
അങ്ങനെ കഴിഞ്ഞ ബുധനാഴ്ച യുഎസിൽ ഒരു യുഗം അവസാനിച്ചു. തങ്ങളുടെ നാണയ വ്യവസ്ഥയില്‍ നിന്നും യുഎസ് 'പെന്നി'യെ ഒഴിവാക്കാന്‍ തീരുമാനിച്ചു. അതിന്‍റെ തുടക്കമായി കഴിഞ്ഞ ബുധനാഴ്ച മുതൽ യുഎസ് പെന്നിയുടെ ഉത്പാദനം നിർത്തിവെച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇനി പുതിയ നാണയങ്ങളുടെ ഉത്പാദനമില്ലെങ്കിലും നിലവില്‍ പ്രചാരത്തിലുള്ള പെന്നി നിലനിൽക്കുമെന്നും അറിയിപ്പില്‍ പറയുന്നു. 232 വർഷമായി പ്രചാരത്തിലിരുന്ന ഒരു സെന്‍റ് നാണയങ്ങൾ യുഎസ് ട്രഷറർ ബ്രാൻഡൻ ബീച്ചിന്‍റെ മേൽനോട്ടത്തിൽ ഫിലാഡൽഫിയയിലെ യുഎസ് മിന്‍റിലാണ് അവസാനമായി അച്ചടിച്ചത്.
ഒരു പെന്നി നിർമ്മിക്കാൻ ഏകദേശം നാല് സെന്‍റാണ് ചിലവ് വരുന്നത് ഇത് നാണയത്തിന്‍റെ മൂല്യത്തേക്കാൾ വളരെ കൂടുതലാണ്. നാണയ വ്യവസ്ഥയില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അവ വ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്നില്ല. ഉപയോഗത്തിലുള്ള നാണയങ്ങളാകട്ടെ കൂടുതലായും പഴയ ഡ്രോയറുകളിലോ നാണയ പാത്രങ്ങളിലോ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ, സര്‍ക്കാറിന്‍റെ നഷ്ടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ട്രഷറി വകുപ്പിനോട് പെന്നി അച്ചടിക്കുന്നത് നിർത്താൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപാണ് ഉത്തരവിട്ട്. "വളരെക്കാലമായി അമേരിക്ക പെന്നികൾ അച്ചടിച്ച് കൊണ്ടിരിക്കുകയാണ്, അതിന് നമുക്ക് അക്ഷരാർത്ഥത്തിൽ 2 സെന്‍റിൽ കൂടുതൽ ചിലവാകും. ഇത് വളരെ ഉപയോഗിമില്ലാത്തതാണ്!" അച്ചടി നിർത്താൻ ആവശ്യപ്പെട്ട് കൊണ്ട് ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി. "പുതിയ പെന്നികൾ ഉത്പാദിപ്പിക്കുന്നത് നിർത്താൻ ഞാൻ എന്‍റെ യുഎസ് ട്രഷറി സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്." ട്രംപ് കൂട്ടിച്ചേര്‍ത്തു.
“പെന്നിക്ക് ആദരാഞ്ജലികൾ. 1793–2025. ഒടുവിൽ അമേരിക്കയുടെ ഏറ്റവും ദൈർഘ്യമേറിയ പാരമ്പര്യം അവസാനിപ്പിക്കുന്നു: യഥാർത്ഥത്തിൽ വിലമതിക്കുന്നതിനേക്കാൾ കൂടുതൽ പണം സമ്പാദിക്കുക .” വാർത്തകളോട് പ്രതികരിച്ച് കൊണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതി. മറ്റ് ചിലര്‍ പെന്നിയുടെ ചരിത്രവും ചിലര്‍ കുട്ടിക്കാലത്ത് ഐസ്ക്രീമിനും ചിപ്സ് ബാഗിനും ചില്ലറയ്ക്കായി പെന്നി തപ്പി നടന്ന ഓർമ്മകളും പങ്കുവച്ചു. യുഎസില്‍ 1793-ലാണ് പെന്നി നിലവിൽ വന്നത്. അക്കാലത്ത്, ഒരു പൈസ കൊണ്ട് ഒരാൾക്ക് ഒരു മെഴുകുതിരി, ഒരു മിഠായി, അല്ലെങ്കിൽ ഒരു ബിസ്കറ്റ് പോലും ലഭിക്കും. പെന്നിക്ക് മുമ്പ്, അവസാന നാണയമായ അര സെന്‍റ് 1857-ലാണ് യുഎസ് നിർത്തലാക്കിയത്.