
ന്യൂയോർക്കിലെ ബ്രോങ്ക്സിലേക്ക് പോകുന്ന ട്രെയിനിന് മുകളില്‍ കയറി സർഫിംഗ് നടത്തുന്ന 12 മുതൽ 16 വയസ്സ് വരെ പ്രായമുള്ള നാല് കൗമാരക്കാരുടെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചു. ഡ്രോണ്‍ നിരീക്ഷണത്തിലാണ് കുട്ടികളുടെ സര്‍ഫിംഗ് പോലീസ് കണ്ടെത്തിയത്. 2023 നവംബർ മുതൽ ഡ്രോൺ സംവിധാനം നിലവിൽ വന്നതിന് ശേഷം ന്യൂയോർക്കിൽ സബ്‌വേ സർഫ് നടത്തിയവരുടെ 200-ാമത്തെ അറസ്റ്റാണിതെന്ന് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട് അറിയിച്ചു.
ജൂലൈ 10 ന് വെസ്റ്റ്ചെസ്റ്റർ അവന്യൂ പാലത്തിന് സമീപത്ത് കൂടി പോവുകയായിരുന്ന ട്രെയിനിന് മുകളിൽ കയറിയാണ് നാല് കുട്ടികളുടെ സാഹസീക പ്രകടനം. 12 വയസ്സുള്ള രണ്ട് കുട്ടികളും 15 വയസ്സുള്ള ഒരു കുട്ടിയും 16 വയസ്സുള്ള ഒരു കുട്ടിയുമായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരാണ് സംഘത്തിലുണ്ടായിരുന്നത് എന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ന്യൂയോര്‍ക്ക് പോലീസ് പറയുന്നു.
അടുത്ത കാലത്തായി ന്യൂയോര്‍ക്കില്‍ ട്രെയിന് മുകളില്‍ കയറിയുള്ള അഭ്യാസ പ്രകടനങ്ങൾ വര്‍ദ്ധിച്ച് വരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഓടുന്ന ട്രെയിന് മുകളിൽ കയറി അഭ്യാസ പ്രകടനം നടത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ 2023 മുതല്‍ ന്യൂയോര്‍ക്ക് പോലീസ് ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ 20 മാസത്തിനിടെ ഇത് 200 -മത്തെ അറസ്റ്റാണെന്നും ന്യൂയോര്‍ക്ക് പോലീസ് ചൂണ്ടിക്കാട്ടുന്നു. സബ്‌വേ സർഫിംഗിന്‍റെ അപകടങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനാണ് വീഡിയോ പുറത്ത് വിട്ടതെന്ന് ന്യൂയോര്‍ക്ക് പോലീസ് പറയുന്നു.
വീഡിയോയില്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടതിന് ശേഷം ഒരു ബോഗിയുടെ രണ്ട് വശങ്ങളില്‍ നിന്നാണ് നാല് കുട്ടികൾ ട്രെയിന് മുകളിലേക്ക് കയറുന്നത് കാണാം. പിന്നീട് ഇവര്‍ ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് അഭ്യാസങ്ങൾ കാണിക്കുന്നു. തൊട്ടടുത്ത സ്റ്റേഷനില്‍ വണ്ടി നിര്‍ത്തുമ്പോൾ ഇവർ താഴേക്ക് ഇറങ്ങുന്നതും വീഡിയോയില്‍ കാണാം.