
ഇന്ത്യയില്‍ വനത്തിലൂടെയുള്ള വാഹന ഗതാഗതം വന്യമൃഗങ്ങളുടെ മരണത്തിനും അതുവഴി വംശനാശത്തിനും കാരണമാകുന്നവെന്ന പരാതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വനത്തിലൂടെയുള്ള റെയില്‍ -റോഡ് അപകടങ്ങളില്‍പ്പെട്ട് ഓരോ വര്‍ഷവും നിരവധി മൃഗങ്ങളാണ് മരിച്ച് വീഴുന്നത്. ഇതിനിടെ ഗര്‍ഭിണിയായ ഒരാനയ്ക്ക് പ്രസവിക്കാനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിട്ട ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി.
ജാർഖണ്ഡിലൂടെ പോകുന്ന ഇന്ത്യന്‍ റെയില്‍വേയുടെ റൂട്ടിലാണ് സംഭവം. റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് ആനയ്ക്ക് പ്രസവവേദന വന്നത്. ഏതാണ്ട് ഇതേ സമയം ഒരു ട്രെയിന്‍ പാളത്തിലൂടെ എത്തുകയും ചെയ്തു. ആനയെ കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. ആന പാളത്തിൽ നിന്നും താഴേയ്ക്ക് ഇറങ്ങിയെങ്കിലും അതിന് അധികദൂരം നടക്കാന്‍ കഴിഞ്ഞില്ല. ഈ സമയം ട്രെയിന്‍ അല്പം ദൂരെയായി നിര്‍ത്തിയിട്ടു. ഏതാണ്ട് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ആന. തന്‍റെ കുഞ്ഞുമായി റെയില്‍വേ പാളത്തില്‍ നിന്നും ദൂരേയ്ക്ക് നടന്ന് നീങ്ങി.
സംഭവത്തിന്‍റെ രണ്ട് വീഡിയോകൾ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് എക്‌സിൽ പങ്കുവച്ചു. മനുഷ്യ-മൃഗ സംഘർഷങ്ങളുടെ കാലത്ത് മനുഷ്യ-മൃഗ ഐക്യത്തിന്‍റെ വീഡിയോ പങ്കുവയ്ക്കുന്നതിലെ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. ഒപ്പം രാജ്യത്തെ 3,500 കിലോമീറ്റർ റെയിൽവേ ട്രാക്കുകളിൽ നടത്തിയ സർവേയിൽ 110-ലധികം സെൻസിറ്റീവ് സ്ഥലങ്ങൾ തിരിച്ചറിഞ്ഞെന്നും ഇതിനൊപ്പം ഇത്തരത്തിലുള്ള ദൃശ്യങ്ങൾ കാണുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം എഴുതി. ഒപ്പം ആനയെ പ്രസവിക്കാന്‍ സഹായിച്ച റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും ജാർഖണ്ഡ് വനം വകുപ്പിനും അദ്ദേഹം നന്ദി പറഞ്ഞു. നിരവധി കാഴ്ചക്കാര്‍ ട്രെയിന്‍റെ ലോക്കോപൈലറ്റിനും ട്രെയിനിലെ യാത്രക്കാരെയും അഭിനന്ദിച്ചു. ഇന്ന് കണ്ട ഏറ്റവും നല്ല വാർത്തകളിൽ ഒന്നാണിതെന്നും വീഡിയോ പങ്കുവച്ചതിന് നന്ദിയെന്നുമായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. കുറഞ്ഞത് ആനയും കുഞ്ഞും സുരക്ഷിതരാണ്. അതേസമയം മറ്റ് ചിലര്‍, ഇന്ത്യയിലെ വനങ്ങളില്‍ കൊല്ലപ്പെടുന്ന മൃഗങ്ങളുടെ കണക്കുകളില്‍ മന്ത്രിയ്ക്ക് എന്താണ് പറയാനുള്ളതെന്ന് ചോദിച്ച് കൊണ്ട് രംഗത്തെത്തി.