
സമീപ വര്‍ഷങ്ങളില്‍ ലോകത്തിലെ വിമാന സര്‍വ്വീസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അത് യൂറോപ്പ്. അമേരിക്കന്‍ വന്‍കരകളില്‍ മാത്രമല്ല, ലോകത്തെമ്പാടും ഈ വര്‍ദ്ധനവ് കാണാന്‍ കഴിയും. അതേസമയം സമീപ വര്‍ഷങ്ങളില്‍ വിമാന ദുരന്തങ്ങൾ വർദ്ധിച്ചെന്നത് ആശങ്ക കൂട്ടുന്നു. മാസത്തില്‍ ചെറുതും വലുതുമായി ഒന്നോ രണ്ടോ വിമാനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം മെക്സിക്കോയില്‍ നൂറുകണക്കിന് മനുഷ്യരുടെ ജീവന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒരു വിമാനം പറന്നുയരാനായി റണ്‍വേയിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ തൊട്ട് മുകളിലൂടെ പറന്ന് വന്ന മറ്റൊരു വിമാനം അതേ റണ്‍വേയില്‍ ലാന്‍റ് ചെയ്യുകയായിരുന്നു. ഒരു നിമിഷാര്‍ദ്ധത്തിന്‍റെ വ്യത്യാസത്തില്‍ ജീവന്‍ രക്ഷപ്പെട്ടത് നൂറുകണക്ക് മനുഷ്യര്‍ക്ക്.
മെക്സിക്കോ സിറ്റിയിലെ ബെനിറ്റോ ജുവാരസ് വിമാനത്താവളത്തിലായിരുന്നു സംഭവം. 144 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയരാനായി ഡെൽറ്റ എയർ ലൈൻസിന്‍റെ ബോയിംഗ് 590, എയറോപ്യൂർട്ടോ ഇന്‍റർനാഷണൽ ബെനിറ്റോ ജുവാരസിന്‍റെ റൺവേയിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ പിന്നില്‍ നിന്നും അതേ റണ്‍വേയിലേക്ക് ഒരു എയറോമെക്സിക്കോ റീജിയണൽ ജെറ്റ് പറന്നിറങ്ങുകയായിരുന്നു. ഈ സമയം ഇരുവിമാനങ്ങളും തമ്മില്‍ വെറും 200 അടിയുടെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നൊള്ളൂവെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്റാഡാർ 24 -റിന്‍റെ, ഏവിയേഷൻ റഡാർ വ്യൂവിൽ ചിത്രീകരിച്ച ഒരു വീഡിയോയിലൂടെ സംഭവത്തിന്‍റെ ഒരു റെൻഡറിംഗ് കാണിച്ചു. എംബ്രയർ 190 റീജിയണൽ ജെറ്റായ എയ്‌റോമെക്സിക്കോ കണക്റ്റ് ഫ്ലൈറ്റ് 1631, മുന്നോട്ട് നീങ്ങുകയായിരുന്ന ഡെൽറ്റ വിമാനത്തിന് 200 അടി മാത്രം വ്യത്യാസത്തില്‍ പറന്നിറങ്ങി റൺവേ 5R-ലൂടെ മുന്നോട്ട് നീങ്ങുന്നത് കാണാം. പറന്നുയരാന്‍ പോകുന്നതിനിടെ മറ്റൊരു വിമാനം തൊട്ട് മുന്നിൽ ലാന്‍റ് ചെയ്തതിന് പിന്നാലെ ഡെൽറ്റ എയർ ലൈൻസിന്‍റെ പൈലറ്റുമാർ ടേക്ക് ഓഫ് അവസാനിപ്പിക്കുകയും വിമാനം വീണ്ടും ടെര്‍മിനലിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വിമാനം വീണ്ടും പറന്നുയര്‍ന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.