
തുടക്കം മുതലേ കല്ലുകടിയായ മിസ് യൂണിവേഴ്സ് മത്സരത്തില്‍ അടുത്ത വിവാദം. ഇത്തവണ ഇസ്രയേലി - പാലസ്തീന്‍ വിഷയം കൂടി ചേര്‍ത്താണ് വിവാദം കൊഴുക്കുന്നത്. മിസ്സ് യൂണിവേഴ്സ് 2025 പരിപാടിക്കിടെയിൽ ക്യാമറയിൽ പതിഞ്ഞ ഒരു ചെറിയ നിമിഷത്തെ ചൊല്ലിയാണ് സമൂഹ മാധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്നത്. മത്സരത്തിനിടെ മിസ്സ് ഇസ്രായേൽ മത്സരാർത്ഥിയായ മെലാനി ഷിറാസ്, മിസ്സ് പാലസ്തീൻ നദീൻ അയ്യൂബിനെ നോക്കിയ നോട്ടം അത്രയ്ക്ക് ശരിയായിരില്ലെന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ആഴ്ച തായ്‌ലൻഡിൽ നടന്ന പരിപാടിയിൽ ചിത്രീകരിച്ച വീഡിയോ രൂപമായ വിമർശനമാണ് സമൂഹ മാധ്യമങ്ങളില്‍ നേരിടുന്നത്. ഇതോടെ സംഭവത്തില്‍ മിസ് ഇസ്രയേല്‍ വിശദീകരണം നല്‍കാന്‍ നിർബന്ധിതയായി.
വീഡിയോ വിവാദമായതോടെ മെലാനി ഷിറാസിന്‍റെ ഇന്‍സ്റ്റാഗ്രാം പേജുകളില്‍ 'ഫ്രീ പാലസ്തീന്‍' കുറിപ്പുകൾ കൊണ്ട് നിറഞ്ഞെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മത്സരാർത്ഥികൾ ഒരു വേദിയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ മെലാനി, തൊട്ടടുത്ത് നില്‍ക്കുന്ന നദീനിന്‍റെ നേരെ തല തിരിച്ച് അവളെ നോക്കുന്നത് വീഡിയോയില്‍ കാണാം. ഈ നോട്ടം വൈറലായതിന് പിന്നാലെ ഇസ്രായേൽ മത്സരാർത്ഥി തന്‍റെ പലസ്തീൻ എതിരാളിയെ 'വൃത്തികെട്ടതോ' 'അസൂയയുള്ളതോ' ആ ഒരു നോട്ടമാണ് നോക്കിയതെന്ന ആരോപണം ഉയർന്നു. പിന്നാലെ ഈ ആരോപണം ശക്തമായി. ഫ്രീ പാലസ്തീൻ സന്ദേശങ്ങളും രൂക്ഷ വിമർശനവും പരാമർശവും ഉൾപ്പെടുത്തി നിരവധി പേര്‍ വീഡിയോ പങ്കുവച്ചു. ചിലര്‍ മിലാനിയുടെ പേജില്‍ 'മിസ് വംശഹത്യ' എന്ന് എഴുതി. എല്ലാ കുറിപ്പുകളും ഗാസയിലെ ഇസ്രായേലിന്‍റെ ഭീകരമായ സൈനിക നടപടികളെയും രൂക്ഷമായി വിമർശിക്കുന്നതായിരുന്നു.
വിമർശനങ്ങൾ രൂക്ഷമായതോടെ മെലാനി ഷിറാസ് നിഷേധിച്ച് കൊണ്ട് രംഗത്തെത്തി. 'മറ്റ് മത്സരാർത്ഥികൾ വേദിയിലേക്ക് വരുമ്പോൾ ഞാൻ അവരെ വെറുതെ നോക്കുകയായിരുന്നുവെന്ന് വളരെ വ്യക്തമാണെന്ന് മെലാനി പിന്നീട് വിശദീകരിച്ചു. മറ്റുള്ളവരുടെ ചെലവിൽ വൈറലാകാൻ തീരുമാനിക്കുന്നതിന് മുമ്പ് ഇനിയെങ്കിലും നിങ്ങൾ പുനർവിചിന്തനം നടത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മെലാനി കൂട്ടിച്ചേര്‍ത്തു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മിസ് യൂണിവേഴ്സ് മത്സരവേദിയില്‍ മറ്റൊരു വിവാദവും ഉടലെടുത്തിരുന്നു. മിസ്സ് മെക്സിക്കോ ഫാത്തിമ ബോഷിനെ പരസ്യമായി അധിക്ഷേപിച്ച എക്സിക്യൂട്ടിവ് ഡയറക്ടറായ നവത് ഇത്സാരഗ്രിസിലിന്‍റെ നപടിയില്‍ പ്രതിഷേധിച്ച് മത്സരാര്‍ത്ഥികൾ വേദി വട്ടത് വലിയ വിവദമായിരുന്നു. പിന്നാലെ നവത് തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് ഖേദപ്രകടനം നടത്തുന്ന വീഡിയോയും വൈറലായിരുന്നു.