
ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നവരാണ് അധ്യാപകരെന്നാണ് പൊതുധാരണ. എന്നാല്‍ വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയുണ്ടായാലോ. അത്തരൊരു നിമിഷം ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച റെയിൽവേ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർക്ക് അഭിനന്ദനം. ബീഹാറിലെ ഒരു സര്‍ക്കാര്‍ സ്കൂൾ അധ്യാപികയാണ് ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുകയും അത് ചോദ്യം ചെയ്ത ടിടിഇയോട് തർക്കിക്കുകയും ചെയ്തത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വളരെ രൂക്ഷമായ വിമർശനമാണ് അധ്യാപികയ്ക്കെതിരെ ഉയരുന്നത്.
ഒന്നെങ്കില്‍ ടിക്കറ്റ് കാണിക്കുക, അല്ലെങ്കില്‍ പുറത്ത പോവുക എന്ന് ആവശ്യപ്പെട്ട ടിടിഇയോട് തട്ടിക്കയറിയ അധ്യാപികയെ വീഡിയോയില്‍ കാണാം. ടിക്കറ്റില്ലാതെ ഏസി കമ്പർട്ട്മെന്‍റിലിരുന്നായിരുന്നു യുവതിയായ അധ്യാപികയുടെ യാത്ര. ടിടിഇ യാത്രക്കാരി ബിഹാറിലെ ഒരു സ്കൂൾ ടീച്ചറാണെന്നും സ്ഥിരമായി കള്ളവണ്ടി കയറിയാണ് യാത്രയെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ യുവതിയാകട്ടെ താന്‍ തിരക്കിലാണെന്ന രീതിയില്‍ ഫോണില്‍ നോക്കിയിരിക്കുന്നു. ഇടയ്ക്ക് നീ എന്നെ ഉപദ്രവിക്കുകയാണെന്ന് പറഞ്ഞ് കൊണ്ട് എഴുന്നേറ്റ ഇവർ സ്ത്രീകളുടെ വീഡിയോ പകര്‍ത്താന്‍ പാടില്ലെന്ന് പറഞ്ഞ് ടിടിഇയുടെ ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുന്നതും കാണാം. ഇടയ്ക്ക് ഇവര് തന്‍റെ കൈയില്‍ ടിക്കറ്റ് ഉണ്ടെന്ന് അവകാശപ്പെടുന്നു. ഈ സമയം എങ്കില്‍ ടിക്കറ്റ് കാണിക്കൂവെന്ന് ടിടിഇ പറയുന്നുണ്ടെങ്കിലും അവര്‍ അതിന് തയ്യാറാകുന്നില്ല. ഞാൻ പോയില്ലെങ്കിൽ നീ എന്തു ചെയ്യുമെന്ന് യുവതി ചോദിക്കുന്നുണ്ടെങ്കിലും ഒടുവില്‍ അവർ തന്‍റെ ബാഗുമെടുത്ത് അവിടെ നിന്നും പോകുന്നതും വീഡിയോയില്‍ കാണാം.
അവൾ സ്വതന്ത്രയായി യാത്ര ചെയ്യുന്നു, മറ്റുള്ളവർക്ക് ജ്ഞാനം നൽകാൻ ദിവസം മുഴുവൻ ചെലവഴിക്കുന്നുവെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഇവർ പഠിപ്പിക്കുന്ന കുട്ടികൾ നാളെ ട്രെയിന്‍ അവരുടേതാണെന്ന് അവകാശപ്പെടുമോ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ സംശയം. ഇത്തരത്തിലുള്ള വീഡിയോകൾ കാണുമ്പോൾ, ബന്ധപ്പെട്ട വകുപ്പുകൾ സർക്കാർ ജീവനക്കാരുടെ സാമൂഹിക പെരുമാറ്റച്ചട്ടങ്ങളുടെയും നിയമങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും ലംഘനങ്ങൾ സ്വമേധയാ പരിഗണിക്കണമെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ടിടിഇ ടിക്കറ്റ് മാത്രമേ ചോദിച്ചുള്ളൂ. നിങ്ങളുടെ കൈവശം ടിക്കറ്റ് ഉണ്ടെങ്കിൽ അത് കാണിച്ചാൽ മതി, അതിൽ വിഷമിക്കേണ്ട കാര്യമില്ല... യഥാർത്ഥ പ്രശ്നം നിങ്ങളുടെ കൈവശം ടിക്കറ്റില്ല, മാത്രമല്ല, നിങ്ങൾ എ.സി.യിലാണ് യാത്ര ചെയ്യുന്നത് എന്നതാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെങ്കിൽ, ജനറൽ കമ്പാർട്ടുമെന്‍റിലേക്ക് പോകുക, അവിടെ നിങ്ങൾ പിടിക്കപ്പെട്ടാലും പിഴ കുറവായിരിക്കും, യാത്രയ്ക്കിടെ തർക്കങ്ങൾ ഉണ്ടാകില്ലെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടി.