
രാജസ്ഥാനിലെ അജ്‌മേർ ജില്ലയിലെ ടങ്കാവാസ് ഗ്രാമവാസികൾ അപ്രതീക്ഷിതമായ ഒരു നാടകീയ രംഗത്തിന് കഴിഞ്ഞ ദിവസം സാക്ഷികളായി. ഗ്രാമത്തിൽ അലഞ്ഞ് നടക്കാറുള്ള ഒരു കാള, 60 അടി ഉയരമുള്ള ജലസംഭരണിയുടെ മുകളിൽ കയറിയതാണ് നാടകീയ സംഭവങ്ങൾക്ക് കാരണമായത്. കാള ജലസംഭരണിയുടെ മുകളിൽ നിൽക്കുന്നത് കണ്ട് ഗ്രാമീണർ അത്ഭുതപ്പെടുകയും കാള താഴേക്ക് ഇറങ്ങി വരാൻ കൂട്ടാക്കാതിരിക്കുകയും ചെയ്തതോടെ കാര്യങ്ങൾ ആശങ്കയിലേക്ക് വഴിമാറുകയും ആയിരുന്നു.
ജലസംഭരണിയുടെ മുകളിൽ നിന്നും കാള താഴേക്ക് ചാടുമോ എന്നതായിരുന്നു ആളുകളെ ആശങ്കപ്പെടുത്തിയത്. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും സിവിൽ ഡിഫൻസ് ടീമും സ്ഥലത്തെത്തി. എന്നാൽ, രക്ഷാപ്രവർത്തനം അത്ര എളുപ്പമായിരുന്നില്ല. ആരെങ്കിലും അടുത്തേക്ക് ചെല്ലാൻ ശ്രമിക്കുമ്പോഴെല്ലാം കാള അസ്വസ്ഥമായി. ഒരു ഘട്ടത്തിൽ, അത് താഴേക്ക് ചാടാൻ ശ്രമം നടത്തുകയും ചെയ്തുവെന്നാണ് സംഭവത്തിന് സാക്ഷികളായവർ പറയുന്നത്.
തുടർന്ന് വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയും കാളയെ താഴെയിറക്കാനായി ക്രെയിൻ എത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, ക്രെയിൻ സ്ഥലത്തെത്തിയപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നതിന് രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. രാത്രിയിൽ കാളയെ താഴെ ഇറക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ തൊട്ടടുത്ത ദിവസം രക്ഷാപ്രവർത്തനം തുടരാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചു.
തുടർന്ന് പ്രദേശത്ത് കൂട്ടംകൂടിയ ആളുകൾ പിരിഞ്ഞു പോയതോടെ രാത്രിയിലെപ്പോഴോ കാള സ്വയം താഴെയിറങ്ങി. രാവിലെ ഉദ്യോഗസ്ഥരും നാട്ടുകാരും വീണ്ടും സ്ഥലത്ത് എത്തിയപ്പോഴേക്കും കാള അവിടെ നിന്നും പോയിരുന്നു. തുടർന്ന് രക്ഷാപ്രവർത്തനത്തിനായി സജ്ജീകരിച്ച ക്രയിനും മറ്റ് സാമഗ്രികളും സ്ഥലത്ത് നിന്നും നീക്കി. ഇപ്പോൾ ഈ സംഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജലസംഭരണിയുടെ മുകളിൽ നിൽക്കുന്ന കാളയുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.