
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്‍റെ 'ഗ്രേറ്റ് അമേരിക്ക എഗൈൻ' പദ്ധതിയുടെ ഭാഗമായി ഇന്ത്യക്കാർ അടക്കമുള്ള കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിന് വേണ്ടി പല പുതിയ നിയമങ്ങളുമാണ് കൊണ്ട് വരുന്നത്. നിന്നനില്‍പ്പിൽ കൃത്യമായി വിവരങ്ങളില്ലാതെ പ്രഖ്യാപിക്കപ്പെടുന്ന വിസ നിയമങ്ങൾ പലപ്പോഴും കുടിയേറ്റക്കാരെ അസ്വസ്ഥരാക്കുന്നു. ഏറ്റവും ഒടുവിലായി ട്രംപ്, എച്ച്-1ബി വിസ ഫീസ് 1,00,000 ഡോളറിലേക്ക് ഉയർത്തിയതിന് പിന്നാലെ വലിയ ആശങ്കയാണ് യുഎസില്‍ ഉണ്ടായിരിക്കുന്നത്. പ്രത്യകിച്ചും നവരാത്രി, ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്കായി ഇന്ത്യയിലേക്ക് വരാനിരിക്കുന്ന സമയത്ത് പുറത്ത് വന്ന പുതിയ നിയമം പല ഇന്ത്യക്കാരെയും ആശങ്കയിലാക്കി.
പുതിയതും നിലവിലുള്ളതുമായ എച്ച്1ബി വിസ ഉടമകളെ പോലും ബാധിക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത് എന്നതാണ് യാത്രക്കാരെ അസ്വസ്ഥരാക്കിയത്. പുതിയ വിസയ്ക്ക് ഒരു ലക്ഷം ഡോളറാണ് നല്‍കേണ്ടത്. എല്ലാ H-1B വിസ ഉടമകൾക്കും വാർഷിക ഫീസ് 1,00,000 ഡോളർ നിർബന്ധമാക്കുന്നതാണ് കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് ഒപ്പ് വച്ച പുതിയ നിയമം. H-1B വിസ ഉടമകളിൽ 70% ത്തിലധികവും ഇന്ത്യക്കാരായതിനാൽ യുഎസിലെ ഇന്ത്യക്കാർക്ക് ഈ വാർത്ത വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ട്രംപ് ഭരണകൂടം ചുമത്തിയ 1,00,000 യുഎസ് ഡോളർ ഫീസ് അടച്ചില്ലെങ്കിൽ സെപ്റ്റംബർ 21 മുതൽ H-1B വിസ ഉടമകൾക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകൾ. ഇതാണ് വിമാന യാത്രക്കാരെ അസ്വസ്ഥരാക്കിയത്.
സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിലെ എമിറേറ്റ്‌സ് എയർലൈനില്‍ നവരാത്രി, ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങാനിരുന്ന യാത്രക്കാരായിരുന്നു കൂടുതലായും ഉണ്ടായിരുന്നത്. ട്രംപിന്‍റെ പുതിയ വിസ നിയമം വന്നതിന് പിന്നാലെ യാത്രക്കാർ അസ്വസ്ഥരാകുന്ന വീഡിയോ മസൂദ് റാണ, തന്‍റെ ഇൻസ്റ്റാഗ്രാം ഹാന്‍റിലില്‍ പങ്കുവച്ചു. പുതിയ പ്രഖ്യാപനത്തിന് പിന്നാലെ നാട്ടിലേക്ക് പോയാല്‍ തിരിച്ച് യുഎസില്‍ പ്രവേശിക്കാന്‍ കഴിയാതെ വരുമോയെന്ന ആശങ്കയിലായിരുന്നു പലരും. അവധിക്ക് നാട്ടിലേക്ക് പോയാൽ തിരിച്ച് വരുമ്പോൾ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പോകേണ്ടി വരുമോ എന്ന ഭയം പലരിലുമുണ്ടായിരുന്നു.
യാത്രക്കാര്‍ പലരും സീറ്റിൽ നിന്നും എഴുന്നേറ്റ് ഫോണ്‍ ചെയ്യുകയും പലരും അസ്വസ്ഥരായി നടക്കുന്നതും കാണാം. മറ്റൊരു വീഡിയോയിൽ ചിലര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാനായി പോകുന്നതും കാണാം. വാർത്ത വന്നതിന് പിന്നാലെ ബോർഡിംഗ് കഴിഞ്ഞ വിമാനത്തില്‍ നിന്നും ഇറങ്ങണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും ആരെയും ഇറക്കി വിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. യാത്രക്കാര്‍ പരിഭ്രാന്തരായതോടെ വിമാനം മൂന്ന് മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. യാത്രക്കാരോട് ശാന്തരാകാൻ അഭ്യർത്ഥിച്ച് കൊണ്ട് ഒരു വിമാന അറിയിപ്പ് കേൾക്കാം. എന്നാല്‍, യാത്രക്കാരാരും തന്നെ ആ പ്രഖ്യാപനം ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല. ഇതിനിടെയില്‍ ഇന്ത്യയിലേക്കുള്ള യുഎസ് വിമാന ടിക്കറ്റുകൾ കുത്തനെ ഉയർന്നു. 4,500 ഡോളാണ് (ഏതാണ്ട് നാല് ലക്ഷം രൂപ) ഇപ്പോൾ ടിക്കറ്റ് നിരക്കെന്നും ചിലര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു.