
മൃഗങ്ങളിൽ ബുദ്ധിശക്തിയുള്ളതും വൈകാരികമായി പ്രതികരിക്കുന്നതുമായ മൃഗമായാണ് ആനകളെ കണക്കാക്കാറുള്ളത്. മനുഷ്യരെപ്പോലെ സന്തോഷം, സ്നേഹം, ദുഃഖം, കരുണ, കോപം, സഹാനുഭൂതി എന്നിവയുൾപ്പെടെ സങ്കീർണ്ണമായ വികാരങ്ങൾ അവ പ്രകടിപ്പിക്കാറുണ്ട്. പിബിഎസ് നേച്ചറിന്‍റെ റിപ്പോർട്ടിൽ പറയുന്നത്, ആനയുടെ ഏറ്റവും ശക്തമായ വികാര പ്രകടനം ദുഃഖമാണെന്നാണ്. അത് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. വർഷങ്ങൾക്ക് മുമ്പെങ്ങോ മരിച്ചു പോയ തന്‍റെ പൂർവികർ ആരുടെയോ ഒരു തലയോട്ടി അപ്രതീക്ഷിതമായി കണ്ടതും അസ്വസ്ഥനായി ഉറക്കെ കരഞ്ഞ് ഓടിപ്പോകുന്ന ഒരു ആനയുടെ ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ready set safary എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ക്ലാസറി പ്രൈവറ്റ് ഗെയിം റിസർവിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് കുറിപ്പില്‍ പറയുന്നു. വീഡിയോയിൽ റിസർവിലെ പുൽമേട്ടിലൂടെ ഒരു കൊമ്പനാന നടക്കുന്നത് കാണാം. പെട്ടെന്ന് ആന തന്‍റെ മുൻപിലുള്ള ഒരു വെളുത്ത വസ്തു കാണുന്നു. അതെന്താണെന്ന് അവന്‍ തന്‍റെ തുമ്പിക്കൈ കൊണ്ട് തിരിച്ചും മറിച്ചും പരിശോധിക്കുന്നു. അല്പ നേരത്തെ പരിശോധനയില്‍ അത് എന്നോ മരിച്ച് പോയ മറ്റൊരു ആനയുടെ തലയോട്ടിയാണെന്ന് അവന്‍ തിരിച്ചറിയുന്നു. ഇതോടെ അവന്‍ അസ്വസ്ഥനാകുകയും അലറിക്കരഞ്ഞ് കൊണ്ട് പുല്‍മേടും അരുവികളും റോഡും മറികടന്ന് കാട്ടിലൂടെ ലക്ഷ്യമില്ലാതെ ഓടുന്നു. ഓടുന്നതിനിടയിൽ അസ്വസ്ഥനായി ചെവികൾ ആട്ടുന്നതും അവന്‍റെ കണ്ണുകൾ നിറയുന്നതും കാണാം.
വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആനകളുടെ വൈകാരിക ബുദ്ധിയെക്കുറിച്ച് നിരവധി പേർ അഭിപ്രായപ്പെട്ടു. ചിലർ ആനയുടെ കരച്ചിൽ കേട്ട് തങ്ങൾക്കും സങ്കടം വന്നെന്നും അവന്‍റെ വേദന ഞാനും അറിയുന്നുവെന്നും ചിലരെഴുതി. ആനകൾ ഒരിക്കലും മറക്കില്ലെന്നായിരുന്നു മറ്റൊരു കുറിപ്പ്. ആ തലയോട്ടി പരിശോധിച്ചതിലൂടെ തന്‍റെ പ്രിയപ്പെട്ടവരുടെ തലയോട്ടിയാണെന്ന് അവൻ തിരിച്ചറിഞ്ഞു. അതാണ് അത്രയും വലിയൊരു നിലവിളിയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇത്തരത്തില്‍ വ്യത്യസ്തമായ 70 ശതമാനത്തോളം സുന്ദരമായ ജീവികളെ നമ്മൾ ഇല്ലായ്മ ചെയ്തുവെന്നായിരുന്നു മറ്റൊരു കുറിപ്പ്.