
ഇന്ത്യയിലെമ്പാടും വികസന കുതിപ്പാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. രാജ്യമെങ്ങും ഉയരുന്ന റോഡുകളുടെയും പാലങ്ങളുടെയും എണ്ണം കാണിച്ചാണ് ഈ വാദം. എന്നാല്‍ രാജ്യത്തെ, പണി നടക്കുന്ന എതാണ്ടെല്ലാ ദേശീയ ഹൈവേകളും പാലങ്ങളും റോഡുകളും തകരുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. ദേശീയ പാതയില്‍ പണിപൂര്‍ത്തിയായതും നിര്‍മ്മാണത്തില്‍ ഇരിക്കുന്നതുമായ 21 പാലങ്ങളാണ് 2024 ല്‍ മാത്രം തകർന്നതെന്ന് രാജ്യസഭയില്‍ ദേശീയ ഗതാഗത മന്ത്രാലയം അറിയിച്ചത്. കേരളത്തിലെ ദേശീയ പാത വികസനം കാസര്‍കോട് മുതല്‍ ഏതാണ്ട് മലപ്പുറം വരെയുള്ള ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളില്‍ നിരവധി ഭാഗങ്ങളാണ് തകർന്ന് വീണത്. ഇതിനിടെയാണ് വിചിത്രമായ ഒരു റോഡ് നിര്‍മ്മാണത്തിന്‍റെ വാര്‍ത്ത ബീഹാറില്‍ നിന്നും പുറത്ത് വരുന്നത്.
ബീഹാറിന്‍റെ തലസ്ഥാനമായ പാറ്റ്നയില്‍ നിന്നും 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള ജെഹാനാബാദ് ജില്ലയിലെ ഒരു റോഡാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടിയത്. റോഡിന്‍റെ പണി പൂര്‍ത്തിയായപ്പോൾ ഒത്ത നടുവില്‍ മൊത്തം മരങ്ങൾ. മരങ്ങളുടെ ചുറ്റുവശം മുഴുവനും ടാറിട്ട നിലയിലും. 'കോണ്‍ട്രാക്ടറുടെ പ്രകൃതി സ്നേഹ'മെന്നാണ് സമൂഹ മാധ്യമങ്ങളിലെ പരിഹാസം.
പാറ്റയില്‍ നിന്നും ഗയയിലേക്കുള്ള 7.48 കിലോമീറ്റര്‍ റോഡാണ് ഇത്രയും വിചിത്രമായ രീതിയിൽ പണിതിരിക്കുന്നത്. റോഡിന്‍റെ ഒത്ത നടുക്കായി ഒന്നും രണ്ടുമല്ല. നിരവധി മരങ്ങളാണ് നില്‍ക്കുന്നത്. രണ്ട് സര്‍ക്കാര്‍ വകുപ്പുകൾ തമ്മിലുള്ള പ്രശ്നമാണ് മരങ്ങൾ റോഡിന് നടുക്കാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. റോഡ് വീതിക്കൂട്ടാന്‍ തീരുമാനിച്ചപ്പോൾ പ്രാദേശിക ഭരണകൂടം വനംവകുപ്പിന് മരം മുറിക്കാനുള്ള അനുമതി തേടി കത്തെഴുതി. റോഡ് നിർമ്മാണത്തിനായി മുറിക്കുന്ന 14 ഹെക്ടര്‍ പ്രദേശത്തെ മരത്തിന് നഷ്ടപരിഹാരം വേണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടു. പക്ഷേ. വനംവകുപ്പ് ആവശ്യപ്പെട്ട പണം കണ്ടെത്താന്‍ പ്രാദേശിക ഭരണകൂടത്തിനായില്ല. പണി പറഞ്ഞ സമയത്ത് തീര്‍ത്തില്ലെങ്കില്‍ ഫണ്ട് കിട്ടിയില്ലെങ്കിലോ എന്ന് കരുതി തുടങ്ങിയ പണി കോണ്‍ട്രാക്ടര്‍ പൂര്‍ത്തികരിച്ചു. അനുമതിയില്ലാതതിനാല്‍ ഒറ്റ മരവും മുറിക്കാതെ ഇരുപുറവും ടാർ ചെയ്താണ് റോഡ് പണി പൂര്‍ത്തിയാക്കിയത്.
റോഡ് പണി പൂര്‍ത്തിയായതോടെ അപകടങ്ങളുടെ പരമ്പരയാണെന്ന് പ്രദേശവാസികൾ പറയുന്നു. പ്രത്യേകിച്ചും രാത്രിയിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് റോഡിന് നടുവില്‍ മരം കണ്ട് വെട്ടിക്കുന്നു. ഈ സമയം വാഹനം മറ്റൊരു മരത്തില്‍പോയി ഇടിക്കും. ഇതുവഴിയുള്ള ഗതാഗതം ഏറെ ശ്രമകരവും അപകടസാധ്യത കൂടിയതുമാണെന്നാണ് നാട്ടുകാരും പറയുന്നത്. നടുക്ക് മരങ്ങൾ നില്‍ക്കുന്ന വിചിത്രമായ റോഡ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അതേസമയം പ്രശ്നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ഇതുവരെ ശ്രമങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നത് പ്രശ്നത്തിന്‍റെ തീവ്ര വര്‍ദ്ധിപ്പിക്കുന്നു.