
അയർലണ്ടിന്റെ തലസ്ഥാന നഗരമായ ഡബ്ലിനിൽ ഇന്ത്യക്കാരൻ പ്രദേശവാസികളുടെ ക്രൂരമായ വംശീയ ആക്രമണത്തിന് ഇരയായി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു ഇന്ത്യക്കാരനെ തദ്ദേശവാസികളായ ആളുകൾ ചേർന്ന് മർദ്ദിക്കുന്നതും മോശം വാക്കുകൾ വിളിച്ച് അധിക്ഷേപിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത് . ആക്രമണത്തിന് ഇരയായ ഇന്ത്യക്കാരന്‍റെ പേരോ മറ്റു വിവരങ്ങളോ സമൂഹ മാധ്യമ കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. അയർലണ്ടിൽ ഇന്ത്യക്കാർക്കെതിരെ അനുദിനം വംശീയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടയിലാണ് ഇപ്പോൾ മറ്റൊരു സംഭവം കൂടി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. വീഡിയോയിൽ ഇന്ത്യക്കാരനെ ആക്രമിക്കുന്നവർ 'ഇന്ത്യൻ പൗരന്മാർ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന്' ആവശ്യപ്പെടുന്നതും കേൾക്കാം.
ഏകദേശം ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ഐറിഷ് വംശജരിൽ ഒരാൾ ഇന്ത്യൻ കുടിയേറ്റക്കാരനെ കൈ കൊണ്ട് കുത്തുന്നതും ആക്രമണത്തിന് ഇരയായ വ്യക്തി സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതും കാണാം. കൂടാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാൻ ആക്രോശിക്കുന്നതും ഇന്ത്യക്കാരനെ പരിഹസിച്ച് ചിരിക്കുന്നതും വീഡിയോയിൽ കാണാം. ആക്രമണത്തിനിടയിൽ പലതവണ യുവാവിന്‍റെ ഫോൺ നിലത്ത് വീണു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിനിടയിലും 'ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു' എന്ന് ഇന്ത്യക്കാരനായ യുവാവ് തിരിച്ച് മറുപടി പറയുന്നുണ്ട്. ഇതുകൂടാതെ നിലത്ത് ഇരുന്ന് കൈകൂപ്പി യുവാവ് ക്ഷമാപണം നടത്തുന്നതും കാണാം.
"ഇന്നലെ രാത്രി ഡബ്ലിനിൽ ഒരാൾ ആക്രമിക്കപ്പെട്ടു" എന്ന കുറിപ്പോടെ @Thisisdublin0 ആണ് X-ൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാനും ദിവസങ്ങൾ മുൻപാണ് സമാനമായ രീതിയിൽ മറ്റൊരു വീഡിയോ അയർലണ്ടിൽ നിന്നും പുറത്തുവന്നത്. ഒരു ബസ്സിൽ യാത്ര ചെയ്യുന്നതിനിടയിൽ ഇന്ത്യക്കാരനായ കൗമാരക്കാരനെയും പിതാവിനെയും ഐറിഷ് പൗരന്മാർ ചേർന്ന് ആക്രമിക്കുന്ന രംഗങ്ങളായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ഒടുവിൽ ആക്രമണത്തെ ചെറുത്തുനിൽക്കാൻ കഴിയാതെ വന്നതോടെ ഇരുവരും ബസ്സിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ചും അയര്‍ലന്‍ഡിൽ ഇന്ത്യക്കാർക്കെതിരെയുള്ള വംശീയ അധിക്ഷേപങ്ങൾ വർദ്ധിച്ചു വരുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.