റോഡിന് നടുവിൽ കടുവ, ഒരടി മുന്നോട്ട് പോവാനാവാതെ വാഹനങ്ങൾ, ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകൾ

Published : Nov 28, 2025, 09:44 PM IST
Tiger

Synopsis

വന്യമൃഗങ്ങളെ കണ്ടാൽ സാവധാനം വാഹനമോടിക്കാനും ഹോൺ മുഴക്കാതിരിക്കാനും വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനും വനം വകുപ്പ് അധികൃതർ യാത്രക്കാർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ താഡോബയിൽ റോഡിന്റെ നടുവിൽ ഇരുന്ന കടുവക്കുട്ടി കാരണം ​ഗതാ​ഗതസ്തംഭനം. റോഡിന്റെ നടുവിൽ ശാന്തനായി ഇരിക്കുകയായിരുന്നു കടുവക്കുട്ടി. പിന്നാലെ മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതം സ്തംഭിച്ചത്. താഡോബ കടുവാ സങ്കേതത്തിലെ ചന്ദ്രപൂർ –മോഹർലി റോഡിൽ നിന്നുള്ള ഈ വീഡിയോ ദിവസങ്ങൾക്കുള്ളിൽ കണ്ടത് നിരവധി പേരാണ്. പ്രദേശവാസിയായ ആകാശ് ആലമാണ് ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. വിനോദ സഞ്ചാരികളുടെയും ഗ്രാമവാസികളുടേതുമായ വാഹനങ്ങൾ കടുവക്കുട്ടി മാറിയതിന് ശേഷം റോഡ് തുറക്കാനായി ശാന്തമായി കാത്തിരിക്കുന്നത് കാണാം.

എന്നാൽ, ടാർ ചെയ്ത റോഡിൽ മണിക്കൂറുകളോളമാണ് കടുവക്കുട്ടി ഇരുന്നത്. ദൃശ്യങ്ങളിൽ ഉള്ളത് കടുവാ സങ്കേതത്തിലെ മധു എന്ന കടുവയുടെ കുട്ടിയാണെന്നാണ് കരുതപ്പെടുന്നത്. ചന്ദ്രപൂർ–മോഹർലി പാത കടന്നുപോകുന്നത് താഡോബയുടെ ബഫർ സോണിലൂടെയാണ്. ഇടതൂർന്ന വനമേഖലയും മൃഗങ്ങളുടെ സഞ്ചാരപാതകളും കാരണം വന്യജീവികൾ ഇവിടെ റോഡ് മുറിച്ചുകടക്കുന്നത് പതിവ് കാഴ്ചയാണ്. പ്രത്യേകിച്ച് അതിരാവിലെയും വൈകുന്നേരങ്ങളിലും നിരവധി വന്യമൃഗങ്ങൾ റോഡ് മുറിച്ച് കടക്കുന്നത് കാണാനാകും.

വന്യമൃഗങ്ങളെ കണ്ടാൽ സാവധാനം വാഹനമോടിക്കാനും ഹോൺ മുഴക്കാതിരിക്കാനും വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനും വനം വകുപ്പ് അധികൃതർ യാത്രക്കാർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൃഗങ്ങൾ അപ്രതീക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർക്ക് അപകട സാധ്യത കൂടുതലാണെന്നും അവർ പറയുന്നു. കൂടാതെ പല ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയിൽ മുൻപത്തേക്കാളും അപകടസാധ്യത കൂടിയതായും അധികൃതർ പറയുന്നു.

 

 

മനുഷ്യജീവനും വന്യജീവികളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി കർശനമായ യാത്രാ മാർ​ഗനിർദ്ദേശങ്ങൾ, മികച്ച നിരീക്ഷണസംവിധാനങ്ങൾ, പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തൽ എന്നിവ വർദ്ധിപ്പിക്കണമെന്ന് വീഡിയോ കണ്ടതിനുശേഷം നിരവധി പേർ ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും