
തമാശകളും നാടകീയ സംഭവങ്ങളും നിറഞ്ഞു നിൽക്കുന്ന വൈറൽ വീഡിയോകളുടെ ലോകത്ത്, നിഷ്കളങ്കത കൊണ്ട് വേറിട്ടുനിൽക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ഹൃദയസ്പർശിയായ വീഡിയോ സമൂഹ മാധ്യമ ശ്രദ്ധനേടി. ഒരു ഷോപ്പിംഗ് മാളിലെ പ്രതിമകൾ യഥാർത്ഥ മനുഷ്യാരെന്ന് തെറ്റിദ്ധരിച്ച പെണ്‍കുട്ടി, അവയുടെ കാൽതൊട്ട് വണങ്ങുന്ന ഹ്രസ്വ വീഡിയോ, സമൂഹ മാധ്യമങ്ങളില്‍ ചിരിയും വാത്സല്യവും നിറയ്ക്കുന്നു.
വിധി സക്‌സേനയുടെയും ഷാനു സഫായയുടെയും മകൾ ദിവിഷ എന്ന മിടുക്കിയാണ് സമൂഹ മാധ്യമങ്ങളിലെ ഈ വൈറൽ താരം. മാളിൽ ഷോപ്പിംഗിനായി ദിവിഷയും കുടുംബവും എത്തിയപ്പോഴാണ് പരമ്പരാഗത വസ്ത്രങ്ങളും ഫോർമൽ വസ്ത്രങ്ങളും ധരിച്ച പ്രതിമകളെ ദിവിഷ കണ്ടത്. അവ ജീവനുള്ള മനുഷ്യരാണെന്ന് വിശ്വസിച്ച കുട്ടി അപ്രതീക്ഷിതവും എന്നാൽ, ഹൃദയ സ്പർശിയായതുമായ ഒരു പ്രവൃത്തി ചെയ്തു. മുതിർന്നവരോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്ന ഇന്ത്യൻ ആചാരത്തെ പിന്‍പറ്റി അവൾ പ്രതിമകളുടെ കാൽതൊട്ട് വന്ദിച്ചു. ഈ മനോഹര നിമിഷം അവളുടെ മാതാപിതാക്കളാണ് പകർത്തിയത്, ദിവിഷയുടെ ജീവിതത്തിലെ കൊച്ചു സന്തോഷങ്ങൾ പങ്കുവെക്കാറുള്ള @divu\_and\_mom എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ, മകളുടെ പെരുമാറ്റത്തിൽ ആശ്ചര്യവും അഭിമാനവും തോന്നിയ മാതാപിതാക്കളുടെ നേരിയ ചിരി വീഡിയോയിൽ കേൾക്കാം.
അഭിനന്ദിച്ച് കാഴ്ചക്കാര്‍
പോസ്റ്റ് ചെയ്തയുടൻ ക്ലിപ്പ് ഇൻസ്റ്റാഗ്രാമിൽ വൈറലായി, 2.5 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടുകയും ആയിരക്കണക്കിന് ലൈക്കുകൾ സ്വന്തമാക്കുകയും ചെയ്തു. വീഡിയോ കണ്ടവർ കുട്ടിയെ അഭിനന്ദിച്ചു. ചെറുപ്രായത്തിൽ തന്നെ നല്ല മൂല്യങ്ങൾ കുഞ്ഞിൽ വളർത്തിയെടുത്തതിന് മതാപിതാക്കളെയും നിരവധി പേർ പ്രശംസിച്ചു. സമൂഹ മാധ്യമങ്ങളില്‍ നിരവധി കമന്‍റുകളാണ് നിറഞ്ഞത്. ഇത്രയും കാലത്തിനിടയിൽ കണ്ട ഏറ്റവും നിഷ്കളങ്കമായ കാര്യമാണിതെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടത്. ആധുനിക ജീവിതത്തിൽ ഇത്തരത്തിലുള്ള ആത്മാർത്ഥമായ ബഹുമാന പ്രകടനങ്ങൾ കാണുന്നത് വലിയ സന്തോഷകരമാണെന്നും പലരും അഭിപ്രായപ്പെട്ടു.