
പ്രവാസികളായ ഇന്ത്യന്‍ വംശജർക്കെതിരെ പല തരത്തിലുള്ള അക്രമണങ്ങളാണ് ലോകമെങ്ങു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അയർലന്‍ഡില്‍ നിന്നും കാനഡയിൽ നിന്നും ഇന്ത്യന്‍ വംശജർക്കെതിരെ ക്രൂരമായ അക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ യുകെയില്‍ നിന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഭക്ഷണം കഴിച്ച് പണം നല്‍കാതെ മുങ്ങിയ തദ്ദേശവാസികളെ കുറിച്ചാണ്. ഇന്ത്യന്‍ വംശന്‍ നടത്തുന്ന റെസ്റ്റോറന്‍റിലാണ് സംഭവം. യുവാക്കൾ ഭക്ഷണം കഴിച്ച് പണം നല്‍കാതെ റെസ്റ്റോറന്‍റില്‍ നിന്നും ഓടുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഇംഗ്ലണ്ടിലെ നോർത്താംപ്ടണിലെ ഇന്ത്യൻ റസ്റ്റോറന്‍റിൽ നിന്നും 23,000 രൂപയുടെ ഭക്ഷണം കഴിച്ച ശേഷമാണ് യുവാക്കൾ ബിൽ അടയ്ക്കാതെ ഇറങ്ങിയോടിയത്. ഓഗസ്റ്റ് 4 -ന് നോർത്താംപ്ടണിലുള്ള ഒരു ഇന്ത്യൻ റസ്റ്റോറന്‍റിൽ നിന്ന് നാല് പേരടങ്ങുന്ന ഒരു സംഘം യുവാക്കളാണ് ഏകദേശം 200 പൗണ്ടിന്‍റെ ഭക്ഷണം കഴിച്ച ശേഷം ബിൽ അടയ്ക്കാതെ ഇറങ്ങിയോടിയത്. സാഫ്രോൺ നോർത്താംപ്ടൺ എന്ന റസ്റ്റോറന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെട്ടു. ഭക്ഷണം കഴിച്ചതിന് ശേഷം ബില്ല് അടയ്ക്കാതെ കൗണ്ടറിന് മുന്നിലൂടെ യുവാക്കൾ ഓടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍, ലോക്കല്‍ പോലീസില്‍ നിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
Great British Curry Robbery എന്നായിരുന്നു റെസ്റ്റോറന്‍റ് വീഡിയോയ്ക്ക് നല്‍കിയ പേര്. വൈറലായ ഒരു വീഡിയോയിൽ, നാല് യുവാക്കൾ റെസ്റ്റോറന്‍റിലേക്ക് പ്രവേശിക്കുന്നത് കാണാം. മറ്റേ വീഡിയോയില്‍ ഭക്ഷണം കഴിച്ച ശേഷം യുവാക്കൾ, വെയ്റ്റർ സമീപത്ത് നിന്നും മാറുന്നത് വരെ കാത്തിരിക്കുകയും അദ്ദേഹം അവിടെ നിന്നും മാറിയതിന് പിന്നാലെ റെസ്റ്റോറിന്‍റില്‍ നിന്നും നാല് പേരും ഇറങ്ങി ഓടുന്നതും ജീവനക്കാര്‍ ഇവര്‍ക്ക് പിന്നാലെ ഓടുന്നതും കാണാം. 'പ്രാദേശിക ബിസിനസുകൾക്ക് മുന്നറിയിപ്പ്. ഇന്നലെ രാത്രി ഏകദേശം 10:15 ന് നാല് യുവാക്കൾ ഞങ്ങളുടെ റസ്റ്റോറന്‍റിൽ കയറി, ഒരു ഫുൾ മീൽ കഴിച്ചു. പണം നൽകാതെ പോയി' വീഡിയോ പങ്കുവച്ച് കൊണ്ട് സഫ്രോൺ നോർത്താംപ്ടൺ ഫേസ്ബുക്കിൽ വീഡിയോകൾ പങ്കുവച്ചു. ഒപ്പം ഇത്തരം മോഷണങ്ങൾ കഠിനാധ്വാനികളായ ചെറുകിട ബിസിനസുകാരെ ദോഷകരമായി ബാധിക്കുമെന്നും കുറിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ അടക്കം പരാതി നൽകി. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിൽ ബന്ധപ്പെടണണെന്ന് നോർത്താംപ്ടൺഷെയർ പോലീസ് അറിയിച്ചു.