
കഴിഞ്ഞ ദിവസമാണ് 'ബെംഗളൂരുവില്‍ എത്തുന്നവര്‍ യാചിക്കാന്‍ വരുന്നതാണെന്നും അവര്‍ കന്നട പഠിക്കണമെന്നും' ഒരു ഓട്ടോ റിക്ഷയുടെ പുറകില്‍ എഴുതിയ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇതിന് പിന്നാലെ ഭാഷാ പ്രേമത്തെ കുറിച്ചും അതിന്‍റെ അപകടങ്ങളെ കുറിച്ചും സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, Mandar Natekar എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച ഒരു ചിത്രം ബെംഗളൂരുവിലെ ഓട്ടോക്കാര്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നതിനെ കുറിച്ചായിരുന്നു. ഇതിന് പിന്നാലെ മുംബൈ സ്വദേശികളായ നെറ്റിസണ്‍ രംഗത്തെത്തി. ഇതോടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ അമിത പണം ഈടാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്.
മുംബൈ ആസ്ഥാനമായുള്ള ന്യൂറൽ ഗാരേജിന്‍റെ സഹസ്ഥാപകനും സിഇഒയുമായ മന്ദർ നടേക്കർ ഒരു ഓട്ടോ റിക്ഷയുടെ ഉള്ളില്‍ നിന്നുള്ള മീറ്ററിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി,' ഈ ഫോട്ടോയിൽ നിങ്ങൾ ബെംഗളൂരുവിലെ അലങ്കാരവസ്തുക്കൾ കാണും. വലിയ ഓട്ടോ മീറ്റർ. എന്നാലത് ഒരിക്കലും ഉപയോഗിക്കപ്പെടാത്തത്രയും ചെലവേറിയതാണ്. 500 മീറ്റർ സവാരിക്ക് ഞാൻ 100 രൂപ നൽകി. മറ്റൊരു കാഴ്ചയില്‍ മുംബൈയിൽ ഏകദേശം 9 കിലോ മീറ്ററിനുള്ള മീറ്റർ നിരക്ക് 100 രൂപയാണ്.' ബെംഗളൂരുവില്‍ 500 മീറ്റര്‍ സഞ്ചരിക്കാന്‍ 100 രൂപ. അതേ സമയം മുംബൈയില്‍ 9 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 100 രൂപ എന്ന താരതമ്യമാണ് മുംബൈക്കാരെയും ബെംഗളൂരുകാരെയും ഈ ട്വിറ്റിന് താഴെ എത്തിച്ചത്.
കുറിപ്പ് വൈറലായതോടെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം കുറിക്കാനെത്തി. ഇതിനിടെ ടിവിഎഫ് പ്രസിഡന്‍റ് വിജയ് കോശി ചെന്നൈയിലെ കുപ്രസിദ്ധമായ ഓട്ടോ യാത്രകളെ കുറിച്ച് എഴുതി. ഇതിന് പിന്നാലെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ ഈടാക്കുന്ന അമിത പണത്തെ കുറിച്ചുള്ള നിരവധി കുറിപ്പുകള്‍ രേഖപ്പെടുത്തപ്പെട്ടു. തുടര്‍ന്ന്, 'ഇത് പരിഹാസ്യമാണ്, ചുരുക്കി പറഞ്ഞാൽ, ഈ ഹൈവേ കവർച്ച നിയമാനുസൃതമല്ലെന്ന് തോന്നുന്നു. ആരും പരിഗണിക്കുന്നില്ല.' എന്ന് നടേക്കർ എഴുതി. ഓട്ടോ റിക്ഷാക്കാര്‍ മീറ്ററുകള്‍ ഉപയോഗിക്കാതെ യാത്രയ്ക്ക് അമിത പണം ഈടാക്കുന്നതിനെതിരെയായിരുന്നു മിക്ക ആളുകളും എഴുതിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക