
പൂനെയിൽ കുട്ടിയെ കയ്യിലെടുത്ത് തീക്കുപ്പികളുമായി അഭ്യാസ പ്രകടനം നടത്തിയ യുവതിക്കെതിരെ രൂക്ഷ വിമർശനം. പൂനെ ആസ്ഥാനമായുള്ള ബാർട്ടെൻഡറായ കവിത മേധാർ എന്ന യുവതിയാണ്, ഒരു കയ്യിൽ തീകുപ്പികളും മറുകയ്യിൽ പിഞ്ചുകുഞ്ഞിനെയും എടുത്ത് പിടിച്ച് കൊണ്ട് അഭ്യാസ പ്രകടനം നടത്തിയത്. സംഭവത്തിന്‍റെ വീഡിയോ വൈറലായതിനെ തുടർന്ന് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. നവരാത്രി ആഘോഷത്തിനിടെ മേധാർ തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയിൽ, അവർ പരമ്പരാഗത വേഷത്തിൽ ഒരു കയ്യിൽ കുഞ്ഞിനെ പിടിച്ച് മറ്റേ കൈകൊണ്ട് ഫ്ലെയർ ബാർട്ടെൻഡിംഗ് (flair bartending) വിദ്യകൾ അവതരിപ്പിക്കുകയായിരുന്നു.
ചില സമൂഹ മാധ്യമ ഉപയോക്താക്കൾ അവരുടെ കഴിവിനെയും ധൈര്യത്തെയും പ്രശംസിച്ചപ്പോൾ, തീ ഉപയോഗിച്ചുള്ള പ്രകടനത്തിൽ കുഞ്ഞിനെ ഉൾപ്പെടുത്തിയത് അപകടകരമാണന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. 'അവരുടെ കഴിവ് ഞാൻ ഇഷ്ടപ്പെടുന്നു. പക്ഷേ, കുട്ടിയുടെ ജീവൻ അപകടത്തിലാക്കുന്നത് അതിര് കടന്നതാണെന്നാണ് ഒരാൾ കുറിച്ചത് മറ്റൊരു അഭിപ്രായം ഇങ്ങനെയായിരുന്നു ‘ഈ കഴിവിനെ ഞാൻ സല്യൂട്ട് ചെയ്യുന്നു, പക്ഷേ, കുട്ടിയെ ഇതിന്‍റെ ഭാഗമാകാൻ പാടില്ലായിരുന്നു. എന്തെങ്കിലും അപകടം സംഭവിച്ചാൽ, ദുഃഖിച്ചിട്ട് കാര്യമില്ല.’
കർണാടകയിലെ ഹുബ്ലിയിൽ നിന്നുള്ള കവിത മേധാറിനെ, ബന്ധുവായ രാജ് മേധാറാണ് ഫ്ലെയർ ബാർട്ടെൻഡിംഗ് പരിചയപ്പെടുത്തിയത്. തുടർന്ന് പൂനെയിലെ ഫ്ലെയർ മാനിയ ബാർട്ടെൻഡിംഗ് അക്കാദമിയിൽ നിന്നും പരിശീലനം നേടി. ദിവസവും 8-9 മണിക്കൂർ പരിശീലനം നടത്താറുണ്ടായിരുന്നു. 2021-ൽ, ഒരു മിനിറ്റിനുള്ളിൽ 122 ബോട്ടിൽ ഫ്ലിപ്പുകൾ നടത്തി അവർ ഏറ്റവും വേഗതയേറിയ വനിതാ ഫ്ലെയർ ബാർട്ടെൻഡർ എന്ന ലോക റെക്കോർഡ് സ്ഥാപിക്കുകയും ലണ്ടൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടുകയും ചെയ്തിരുന്നു.