
ഹൈദരാബാദിലെ ഘാട്കേസറിൽ റോഡിന്‍റെ നടുവിലൂടെ പോവുകയായിരുന്ന ഒരു വലിയ പെരുമ്പാമ്പിന്‍റെ തലയിൽ കല്ല് ഇട്ട് കൊല്ലാന്‍ ശ്രമിക്കുന്ന യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഹൈദരാബാദിലെ ഘാട്കേസറിനടുത്തുള്ള പ്രതാപ് സംഗാരത്താണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സന്ധ്യയ്ക്ക് ശേഷം അത്യാവശ്യം നേരം ഇരുട്ടിക്കഴിഞ്ഞാണ് സംഭവം നടന്നതെന്ന് വീഡിയോയില്‍ നിന്നും വ്യക്തം. തെലുങ്കു സ്ക്രൈബ് എന്ന എക്സ് ഹാന്‍റിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിലായിരുന്നു പാമ്പ്. അത്യാവശ്യം തിരക്കുള്ള റോഡ് മുറിച്ച് കടക്കാനുള്ള പാമ്പിന്‍റെ ശ്രമം യാത്രക്കാരെ രണ്ട് ഭാഗത്താക്കി മാറ്റി നിര്‍ത്തി. വാഹനങ്ങൾ പലതും റോഡിന്‍റെ രണ്ട് ഭാഗത്തായി നിന്നു. പെരുമ്പാമ്പ് ഏതാണ്ട് റോഡിന്‍റെ പകുതിയോളമെത്തിയപ്പോഴാണ് ഒരു യുവാവ് റോഡിൽ കിടന്നിരുന്ന ഒരു കൂറ്റന്‍ കല്ലെടുത്ത് പാമ്പിന്‍റെ തല ലാക്കാക്കി എറിഞ്ഞത്. പക്ഷേ, ഉന്നം പിഴച്ചു. എങ്കിലും ഭയന്ന് പോയ പാമ്പ് റോഡി മുറിച്ച് കടക്കാതെ തിരികെ പോയി. എന്നാൽ യുവാവ് പെരുമ്പാമ്പിനെ വിടാന്‍ തയ്യാറാല്ലായിരുന്നു. അയാൾ പിന്നാലെ പോയി പാമ്പിന്‍റെ തലയിലേക്ക് വീണ്ടും വീണ്ടും കല്ലെറിയുന്നു. എന്നാല്‍ അയാളുടെ ഉന്നം പിഴയ്ക്കുകയും പാമ്പ് കാട്ടിലേക്ക് കയറുകയും ചെയ്യുന്നു. പാമ്പ് റോഡിൽ നിന്നും പിന്തിരിഞ്ഞതും വാഹനങ്ങൾ ഇരുവശത്തേക്കും പോകുന്നതും വീഡിയോയിൽ കാണാം.
ഏതാണ്ട് അഞ്ച് വര്‍ഷത്തോളമായി ഒരു പെരുമ്പാമ്പ് ഗ്രാമത്തില്‍ ഭീതി പടർത്തുകയാണെന്നും എന്നാല്‍ പോലീസോ, വനം വകുപ്പോ വേണ്ട മുന്‍കരുതലൊന്നും എടുത്തില്ലെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ ആരോപിച്ചു. നാട്ടുകാരുടെ പരാതി കേൾക്കാന്‍ അധികൃതർ തയ്യാറാകാതിരുന്നതോടെയാണ് നാട്ടുകാർ തന്നെ പാമ്പിനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഒരു പാമ്പു പിടിത്തക്കാരനായ ഒരു യൂട്യൂബര്‍ കാണാം. അത്തരക്കാരെ വിളിച്ചാല്‍ ഇത്തരം സ്റ്റണ്ടുകൾ ഒഴിവാക്കാം മൃഗത്തിന്‍റെ ജീവൻ രക്ഷിക്കാമെന്നും ചിലരെഴുതി.