
ആനക്കുട്ടികളുടെ കളികൾ കാഴ്ചക്കാരുടെ മനംകവരുന്നവയാണ്. വലിയ ശരീരം കൊണ്ട് അവ കാണിക്കുന്ന കുസൃതികൾക്ക് ഒരു പ്രത്യേക ചന്തം തന്നെയുണ്ട്. രാജമന്നൈ മെമ്മറീസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട മന്നാർകുടി രാജഗോപാല സ്വാമി ക്ഷേത്രത്തിലെ ആനക്കുട്ടിയാണ് താരം. ആനക്കുട്ടിയുടെ കുളിക്കിടെയുണ്ടായ ഒരു സംഭവമാണ് വീഡിയോയ്ക്ക് ആധാരം.
പൈപ്പില്‍ നിന്നും ചീറ്റിത്തെറിക്കുന്ന വെള്ളം ആകാശത്ത് ഒരു കൃത്രിമ മഴ പെയ്യിക്കുന്നത് പോലെ ആനയുടെ മുകളിലേക്ക് വീഴുന്നു. വെള്ളം ശരീരത്തിലേക്ക് വീഴുന്നതോടെ തന്‍റെ തുമ്പിക്കൈ ഉയര്‍ത്തി അവന്‍ സന്തോഷം പ്രകടിപ്പിക്കുന്നു. കട്ടിയുള്ള തൊലിയുള്ളതിനാല്‍ ആനകളുടെ ശരീരത്തില്‍ ചൂട് കൂടുതലായിരിക്കും. അതിനാല്‍ തന്നെ ഇടയ്ക്കിടയ്ക്ക് വെള്ളത്തിലിറങ്ങുന്നതോ തുമ്പിക്കൈയില്‍ വെള്ളമെടുത്ത് ശരീരത്തിലേക്ക് ചീറ്റിക്കുന്നതിലോ അവയ്ക്ക് പ്രത്യേക താത്പര്യമുണ്ട്. അത്തരമൊരു സന്തോഷത്തിന്‍റെ വേളയില്‍ പക്ഷേ, പേടിപ്പിക്കുന്നത് സംഭവിച്ചാല്‍. അതെ, വെള്ളം കണ്ട സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് ഒരു ചെറിയ തവള ചാടിച്ചാടി ആനക്കുട്ടിക്ക് അടുത്തെത്തിയത്. ഉടനെ സ്വന്തം ശരീരം ചുരുക്കി ചുരുണ്ട് കൂടുന്ന ആനക്കുട്ടിയെയാണ് പിന്നെ കാണാൻ കഴിയുക.
ചാടി ചാടിയെത്തിയ തവള കാലിന് അടുത്തെത്തിയപ്പോൾ അതിന് അപകടം പറ്റാതിരിക്കാനായി തന്‍റെ കാല് മുന്നോട്ടാക്കാനും ആനക്കുട്ടി മറന്നില്ല. ഒടുവില്‍ തവള തന്‍റെ അടുത്ത് നിന്നും ചാടിപ്പോയെന്ന് തീര്‍ച്ചപ്പെടുത്തിയ ശേഷമാണ് ആനക്കുട്ടി വീണ്ടും വെള്ളത്തിന് നേരെ തന്‍റെ തുമ്പിക്കൈ ഉയര്‍ത്തുന്നത്. വീഡിയോ വൈറലായറിന് പിന്നാലെ ആനക്കുട്ടി ഭയം കൊണ്ടല്ല പിന്മാറിയതെന്നും മറിച്ച് അവയുടെ സഹജീവികളോടുള്ള കരുണയുടെ ഭാഗമാണതെന്നും ചിലരെഴുതി. തന്‍റെ കാലിന് ഇടയില്‍പ്പെട്ട് തവള മരിച്ച് പോകാതിരിക്കാനുള്ള ആനയുടെ കരുതലാണതെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടു.