
അമേരിക്കയിലെ വിർജീനിയയിൽ കഴിഞ്ഞ വർഷം ഒരു മദ്യശാലയിൽ കയറി മദ്യം കുടിച്ച് ബോധംകെട്ട റാക്കൂൺ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. സംഭവം വൈറലായതോടെ, 'ഹാനോവർ കൗണ്ടി അനിമൽ കൺട്രോൾ' എന്ന മൃഗസംരക്ഷണ കേന്ദ്രത്തിനായി 'ട്രാഷ്ഡ് പാണ്ട' എന്ന പേരിൽ ഒരു ധനസമാഹരണം തുടങ്ങി. ഈ ക്യാംപെയ്നിലൂടെ 2.34 കോടി രൂപയാണ് സഹായമായി ലഭിച്ചത്. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ പുതിയ ഉപകരണങ്ങൾ വാങ്ങാനും, മൃഗങ്ങളുടെ സംരക്ഷണത്തിനുമായി ഈ പണം ഉപയോഗിക്കും.
മൃഗസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർക്കായി ബോഡി ക്യാമറകൾ വാങ്ങുന്നതിനുള്ള ചെലവിന്റെ പകുതി ഈ തുക ഉപയോഗിച്ച് കണ്ടെത്താനാകുമെന്ന് ഹാനോവർ കൗണ്ടി ചീഫ് ഓഫ് അനിമൽ പ്രൊട്ടക്ഷൻ ജെഫ്രി പാർക്കർ വ്യക്തമാക്കി. കൂടാതെ, മൃഗങ്ങൾക്കായുള്ള പുതിയ താമസസൗകര്യങ്ങൾ ഒരുക്കുക, കളിപ്പാട്ടങ്ങൾ വാങ്ങുക, ഭക്ഷ്യസംഭരണ കേന്ദ്രം സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾക്കും പണം വിനിയോഗിക്കും.
കഴിഞ്ഞ വർഷത്തെ ബ്ലാക്ക് ഫ്രൈഡേ ദിനത്തിലായിരുന്നു സംഭവം. മദ്യശാലയ്ക്കുള്ളിൽ കയറിയ റാക്കൂൺ പെട്ടികളും സാധനങ്ങളും മറിച്ചിടുകയും ഏകദേശം 20,000 രൂപ വിലവരുന്ന 14 മദ്യക്കുപ്പികൾ തകർക്കുകയും ചെയ്തു. മദ്യം വയറ്റിലായതോടെ ബോധംകെട്ട റാക്കൂണിനെ കടയിലെ ജീവനക്കാരനാണ് കണ്ടെത്തിയത്.
ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് റാക്കൂൺ കടയ്ക്കുള്ളിൽ മദ്യക്കുപ്പികൾ തകർക്കുകയും സാധനങ്ങൾ അലങ്കോലപ്പെടുത്തുകയും ചെയ്തതായാണ് ഹാനോവർ കൗണ്ടി അനിമൽ പ്രൊട്ടക്ഷൻ ആൻഡ് ഷെൽട്ടർ വ്യക്തമാക്കുന്നത്. അധികൃതർ പങ്കുവെച്ച വൈറൽ ചിത്രങ്ങളിലൊന്നിൽ ചവറ്റുകുട്ടയ്ക്കും ശുചിമുറിക്കും സമീപം ഉറങ്ങുന്ന റാക്കൂണിനെ കാണാം. മറ്റൊരു ചിത്രത്തിൽ മദ്യക്കുപ്പികൾ തകർന്ന് ചിതറിക്കിടക്കുന്ന കടയുടെ ഇടനാഴിയും കാണാം. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിന്റെ അസാധാരണത്വം ചൂണ്ടിക്കാട്ടി നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ ഈ വിവാദ റാക്കൂൺ ഇപ്പോൾ എവിടെയാണെന്ന കാര്യം വെളിപ്പെടുത്താൻ അധികൃതർ തയ്യാറായില്ല.