
വീരമൃത്യു വരിച്ച സഹപ്രവർത്തകന്‍റെ സഹോദരിയുടെ വിവാഹച്ചടങ്ങുകളിൽ സൈനികർ അദ്ദേഹത്തിന്‍റെ സ്ഥാനം ഏറ്റെടുത്തു. ആ നിമിഷം വധുവിനെയും വിവാഹത്തിൽ പങ്കെടുത്തവരെയും വികാരഭരിതരാക്കി. ഹിമാചൽ പ്രദേശിലെ സിർമൂർ ജില്ലയിലെ ഭാർളി ഗ്രാമത്തിലാണ് ആരാധന എന്ന യുവതിയുടെ വിവാഹം നടന്നത്. സന്തോഷകരമായ ആ ദിനത്തിലും, സഹോദരനായ ആശിഷ് കുമാറിന്‍റെ അഭാവം എല്ലാവരെയും ദുഖത്തിലാക്കി. ഇന്ത്യൻ ആർമിയിലെ സൈനികനായിരുന്ന ആശിഷ് 2024 ഫെബ്രുവരിയിൽ അരുണാചൽ പ്രദേശിലെ 'ഓപ്പറേഷൻ അലേർട്ടിനിടെ'യാണ് വീരമൃത്യു വരിച്ചത്.
ആശിഷിന്‍റെ ഓർമ്മകൾ സഹോദരിയുടെ വിവാഹത്തിൽ സജീവമായി നിലനിർത്താൻ അദ്ദേഹത്തിന്‍റെ റെജിമെന്‍റിലെ അംഗങ്ങളും വിരമിച്ച സൈനികരും തീരുമാനിച്ചു. തുടർന്ന് അവർ വധുവിന്‍റെ സഹോദരന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും വിവാഹചടങ്ങിൽ സ്വയമേവ ഏറ്റെടുത്ത് നടത്തി. സഹോദരന്‍റെ സ്ഥാനത്ത് നിന്ന് അവർ ആരാധനയെ വിവാഹ മണ്ഡപത്തിലേക്ക് അനുഗമിച്ചു. വിവാഹ ചടങ്ങുകളിൽ അവർ അവൾക്ക് ധാർമ്മിക പിന്തുണ നൽകി. ചടങ്ങിന് ശേഷം, യാത്രയയപ്പിന്‍റെ ഭാഗമായി അവളെ ഭർതൃവീട്ടിലേക്ക് എത്തിക്കുന്ന ചടങ്ങിനും അവരെല്ലാവരും ആദ്യാവസാനം പങ്കെടുത്തു. കൂടാതെ, സഹോദരന്‍റെ ഓർമ്മയ്ക്കായി ആരാധനയ്ക്ക് ഒരു ഫിക്സഡ് ഡെപ്പോസിറ്റും അവർ സമ്മാനമായി നൽകി.
ഈ സൈനികരുടെ ഇടപെടൽ വിവാഹത്തെ ഹൃദയസ്പർശിയായ ഒരു അനുസ്മരണാഞ്ജലിയാക്കി മാറ്റി, സൈനിക ജീവിതത്തിലെ ശക്തമായ ബന്ധങ്ങൾക്ക് അടിവരയിട്ടു. ഈ വിവാഹം നിരവധി പേരെ സ്പർശിച്ചു. സൈനികരുടെ ഐക്യദാർഢ്യം, ചടങ്ങിൽ ഉണ്ടായിരുന്ന പലരെയും കണ്ണീരണിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ അതിവേഗം വൈറലായി. ഈ പ്രവൃത്തിയെ പലരും വിശ്വസ്തതയുടെയും സാഹോദര്യത്തിന്‍റെയും ശക്തമായ ഉദാഹരണമായി പ്രശംസിച്ചു. "ഒരു ആർമി കുടുംബം വീരമൃത്യു വരിച്ച സഹോദരന്‍റെ സഹോദരിക്ക് വേണ്ടി നിലകൊള്ളുമ്പോൾ, ഇതാണ് യഥാർത്ഥ സാഹോദര്യം." എന്നായിരുന്നു ഒരാൾ കുറിച്ചത് "വീരമൃത്യു വരിച്ച സഹോദരന്‍റെ സഹോദരിക്ക് ഇത്രയും മാന്യതയോടെ പിന്തുണ നൽകിയ പ്രതിരോധ സേനാംഗങ്ങൾക്ക് സല്യൂട്ട്." ഇങ്ങനെ നീളുന്നു സമൂഹ മാധ്യമ കുറിപ്പുകൾ.