൾക്കിടയിൽ ഇദ്ദേഹം ഒരു രത്നം ആണെന്നും ചിലർ അഭിപ്രായപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!