ഐഐടി പരീക്ഷയിൽ തെറ്റായ ഉത്തരങ്ങളെഴുതി മനഃപൂർവം തോറ്റ് യുവാവ്; കാരണം വിശദീകരിച്ച് പോസ്റ്റ്, വൈറൽ

Published : Jul 15, 2026, 02:06 PM IST
Rishabh Bhaiya

Synopsis

ലക്ഷങ്ങളുടെ കോർപ്പറേറ്റ് ഭാവിയും ഐഐടി പ്രവേശനവും വേണ്ടെന്ന് വെച്ച്, പരീക്ഷ മനഃപൂർവം തോറ്റ ഋഷഭ് ഖനേജ എന്ന യുവാവിന്‍റെ കഥയാണിത്. സാമൂഹികസേവനത്തിനും യാത്രകൾക്കും ശേഷം ഇന്ന് ഹിമാചലിലെ ബീർ ഗ്രാമത്തിൽ ഒരു കലാകാരനായി അദ്ദേഹം സന്തോഷത്തോടെ ജീവിക്കുന്നു.

ശലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന, സ്വപ്നതുല്യമായ ഐഐടി പ്രവേശന പരീക്ഷ മനഃപൂർവം തോറ്റ ഒരു യുവാവിന്‍റെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. കുടുംബത്തിന്‍റെ വലിയ പ്രതീക്ഷകളും ലക്ഷക്കണക്കിന് രൂപ ശമ്പളമുള്ള കോർപ്പറേറ്റ് ഭാവിയും വേണ്ടെന്ന് വെച്ച്, പരീക്ഷാ ഹാളിലിരുന്ന് ബോധപൂർവം തെറ്റായ ഉത്തരങ്ങൾ അടയാളപ്പെടുത്തിയ ഋഷഭ് ഖനേജ എന്ന യുവാവാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. 'ഹ്യൂമൻസ് ഓഫ് ബോംബെ'യിലൂടെയാണ് ഋഷഭ് തന്‍റെ ഈ അസാധാരണമായ ജീവിതയാത്ര പങ്കുവെച്ചത്.

'പതിവ് പാത, പക്ഷേ തന്‍റെതല്ലാത്ത ജീവിതം'

കുടുംബത്തിലെ മൂത്ത മകനായത് കൊണ്ടുതന്നെ സ്കൂളിൽ സയൻസ്, പിന്നീട് എൻജിനീയറിങ്, അതിനുശേഷം എംബിഎ, ഒടുവിൽ, ഒരു കോർപ്പറേറ്റ് ജോലി എന്നതായിരുന്നു മറ്റുള്ളവർ അദ്ദേഹത്തിനായി നിശ്ചയിച്ച പാത. എന്നാൽ, ഈ വഴിയിലൂടെ പോയ പലരിലും സന്തോഷം കണ്ടെത്താൻ കഴിയാതിരുന്നതാണ് ഋഷഭിലെ മാറിചിന്തിക്കലിന് കാരണമായത്. തന്‍റെതല്ലെന്ന് തോന്നുന്ന ഒരു ജിവിതം ജീവിക്കേണ്ടി വരുമോ എന്ന ഭയമായിരുന്നു ഋഷഭിനെ അലട്ടിയത്. ഈ ഭയത്തിൽ നിന്നാണ് പരീക്ഷാ ഹാളിൽ വെച്ച് ഉത്തരങ്ങൾ മനഃപൂർവം തെറ്റിച്ച് എഴുതാൻ അദ്ദേഹം തീരുമാനിച്ചത്. തുടർന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മിതിബായ് കോളേജിൽ ആർട്സിൽ അദ്ദേഹം പഠനത്തിന് ചേർന്നു. പഠനത്തിന് ശേഷം 'ടീച്ച് ഫോർ ഇന്ത്യ'യുടെ ഭാഗമായി മൻഖുർദിലെ ചേരി പ്രദേശങ്ങളിലെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയതാണ് ഋഷഭിന്‍റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചത്.

 

 

'പുതിയ പാത, പുതു ജീവിതം'

പിന്നീട് ഒരു കോർപ്പറേറ്റ് ജോലിയിൽ പ്രവേശിച്ചെങ്കിലും, അവിടെ അനുഭവിച്ച ശൂന്യത മൂലം ആ ജോലി രാജിവെക്കുകയും മൂന്ന് മാസത്തെ ബൈക്ക് യാത്രയ്ക്ക് പുറപ്പെടുകയും ചെയ്തു. ഇന്ന് ഹിമാചൽ പ്രദേശിലെ 'ബീർ' എന്ന മനോഹര ഗ്രാമത്തിൽ ഒരു എഴുത്തുകാരനായും ഫോട്ടോഗ്രാഫറായും കലാകാരനായും സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഋഷഭ്. സ്വന്തം ആഗ്രഹങ്ങൾക്ക് മുൻഗണന നൽകി വ്യത്യസ്തമായ പാത വെട്ടിത്തുറന്ന ഋഷഭ് ഖനേജയ്ക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

 

PREV
Read more Articles on
click me!

Recommended Stories

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ഒരു ലക്ഷം പിഴ, ആ പണം കൊണ്ട് മദ്യപാർട്ടി നടത്തി പഞ്ചായത്ത്, പിന്നാലെ വിവാദം
യജമാനന്‍റെ മരണത്തിന് പിന്നാലെ വിശ്വസ്തനായ വളർത്തുനായയും ചത്തു; ഇവർക്കും ഒരുമിച്ച് വിലാപയാത്ര