പണം, കാമുകി, കാറ്... ബുദ്ധപ്രതിമയ്ക്ക് മുൻപിൽ ആഗ്രഹങ്ങളുടെ ലിസ്റ്റ് നിരത്തി ചൈനക്കാരൻ

Published : May 06, 2023, 07:55 AM IST
പണം, കാമുകി, കാറ്... ബുദ്ധപ്രതിമയ്ക്ക് മുൻപിൽ ആഗ്രഹങ്ങളുടെ ലിസ്റ്റ് നിരത്തി ചൈനക്കാരൻ

Synopsis

താനിപ്പോൾ ഭാഗ്യം തേടിയുള്ള യാത്രയിൽ ആണെന്നും അതുകൊണ്ടാണ് ചൈനയുടെ കിഴക്കൻ ഷെജിയാങ് പ്രവിശ്യയിൽ നിന്ന് തെക്കുപടിഞ്ഞാറൻ സിചുവാൻ വരെ 12 മണിക്കൂർ യാത്ര ചെയ്ത് ബുദ്ധനെ തന്റെ ആഗ്രഹങ്ങൾ അറിയിക്കാൻ എത്തിയത് എന്നാണ് ഇയാൾ ചൈനീസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്.

സ്വപ്നങ്ങളും ആഗ്രഹങ്ങളും  ഇഷ്ടദൈവങ്ങളോട് പറയുന്നതും അവയെല്ലാം സാധിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നതും സാധാരണമാണ്. എന്നാൽ, ഒരുപക്ഷേ ചൈനക്കാരനായ ഈ മനുഷ്യൻ ചെയ്തത് പോലെ ആരും ദൈവത്തിനു മുൻപിൽ തങ്ങളുടെ ആഗ്രഹങ്ങൾ പറഞ്ഞിട്ടുണ്ടാകില്ല. 

തൻറെ വീട്ടിൽനിന്ന് 2000 കിലോമീറ്ററുകൾ യാത്ര ചെയ്താണ് ഇയാൾ ആഗ്രഹങ്ങൾ ബുദ്ധനോട് പറഞ്ഞ് സാധിച്ചെടുക്കാൻ എത്തിയത്. അതുകൊണ്ടുതന്നെ താൻ പറയുന്ന എല്ലാ കാര്യങ്ങളും ബുദ്ധൻ കേൾക്കണമെന്ന് ഇയാൾക്ക് നിർബന്ധമുണ്ടായിരുന്നു. അതിന് സാധിക്കത്തക്ക വിധത്തിലുള്ള ഒരു ഭീമൻ സ്പീക്കർ എയർപോഡുമായാണ് ഇയാൾ ബുദ്ധ പ്രതിമയ്ക്ക് മുൻപിൽ എത്തിയത്. എയർപോഡ് ബുദ്ധപ്രതിമയുടെ ചെവിയിൽ സ്ഥാപിച്ചതിനുശേഷമാണ് ഷാങ്ങ് എന്ന ഈ യുവാവ് തന്റെ ആഗ്രഹങ്ങളുടെ വലിയ ലിസ്റ്റ് വായിച്ചത്. 

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ആയ ഡൂയിനിലാണ് ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്. ഏപ്രിൽ 25 -ന് പോസ്റ്റ് ചെയ്ത ഈ വീഡിയോയിൽ ഒരു വലിയ ബുദ്ധപ്രതിമയുടെ ചെവിയിൽ ഒരു എയർപോഡ് വെച്ചതിനുശേഷം താഴെ നിന്ന് തന്റെ ആഗ്രഹങ്ങളുടെ ലിസ്റ്റ് സ്പീക്കറിലൂടെ വായിക്കുന്ന മനുഷ്യൻറെ ദൃശ്യങ്ങളാണ് ഉള്ളത്. 71 മീറ്റർ ഉയരമുള്ള ലെഷൻ ജയന്റ് ബുദ്ധന്റെ പ്രതിമയ്ക്ക് മുൻപിൽ ആയിരുന്നു ഇത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ യാചനയുമായി ഇയാൾ എത്തിയത്. പ്രതിമയ്ക്ക് വലുപ്പം കൂടുതലായതുകൊണ്ടുതന്നെ താൻ പറയുന്നത് കേൾക്കാതെ പോകാതിരിക്കാനാണ് ഇത്തരത്തിൽ ഒരു വിദ്യ പ്രയോഗിച്ചത് എന്ന് ഷാങ്ങ് പറഞ്ഞതായാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രതിമയ്ക്ക് മുൻപിൽ നിന്നുള്ള ഷാങ്ങിന്റെ പ്രാർത്ഥന ഇങ്ങനെയായിരുന്നു: "നിനക്കറിയുമോ ബുദ്ധാ, എനിക്ക് 27 വയസ്സായി, എനിക്ക് കാറോ വീടോ കാമുകിയോ ഇല്ല. എനിക്ക് സമ്പന്നനാകാൻ ആഗ്രഹമുണ്ട്. പക്ഷേ അധികം പണം ഒന്നും വേണ്ട 10 ദശലക്ഷം യുവാൻ (11.81 കോടി രൂപ) മതി. ഏറ്റവും പ്രധാനമായി നൽകേണ്ടത് പണമല്ല എന്നെ സ്നേഹിക്കുന്ന അല്പം സുന്ദരിയായ ഒരു കാമുകിയെയാണ്" ഇങ്ങനെ നീളുന്നതായിരുന്നു ഇയാളുടെ പ്രാർത്ഥന.

താനിപ്പോൾ ഭാഗ്യം തേടിയുള്ള യാത്രയിൽ ആണെന്നും അതുകൊണ്ടാണ് ചൈനയുടെ കിഴക്കൻ ഷെജിയാങ് പ്രവിശ്യയിൽ നിന്ന് തെക്കുപടിഞ്ഞാറൻ സിചുവാൻ വരെ 12 മണിക്കൂർ യാത്ര ചെയ്ത് ബുദ്ധനെ തന്റെ ആഗ്രഹങ്ങൾ അറിയിക്കാൻ എത്തിയത് എന്നാണ് ഇയാൾ ചൈനീസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. ഓൺലൈനായി ആണ് താൻ ബുദ്ധന് വേണ്ടി സ്പീക്കർ എയർപോഡ് വാങ്ങിയതെന്നും ഇയാൾ പറഞ്ഞു. ഏതായാലും ഇയാളുടെ വേറിട്ട പ്രാർത്ഥനാ രീതി ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ  തരംഗമായിട്ടുണ്ട്.

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ