
വിമാനാപകടങ്ങൾ, വിമാനങ്ങളുടെ അപ്രതീക്ഷിത സമയം വൈകലുകൾ, തകരാറുകൾ എന്നിങ്ങനെ വിവിധങ്ങളായ വാർത്തകളാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി എയർലൈൻസ് സർവീസുകളുമായി ബന്ധപ്പെട്ട് ലോകമെങ്ങും ഉയർന്നു കൊണ്ടിരിക്കുന്നത്. യാത്രക്കാരുടെ മോശം പെരുമാറ്റവും സുരക്ഷിത യാത്രയെ തടസ്സപ്പെടുത്തുമെന്ന് കാണിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ ഒരു യാത്രക്കാരൻ വിമാനത്തിനുള്ളിൽ കാട്ടിക്കൂട്ടിയ കോലാഹലകളാണ് വീഡിയോയിലുള്ളത്. വിമാനത്തിനുള്ളിൽ ഇയാൾ നടത്തിയ വൺമാൻ ഷോ മുഴുവൻ സഹയാത്രക്കാർക്കും അസ്വസ്ഥത ഉണ്ടാക്കി.
ഷാർലറ്റിൽ നിന്ന് വിമാനം പറന്നുയരുന്നതിന് മുമ്പ് ആരംഭിച്ച ഇയാളുടെ ബഹളം ഏകദേശം 15 മിനിറ്റോളം നീണ്ടുനിന്നു. തന്‍റെ ഫോൺ ചാർജർ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടതാണ് ആദ്യം ഇയാൾ വിമാനത്തിലെ ക്രൂ അംഗങ്ങളോട് വാഗ്വാദത്തിൽ ഏർപ്പെട്ടത്. ചാർജർ നഷ്ടപ്പെട്ടതിന് തനിക്ക് നഷ്ടപരിഹാരമായി പണം നൽകണമെന്ന് ഇയാൾ ക്യാബിൻ ക്രൂ അംഗങ്ങളോട് പറയുന്നത് വീഡിയോയിൽ കാണാം. പിന്നീട് താൻ സംസാരം നിർത്തി സീറ്റിൽ ഇരിക്കണമെങ്കിൽ തനിക്ക് മദ്യം വേണമെന്നും ഇയാൾ ആവശ്യപ്പെടുന്നു. ഈ യാത്രക്കാരൻ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും വീഡിയോയുടെ തുടക്കത്തിൽ ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത് ഈസ്റ്റ് കോസ്റ്റിലെ ഒരു യഥാർത്ഥ മനുഷ്യനാണ് താൻ എന്നാണ്.
കാബിൻ ക്രൂ അംഗങ്ങൾ പലതരത്തിൽ ഇയാളെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അതിന് വഴങ്ങാതെ ഇയാൾ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് വീഡിയോയിൽ കാണാം. ഒരു ഘട്ടത്തിൽ തന്‍റെ ബാക്ക്‌പാക്കിൽ നിന്ന് ഒരു ഓറഞ്ച് നിറത്തിലുള്ള കുപ്പി പുറത്തെടുത്ത് വിമാനത്തിനുള്ളിൽ വച്ച് കഞ്ചാവ് വലിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നു. തുടർന്ന് അയാൾ ക്രൂ അംഗങ്ങളോട് തനിക്കും മറ്റ് യാത്രക്കാർക്കും ടിക്കറ്റിന് മുടക്കിയ പണം തിരികെ നൽകാൻ ആവശ്യപ്പെടുന്നു.
ഇതിനിടയിൽ 100 ഡോളർ അതായത് ഏകദേശം 8,000 ഓളം ഇന്ത്യൻ രൂപ നൽകാമെന്നും തന്നെ കോക്പ്പിറ്റൽ കയറ്റണമെന്നും ഇയാൾ ആവശ്യപ്പെടുന്നു. തനിക്ക് പൈലറ്റിന്‍റെ അടുത്തിരുന്ന് യാത്ര ചെയ്യണമെന്നാണ് ക്രൂ അംഗങ്ങളോട് ഇയാൾ പറയുന്നത്. വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ശല്യക്കാരനായ യാത്രക്കാരനെ വിമാനത്തിൽ നിന്നും ഒടുവിൽ പുറത്താക്കിയതായി അമേരിക്കൻ എയർലൈൻസ് ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. ഇയാളെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടതിന് ശേഷം ഷെഡ്യൂൾ ചെയ്ത സമയത്ത് തന്നെ യാത്ര ആരംഭിച്ചുവെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി. എക്സില്‍ സംഭവത്തിന്‍റെ അഞ്ച് വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്.
+5