
ന്യൂയോർക്ക് നഗരത്തിൽ ഒരു ദിവസം കഴിയാൻ 20 ഡോളറിൽ താഴെ മതിയോ എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇന്ത്യൻ കണ്ടന്‍റ് ക്രിയേറ്ററായ യുവാവാണ് ഇത്തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. 20 ഡോളറുമായി നഗരത്തിലെ തിരക്കേറിയ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോൾ തന്‍റെ ഭക്ഷണ തെരഞ്ഞെടുപ്പുകളും അനുഭവങ്ങളും രേഖപ്പെടുത്തുന്ന വീഡിയോ യൂട്യൂബർ ആബിർ വ്യാസ് ആണ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്.
വീഡിയോയുടെ തുടക്കത്തിൽ തന്നെ താൻ ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ച് യുവാവ് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകൾ ഇങ്ങനെയാണ്; വെല്ലുവിളി ലളിതമാണ്, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ പുറത്ത് നിന്ന് മാത്രം കഴിക്കണം. പക്ഷേ, ഒരു ദിവസത്തെ ചെലവ് 20 ഡോളറിനുള്ളിൽ നിർത്തുകയും വേണം. പ്രഭാത ഭക്ഷണത്തിന്, ഒരു ഡോളർ ചെലവഴിച്ച് അഞ്ച് വാഴപ്പഴവും മൂന്ന് ഡോളറിന് ഒരു ഗോതമ്പ് ബാഗലും മുട്ടയും വാങ്ങി. വാങ്ങിയ ഭക്ഷണത്തിന് പ്രോട്ടീൻ കുറവാണെന്ന് അറിയാമെങ്കിലും കാർബോഹൈഡ്രേറ്റ് മുന്നോട്ട് പോകാൻ ആവശ്യമായ ഊർജ്ജം നൽകുമെന്ന് അദ്ദേഹം വിശദീകരിച്ചു.
ബജറ്റിനുള്ളിൽ തന്നെ ചെലവ് നിൽക്കാൻ, ഗതാഗതത്തിനായി വ്യാസ് പ്രീപെയ്ഡ് സബ്‌വേ കാർഡിനെ ആശ്രയിച്ചു. പകൽ സമയത്ത് അദ്ദേഹം 2.29 ഡോളറിന് ഒരു പ്രോട്ടീൻ ബാർ വാങ്ങി, തുടർന്ന് 6.17 ഡോളറിന് ഒരു കോഫി വാങ്ങി, തുടർന്ന് കോഫി ഷോപ്പിൽ ഇരുന്ന് തന്നെ തൻറെ വീഡിയോകൾ എഡിറ്റ് ചെയ്യാൻ തുടങ്ങി. ശേഷം വയറ് നിറയാൻ 0.48 ഡോളറിന് ഒരു സ്പാർക്ലിംഗ് വാട്ടർ വാങ്ങി. ഒരു മീറ്റിംഗിന് പോകുന്നതിന് മുമ്പ്, ബാക്കി വന്ന വാഴപ്പഴം കഴിച്ചു. അത്താഴത്തിന്, ഏഴ് ഡോളറിൽ താഴെ വിലയ്ക്ക് ചിക്കനും ചോറും ഓർഡർ ചെയ്തു, സോസുകൾ പരമാവധി കുറച്ചു. വീഡിയോയുടെ അവസാനം ഇദ്ദേഹം വെളിപ്പെടുത്തുന്നത് താൻ ആകെ ചെലവഴിച്ചത് 19.94 ഡോളർ ആണെന്നാണ്. ഇന്ത്യൻ രൂപയിൽ 20 ഡോളർ 1,800 രൂപയോളം വരും.