
റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം തത്സമയ സംപ്രേക്ഷണം നടത്തുന്നതിനിടെ, അതിശക്തമായ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒരു പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഒഴുകിപ്പോയതായി റിപ്പോര്‍ട്ട്. ശക്തമായ വെള്ളപ്പൊക്കത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ നിന്ന് കൊണ്ട് സാഹസീക മാധ്യമ പ്രവര്‍ത്തനത്തിനിടെയാണ് അപകടമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അദ്ദേഹം ഒലിച്ച് പോയതിന് തൊട്ട് മുമ്പ് ചെയ്ത റിപ്പോര്‍ട്ടിന്‍റെ ഭാഗങ്ങൾ ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.
അലി മൂസ റാസ എന്ന മാധ്യമ പ്രവര്‍ത്തകനാണ് റിപ്പോര്‍ട്ടിംഗിനിടെ ഒലിച്ച് പോയത്. ഒലിച്ച് പോകുന്നതിന് മുമ്പ് അദ്ദേഹം ഒരു സുരക്ഷയുമില്ലാതെ അതിശക്തമായി ഒഴുകുന്ന വെള്ളത്തില്‍ കഴുത്തറ്റം ഇറങ്ങി നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് വീഡിയോയില്‍ കാണാം. കൈയില്‍ പിടിച്ചിരിക്കുന്ന മൈക്കും അദ്ദേഹത്തിന്‍റെ തലയും മാത്രമാണ് പുറത്ത് ദൃശ്യമായിട്ടുള്ളത്. ഇതിനിടെ വെള്ളത്തിന്‍റെ ശക്തി കൂടികയും അലി മൂസയുടെ ബാലന്‍സ് തെറ്റി അദ്ദേഹം ശക്തമായ ഒഴുക്കില്‍പ്പെടുകയുമായിരുന്നു.
പാകിസ്ഥാന്‍റെ കിഴക്കന്‍ മേഖലയില്‍ പെയ്യുന്ന അതിശക്തമായ മഴയില്‍ ഇതുവരെ പഞ്ചാബ് പ്രവിശ്യയിൽ മാത്രം 54 പേർ മരിച്ചതായും നിരവധി പേരെ കുടിയൊഴിപ്പിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം കിഴക്കന്‍ മേഖലകളില്‍ ഇപ്പോഴും ശക്തമായ മഴ പെയ്യുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ജൂലൈ 1 നും ജൂലൈ 15 നും ഇടയിൽ കഴിഞ്ഞ വർഷത്തെക്കാൾ 124% കൂടുതൽ മഴയാണ് പ്രദേശത്ത് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മേഘവിസ്ഫോടനത്തെ തുടർന്ന് ഝലം ജില്ലയില്‍ ശക്തമായ വെള്ളപ്പൊക്കമുണ്ടായി, നൂറുകണക്കിന് ആളുകളെ ഒഴിപ്പിക്കാന്‍ ബോട്ടുകൾ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.