
വിവാഹ ബന്ധം വേര്‍പെടുത്തുകയെന്നത് എല്ലാവര്‍ക്കും ഒരു പോലെയല്ല. ചിലര്‍ക്ക് അത് താങ്ങാന്‍ കഴിയാത്തൊരു അനുഭവമാകുമ്പോൾ മറ്റു ചലർ അത് തങ്ങളുടെ സ്വാതന്ത്ര്യം തേടിയുള്ള യാത്ര കൂടിയാകുന്നു. അത്തരമൊരു വേർപിരിയൽ വേദന മറികടക്കാന്‍ അസം സ്വദേശിയായ യുവാവ് ചെയ്തത് നാല് ബക്കറ്റ് പാലില്‍ (ഏതാണ്ട് 40 ലിറ്ററോളം) കുളിക്കുയെന്നതായിരുന്നു. താന്‍ പുതിയൊരു ജീവിതത്തിലേക്ക് കടന്നതിന്‍റെ സന്തോഷം കൊണ്ടാണ് പാലിൽ കുളിച്ചതെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
അസമിലെ നല്‍ബാരി ജില്ലയിലെ ബരാലിയാപർ ഗ്രാമത്തിലാണ് സംഭവം. മണിക് അലി ഒടുവില്‍ തന്‍റെ ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടി. വിവാഹ മോചനമല്ലാതെ മറ്റ് മാർഗമില്ലെന്നായിരുന്നു മണിക് അലി പറഞ്ഞത്. രണ്ട് തവണ കാമുകനൊപ്പം ഭാര്യ ഓടിപ്പോയൊപ്പോഴും താന്‍ എല്ലാം ക്ഷമിച്ച് അവളെ വീണ്ടും വീണ്ടും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നു. ഇനിയും വയ്യെന്നായിരുന്നു മണിക് പറഞ്ഞത്. രണ്ട് തവണയും അവൾ ഒറ്റയ്ക്കാണ് പോയത്. പക്ഷേ, ഇത്തവണ അവൾ തന്‍റെ മകളെ കൂടി കൂട്ടി. അത് തന്നെ ഏറെ തകര്‍ത്തെന്നും മണിക് അലി കൂട്ടിച്ചേര്‍ക്കുന്നു.
'ഇന്ന് മുതൽ ഞാൻ സ്വതന്ത്രനാണ്... എന്‍റെ ഭാരമെല്ലാം ഞാന്‍ കഴുകി കളഞ്ഞു.' നാല്പത് ലിറ്റര്‍ പാലില്‍ കുളിച്ച ശേഷം മണിക് ക്യാമറയിലേക്ക് നോക്കി പറഞ്ഞു. ഒളിച്ചോടിപ്പോയ ഓരോ തവണയും മണിക് ഭാര്യയെ കൂട്ടിക്കൊണ്ട് വന്നു. പക്ഷേ, ഭാര്യ വീണ്ടും വീണ്ടും കാമുകനൊപ്പം പോയി. ഒടുവില്‍ ഇരുവരും പരസ്പര ധാരണയുടെ അടുസ്ഥാനത്തില്‍ വിവാഹ മോചനത്തിന് അനുമതി തേടുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇത്രയും കാലം താന്‍ അനുഭവിച്ച വേദനകളില്‍ നിന്നുള്ള രക്ഷപ്പെടല്‍ കൂടിയാണിതെന്നും മണിക് കൂട്ടിച്ചേര്‍ക്കുന്നു. പാലില്‍ കുളിക്കുന്ന മണിക് അലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചിലര്‍, 'എല്ലാം ഓരോ ഷോ' എന്നെഴുതിയപ്പോൾ മറ്റ് ചിലര്‍ മണിക്ക് അലിക്ക് അത് സ്വന്തം വേദനകളില്‍ നിന്നുള്ള രക്ഷപ്പെടല്‍ എന്നായിരുന്നു എഴുതിയത്.