
പൊതു ഇടങ്ങൾ ആര്‍ക്കെങ്കിലും അഭ്യാസം കാണിക്കാനുള്ള വേദിയല്ല. അതിന്, പ്രത്യേക അനുമതി പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നും വാങ്ങണം. പൊതു ഇടങ്ങളിലും തിരക്കേറിയ റോഡുകളിലും ഹൈവേകളിലും ബൈക്ക് സ്റ്റണ്ട് നടത്തി, അതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ഒരു യുവതിക്ക് എംവിഡി 20,000 രൂപ പിഴ ഇട്ടപ്പോൾ 'ഹു കെയേഴ്സ്' എന്ന്. 20,000 രൂപയോ അതിലും കൂടിയാലോ തനിക്ക് ഒരു പ്രശ്നമല്ലെന്നും സംഗതി തുടരുമെന്നും വെല്ലുവിളിച്ച് യുവതി.
ഉത്തര്‍പ്രദേശിലെ ലഖ്നൗവിലെ ഗോൾഫ് സിറ്റിയില്‍ നിന്നുള്ള വൈഷു യാദവ് എന്ന യുവതിയാണ് എംവിഡി ചുമത്തിയ പിഴയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് വെല്ലുവിളിച്ചത്. ഇവര്‍ മോഡിഫൈ ചെയ്ത ഒരു സ്പ്ലെൻഡർ ബൈക്കിലാണ് സ്റ്റണ്ടുകൾ നടത്തുന്നത്. ഹൈവേകളിൽ വേഗത്തില്‍ പോകുമ്പോൾ എഴുന്നേറ്റ് നിന്ന് ഇരു കൈകളും വിടര്‍ത്തിപ്പിടിക്കുന്നതാണ് ഇവരുടെ സ്റ്റണ്ട് രീതി. വീലികൾ, സ്റ്റോപ്പികൾ, ബേൺഔട്ടുകൾ എന്നിവയെല്ലാം അപകടകരമായ സ്റ്റണ്ടുകളാണ് കണക്കാക്കുന്നത്. ഇത് റൈഡർമാര്‍ക്കും മറ്റ് കാഴ്ചക്കാര്‍ക്കും ഒരു പോലെ അപകട സാധ്യത ഉയർത്തുന്നു.
പൊതു റോഡുകളിൽ അഭ്യാസ പ്രകടനം നടത്തുന്നത് അങ്ങേയറ്റം അപകടകരവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിക്ക് എംവിഡി 20,000 രൂപ പിഴ ചുമത്തിയത്. നിയമം ലംഘനം തടയാനും മറ്റുള്ളവര്‍ക്കും കുറ്റകൃത്യമാണെന്ന ബോധമുണ്ടാക്കുന്നതിനുമാണ് ഇത്തരം പിഴകൾ ചുമത്തുന്നത്. എന്നാലിവിടെ തീ കൊണ്ട് കളിക്കരുതെന്ന് യുവതി സര്‍ക്കാര്‍ സംവിധാനങ്ങളെയും മോട്ടോര്‍ വാഹന വകുപ്പിനെയും വെല്ലുവിളിക്കുന്നു. 20,000 മോ 40,000 മോ തനിക്കൊരു പ്രശ്നമല്ലെന്നും യുവതി പറയുന്നു. ഈ വീഡിയോയ്ക്ക് ശേഷവും യുവതി ഇത്തരം നിരവധി സ്റ്റണ്ട് വീഡിയോകൾ തന്‍റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ നാലര ലക്ഷത്തോളം ഫോളോവേഴ്സാണ് യുവതിക്കുള്ളത്.