'നിങ്ങൾ കാണുമ്പോഴേക്കും ഞാന്‍ മരിച്ചിട്ടുണ്ടാകും'; സ്വന്തം മരണം പ്രഖ്യാപിച്ച് കാൻസർ ബാധിതനായ ഇന്‍ഫ്ലുവന്‍സര്‍, വീഡിയോ

Published : Jun 27, 2025, 09:59 AM IST
Influencer Tanner Martin

Synopsis

കാൻസർ ബാധിതനായ ശേഷമാണ് അദ്ദേഹം വീഡിയോകളുമായി രംഗത്തെത്തുന്നത്. ഇതിനിടെ അദ്ദേഹത്തിന് ഒരു കുഞ്ഞ് ജനിച്ചു. മകൾക്ക് 41 ദിവസം തികഞ്ഞപ്പോൾ അദ്ദേഹം മരണത്തിന് കീഴടങ്ങി.

 

ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലൂവന്‍സറായ ടാനർ മാർട്ടിൻ ഒടുവില്‍ തന്‍റെ മരണവും രേഖപ്പെടുത്തി കടന്ന് പോയി. തന്‍റെ മരണത്തിന് മുമ്പ് റെക്കോര്‍ഡ് ചെയ്ത അഞ്ച് മിനിറ്റ് സന്ദേശത്തില്‍ അദ്ദേഹം തന്‍റെ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും സ്നേഹിതരെ കുറിച്ചും തന്‍റെ സമൂഹ മാധ്യമ ഫോളോവേഴ്സിനെ കുറിച്ചും സംസാരിച്ചു. കോൾസെന്‍റര്‍ ജീവനക്കാരായിരുന്ന ടാനർ മാര്‍ട്ടിന്‍, തന്‍റെ കാന്‍സര്‍ രോഗത്തെ കുറിച്ച് വെളിപ്പെടുത്തി കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ സജീവമാകുന്നത്.

യുഎസിലെ യൂട്ടായിലാണ് ടാനറിന്‍റെ താമസം. അഞ്ച് വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് നാലാം ഘട്ട കോളന്‍ കാന്‍സറാണെന്ന് കണ്ടെത്തിയത്. ഒടുവില്‍ 30 -ാം വയസില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങി. മരണത്തിന് മുമ്പ് എടുത്ത വീഡിയോ അദ്ദേഹത്തിന്‍റെ ഭാര്യ ഷെയ് റൈറ്റാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ബുധനാഴ്ച പങ്കുവച്ച വൈകാരിക വീഡിയോയില്‍ മാർട്ടിൻ സ്വന്തം മരണത്തെക്കുറിച്ച് തന്‍റെ ഫോളോവേഴ്സിനോട് സംസാരിക്കുന്നു. മകൾ ആമിലൗ ജനിച്ച് 41 ദിവസങ്ങൾക്ക് ശേഷമാണ് ടാനർ മരണത്തിന് കീഴടങ്ങിയത്.

 

 

വീഡിയോയില്‍ ടാനർ ഏറെ ക്ഷീണിതനാണ്. എന്നാല്‍ ഏറെ ഉത്സാഹത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. "ഹേയ്, ഇത് ഞാനാണ്, ടാനർ. നിങ്ങൾ ഇത് കാണുന്നുണ്ടെങ്കിൽ, ഞാൻ മരിച്ചു." പിന്നാലെ ഒരു നീണ്ട ചിരിയോടെ ടാന‍ർ തന്‍റെ അവസാന വീഡിയോ തുടങ്ങുന്നു. 'എന്‍റെത് ഒരു പ്രത്യേക ജീവിതമായിരുന്നു. ഒരു വർഷം മുമ്പ് ഒരാൾ അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടതിനാലാണ് എന്‍റെ മരണം പ്രഖ്യാപിക്കുന്ന ഈ വീഡിയോ നിർമ്മിക്കാൻ ഞാൻ തീരുമാനിച്ചത്, നിങ്ങളുടെ എല്ലാ ചിന്തകളും പുറത്തെടുക്കാൻ ഇതൊരു നല്ല അവസരമാണെന്ന് ഞാൻ കരുതുന്നു,' അദ്ദേഹം വീഡിയോയില്‍ തുടർന്നു.

 

 

പിന്നാലെ അദ്ദേഹം ജീവിതത്തെ കുറിച്ച് സംസാരിച്ചു. ഇവിടെ ഉണ്ടായിരുന്ന കാലത്ത് താന്‍ ആസ്വദിച്ച് ജീവിച്ചെന്നും അദ്ദേഹം പറയുന്നു. മറ്റൊരു വീഡിയോയില്‍ അദ്ദേഹം തന്‍റെ 41 ദിവസം മാത്രം പ്രായമായ മകൾക്ക് വേണ്ടി 'ഗോഫണ്ട്മി' കാമ്പൈനിലൂടെ ധനസമാഹരണം തേടുന്നു. തന്‍റെ മരണ ശേഷം അവളുടെ ഭാവി ഇരുളടഞ്ഞ് പോകാതിനിരിക്കാന്‍ നിങ്ങൾ ഒരു മക്ചിക്കന്‍ കഴിക്കുന്ന പണം ആമിലൗവിന്‍റെ ലെഗസി ഫണ്ടിലേക്ക് ദാനം ചെയ്യാന്‍ അദ്ദേഹം തമാശയായി പറയുന്നു.

 

 

രോഗ നിര്‍ണ്ണയനത്തിന് ശേഷം ഐവിഎഫ് ട്രീറ്റ്മെന്‍റിലൂടെയാണ് ടാനർ മാർട്ടിൻ പിതാവായത്. തന്‍റെ കാന്‍സര്‍ ചികിത്സയോടൊപ്പം മകളുടെ ജനനവും അദ്ദേഹം തന്‍റെ വീഡിയോകളിലൂടെ പങ്കുവച്ചിരുന്നു. 2023-ൽ, രോഗം ഏതാണ്ട് ഭേദമായപ്പോഴാണ് അദ്ദേഹം ഒരു കുട്ടിയുടെ അച്ഛനാകാന്‍ തീരുമാനിച്ചത്. മെയ് 15-ന് അദ്ദേഹത്തിന് ഒരു മകൾ ജനിച്ചു. പക്ഷേ, അവളുടെ ജനനത്തിന് തൊട്ടുപിന്നാലെ ടാനറുടെ ആരോഗ്യം ക്ഷയിച്ചു. പെട്ടെന്ന് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരണം അടുത്തുണ്ടെന്ന് അറിഞ്ഞിട്ടും ആശങ്കയൊന്നുമില്ലാതെ അദ്ദേഹം സ്വതസിദ്ധമായ ശൈലിയിലായിരുന്നു വീഡിയോയിൽ സംസാരിച്ചത്. സത്യസന്ധത, നർമ്മം, ധൈര്യം എന്നിവയിലൂടെ തന്‍റെ വീഡിയോകളിലൂടെ ടാനര്‍ ലോകമെമ്പാടുമുള്ള നിരവധി ആളുകളെ തന്‍റെ ഫോളോവേഴ്സാക്കി. അവസാനം വരെ അദ്ദേഹം പ്രതീക്ഷയും പ്രചോദനവും നൽകി.

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ