
പൊതുസ്ഥലത്ത് തോന്നുംപടി മദ്യക്കുപ്പികളും മറ്റും വലിച്ചെറിയുന്ന നിരവധി ആളുകളുണ്ട്. എന്നാൽ, ഇതുണ്ടാക്കുന്ന അപകടം എത്രത്തോളം വലുതാണ് എന്ന് പലരും ഓർക്കാറില്ല എന്നതാണ് സത്യം. അതുപോലെ, ആശങ്കപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഗോവയിലെ ഏറ്റവും ജനപ്രിയമായ ബീച്ചുകളിലൊന്നിൽ രാവിലെ നടക്കാനിറങ്ങിയ യുവാവ് കണ്ടത് തീരത്ത് ചിതറിക്കിടക്കുന്ന ചില്ലുകഷ്ണങ്ങളാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തോന്നിയതുപോലെ മാലിന്യം വലിച്ചെറിയുന്നതിനെ കുറിച്ചും പൊതുജനങ്ങളുടെ സുരക്ഷയെക്കുറിച്ചുമുള്ള ചർച്ചകൾക്കാണ് ഈ സംഭവം വഴിവച്ചിരിക്കുന്നത്. ആളുകളുടെ സിവിക് സെൻസില്ലായ്മയെ കുറിച്ച് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഗോവയിലെ മോർജിം ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രഞ്ജിത് എന്ന യുവാവാണ് എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 'ഗോവയിലെ മോർജിം ബീച്ചിൽ രാവിലെ നടക്കാനിറങ്ങിയപ്പോൾ പൊട്ടിയ ചില്ലുകുപ്പി കഷ്ണങ്ങൾ കണ്ടു. ഞങ്ങൾ 8-9 കഷ്ണങ്ങൾ അവിടെനിന്ന് പെറുക്കി മാറ്റി. ആളുകൾക്ക് എന്താണ് പറ്റിയതെന്ന് അറിയില്ല. പലതും വെള്ളത്തിനടിയിലാണ് കിടക്കുന്നത്, ഇത് കാലുകൾ മുറിയാനിടയാക്കും. എവിടെപ്പോയി ഇവരുടെ പൗരബോധം' എന്നാണ് രഞ്ജിത് കുറിച്ചിരിക്കുന്നത്.
At the Morjim beach in Goa, was walking in the morning and found several pieces of broken glass bottles on the beach, we picked up 8-9 pieces I don’t know what’s wrong with people.
Many of them just under water and it can cut the feet easily, where is civic sense! pic.twitter.com/0n7Nox00Qi— Ranjit (@geekyranjit) June 8, 2026
കമന്റ് ബോക്സിൽ ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട കുപ്പികളുടെയും മറ്റ് മാലിന്യങ്ങളുടെയും മറ്റൊരു ചിത്രവും രഞ്ജിത് പങ്കുവച്ചിട്ടുണ്ട്. 'പതിവുപോലെ ബീച്ചിലുടനീളം കുപ്പികൾ വലിച്ചെറിഞ്ഞിരിക്കുകയാണ്. എന്നാൽ ഈ ബീച്ചിൽ ശരിയായ ഒരു ഡസ്റ്റ്ബിൻ പോലും കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല' എന്നും യുവാവ് പറയുന്നു. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പൗരബോധം അഥവാ സിവിക് സെൻസ് സ്കൂൾതലം തൊട്ടുതന്നെ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് എന്നാണ് ചിലർ പോസ്റ്റിന് കമന്റ് നൽകിയത്. കുപ്പികളടക്കം വലിച്ചെറിയുന്നത് ഉണ്ടാക്കിയേക്കാവുന്ന അപകങ്ങളെ കുറിച്ചാണ് മറ്റ് ചിലർ സൂചിപ്പിച്ചത്.