
ഭൂമിയിലെ ഏറ്റവും ദയയും കരുണയും സ്നേഹവും ചിന്താശേഷിയും ഒക്കെയുള്ള ജീവിയായാണ് മനുഷ്യൻ സ്വയം അവകാശപ്പെടുന്നത്. എന്നാൽ, ചില മനുഷ്യർ ക്രൂരതയുടെ പര്യായമായി മാറുന്ന കാഴ്ചകളുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ഈ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഒരു നായക്കുട്ടിയെ ഒരാൾ കഴുത്തിൽ തൂക്കിപ്പിടിച്ച് ചൂരലു കൊണ്ട് ക്രൂരമായി അടിക്കുകയും ശേഷം അമ്മ നായയുടെ മുന്നിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഭവം ചർച്ചയായതോടെ പോലീസ് അയാളെ അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ അമ്രോഹയിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു തെരുവിൽ വച്ചാണ് ഇയാൾ നായ കുട്ടിയോട് ഇത്രയേറെ ക്രൂരമായി പെരുമാറിയത്. സംഭവത്തിന് ദൃക്സാക്ഷികളായവർ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഏറെ അസ്വസ്ഥത ഉളവാക്കുന്ന ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും വലിയ രോഷ പ്രകടനത്തിന് കാരണമാവുകയും ചെയ്തു. ഇതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വീഡിയോ ദൃശ്യങ്ങളിൽ ഇയാൾ നായ്ക്കുട്ടിയുടെ കഴുത്തിൽ പിടിച്ചു തൂക്കിയെടുക്കുന്നതും കയ്യിൽ കരുതിയിരുന്ന കട്ടിയുള്ള ചൂരല്‍ കൊണ്ട് അതിനെ തുടരെത്തുടരെ അടിക്കുന്നതും കാണാം. വേദന കൊണ്ട് പുളയുന്ന നായക്കുട്ടി കരയുന്നതും വീഡിയോയിലുണ്ട്. ഏറെനേരം അടിച്ചതിന് ശേഷം ഇയാൾ നായക്കുട്ടിയെ റോഡിലേക്ക് വലിച്ചെറിയുന്നു. ഏറെ സങ്കടപ്പെടുത്തുന്ന മറ്റൊരു കാര്യം അമ്മ നായയുടെ മുന്നിൽ വെച്ചാണ് ആ മനുഷ്യൻ നായ്ക്കുട്ടിയോട് ഇത്രയേറെ ക്രൂരമായി പെരുമാറിയത് എന്നതാണ്.
@MahendrMahii എന്ന എക്സ് അക്കൗണ്ട് ഉടമയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. സമൂഹ മാധ്യമ പ്രൊഫൈലിലെ വിവരങ്ങൾ അനുസരിച്ച് ഒരു മാധ്യമപ്രവർത്തകനാണ് മഹേന്ദ്ര മാഹി. "ഈ വീഡിയോ ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്നു. അമ്രോഹ പോലീസ് ദയവായി ഈ വ്യക്തിക്കെതിരെ നടപടിയെടുക്കുക, കാരണം അയാൾ ഒരു മനുഷ്യനല്ല, മറിച്ച് ഒരു മൃഗമാണ്." എന്ന കുറിപ്പോടെയാണ് ഇദ്ദേഹം വീഡിയോ പങ്കുവെച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് കുറ്റക്കാരനായ വ്യക്തിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ അംരോഹ പോലീസും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഈ കുറിപ്പിൽബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തെന്ന് ദിദൗളി പോലീസ് അറിക്കുന്നു.