ശുചീകരണ ജോലികൾക്കപ്പുറം വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ, ഉച്ചഭക്ഷണത്തിനുള്ള പണം എന്നിവയൊക്കെ നൽകുകയും ഹോംവർക്ക് ചെയ്യാൻ സഹായിക്കുകയും പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികളെ ആശ്വസിപ്പിക്കുകയും ചെയ്തും അവർ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട 'സ്കൂൾ ഹെൽപ്പർ' ആയി മാറി.

ഏകദേശം 40 വർഷത്തോളം സ്കൂളിൽ ജോലി ചെയ്ത ശുചീകരണത്തൊഴിലാളിക്ക് ആരും കയ്യടിച്ച് പോകുന്ന ആദരവ് നൽകിയിരിക്കയാണ് ഈ വിദ്യാലയം. 39 വർഷത്തോളം ശുചീകരണ തൊഴിലാളിയായി സേവനമനുഷ്ഠിച്ച മെർലിൻ ഹാംപ്ടൺ എന്ന വനിതയോടുള്ള ആദരസൂചകമായി പ്രദേശത്തെ പുതിയ എലിമെന്ററി സ്കൂളിന് അവരുടെ പേരിടാൻ തീരുമാനിക്കുകയായിരുന്നു. അമേരിക്കയിലെ ടെക്സസിലുള്ള ഓബ്രി ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റിലാണ് മെർലിൻ ജോലി ചെയ്തിരുന്നത്.

1983 -ൽ തന്റെ 33 -ാം വയസ്സിലാണ് മെർലിൻ ഈ സ്കൂൾ ഡിസ്ട്രിക്റ്റിൽ ജോലിയിൽ പ്രവേശിക്കുന്നത്. ലൈബ്രറിയിൽ ജോലി അന്വേഷിച്ചാണ് ചെന്നതെങ്കിലും ഒഴിവില്ലാത്തതിനെ തുടർന്ന് ശുചീകരണ തൊഴിലാളിയാവുകയായിരുന്നു. അന്ന് 600-ഓളം വിദ്യാർത്ഥികളും ഒരു കെട്ടിടവും മാത്രമാണ് അവിടെയുണ്ടായിരുന്നത്. 2022-ൽ വിരമിക്കുന്നതുവരെ ലീഡ് കസ്റ്റോഡിയനായി ഉയർന്ന് ഒന്നിലധികം കാമ്പസുകളുടെ ചുമതല അവർ വഹിച്ചു.

ശുചീകരണ ജോലികൾക്കപ്പുറം വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ, ഉച്ചഭക്ഷണത്തിനുള്ള പണം എന്നിവയൊക്കെ നൽകുകയും ഹോംവർക്ക് ചെയ്യാൻ സഹായിക്കുകയും പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികളെ ആശ്വസിപ്പിക്കുകയും ചെയ്തും അവർ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട 'സ്കൂൾ ഹെൽപ്പർ' ആയി മാറി. സ്വന്തം ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുള്ള മെർലിൻ, തന്റെ പക്കൽ ആവശ്യത്തിന് പഠന സാമഗ്രികൾ സൂക്ഷിക്കുകയും ആവശ്യക്കാരായ കുട്ടികൾക്ക് നൽകുകയും ചെയ്തിരുന്നു. കൂടാതെ കുട്ടികളുടെ കലാ-കായിക പ്രവർത്തനങ്ങളിലും അവർ സജീവ പങ്കാളിയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന സ്കൂൾ ബോർഡ് യോഗത്തിൽ സർപ്രൈസായാണ് സൂപ്രണ്ട് ഷാനൻ സെയ്‌ലർ മെർലിന്റെ പേരുള്ള റെഡ് കാർപെറ്റ് നിവർക്കാൻ അവരോട് ആവശ്യപ്പെട്ടതും ഈ തീരുമാനം അറിയിച്ചതും. വാർത്തയറിഞ്ഞ് മെർലിൻ സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞു. "ജാനിറ്റർമാരുടെ പേരിൽ സാധാരണ സ്കൂളുകൾ ഉണ്ടാകാറില്ല, അങ്ങനെയുള്ള ആളുകളെ പലരും ശ്രദ്ധിക്കാറുമില്ല" എന്ന് അവർ പ്രതികരിച്ചു.

സ്കൂൾ ബോർഡ് ഏകകണ്ഠമായിട്ടാണ് ഈ തീരുമാനമെടുത്തത്. 'മെർലിൻ ഹാംപ്ടൺ എലിമെന്ററി സ്കൂൾ' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ വിദ്യാലയം 2027 ഓഗസ്റ്റിൽ പ്രവർത്തനമാരംഭിക്കും. നന്മയും പരസ്പര സഹായമനസ്ഥിതിയുമാണ് കുട്ടികളെ ജീവിതത്തിൽ എപ്പോഴും നയിക്കേണ്ടതെന്നും, ഈ സ്കൂളിൽ പഠിക്കുന്ന എല്ലാവർക്കും ആവശ്യത്തിന് പഠന സാമഗ്രികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നതായും മെർലിൻ ഹാംപ്ടൺ പറഞ്ഞു.

YouTube video player