
എപ്പോഴെങ്കിലും തണ്ണിമത്തൻ വാങ്ങാൻ പോയി ഏതെടുക്കണമെന്ന് കൺഫ്യൂഷൻ അടിച്ച് നിന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇനി അതിനും ചാറ്റ് ജിപിടിയുടെ സഹായം തേടാമെന്ന് പറയുകയാണ് ഒരു വീഡിയോ. കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോയിൽ ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഒരു യുവതി തണ്ണിമത്തൻ തെരഞ്ഞെടുക്കുന്ന രസകരമായ കാഴ്ചയാണ് ഉള്ളത്. യുവതി തണ്ണിമത്തൻ വാങ്ങിക്കുന്നതിനായി ഒരു കടയിൽ ചെല്ലുന്നതാണ് വീഡിയോയിലുള്ളത്.
കടയിൽ കൂട്ടിയിട്ടിരിക്കുന്ന തണ്ണിമത്തനുകൾക്ക് ഇടയിൽ നിന്ന് ഏതെടുക്കണം എന്ന സംശയം സാധാരണ പോലെ യുവതിക്കുണ്ടായി. പിന്നെ വൈകിയില്ല, യുവതി നേരെ ചാറ്റ് ജിപിടിയോട് ഏതെടുക്കണമെന്ന് അഭിപ്രായം ചോദിക്കുന്നു. അതിനായി കടയിൽ കൂട്ടിയിട്ടിരുന്നു തണ്ണിമത്തനുകളുടെ ഒരു ചിത്രവും അവർ ചാറ്റ് ജിപിടിയ്ക്ക് അയച്ച് കൊടുക്കുന്നു. ഉടനെ വന്നു ചാറ്റ് ജിപിടിയുടെ ഉത്തരം. കൂട്ടത്തിൽ ഇളം മഞ്ഞ നിറമുള്ള തണ്ണിമത്തൻ തെരഞ്ഞെടുക്കാൻ ആയിരുന്നു ചാറ്റ് ജിപിടി നിർദ്ദേശിച്ചത്. യുവതി അയച്ച ചിത്രത്തിൽ കൃത്യമായി വാങ്ങിക്കേണ്ട തണ്ണിമത്തൻ ഏതാണെന്ന് മാർക്ക് ചെയ്ത് തിരിച്ച് അയച്ച് കൊടുത്തു കൊണ്ടാണ് ചാറ്റ് ജിപിടി തന്‍റെ നിർദ്ദേശം വ്യക്തമാക്കിയത്.
ആ തെരഞ്ഞെടുപ്പിനെ അക്ഷരംപ്രതി അംഗീകരിക്കാൻ യുവതി തീരുമാനിച്ചു. ചാറ്റ് ജിപിടി നിർദ്ദേശിച്ച തണ്ണിമത്തനും വാങ്ങി വീട്ടിലെത്തി. മുറിച്ചപ്പോൾ കിട്ടിയ ഫലവും നിരാശാജനകമായിരുന്നില്ല. നല്ല കടും ചുവപ്പു നിറത്തിലുള്ള തണ്ണിമത്തൻ കഴിച്ചുകൊണ്ട് യുവതി വ്യക്തമാക്കിയത് നല്ല മധുരവും രുചികരവുമായ തണ്ണിമത്തനാണ് അതെന്നാണ്. തന്‍റെ അനുഭവം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച് കൊണ്ട് യുവതി കുറിച്ചത്, 'ഇനി ആരും തണ്ണിമത്തൻ വാങ്ങുന്നതിന് മുൻപ് കൺഫ്യൂഷൻ അടിക്കേണ്ട ധൈര്യമായി ചാറ്റ് ജിപിടിയോട് ചോദിക്കാം' എന്നായിരുന്നു. സമൂഹ മാധ്യമത്തില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനോടകം 7 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടു കഴിഞ്ഞത്. എഐയുടെ ഏറ്റവും നല്ല ഉപയോഗമാണ് ഇതെന്നായിരുന്നു വീഡിയോ കണ്ടവരിൽ ചിലർ അഭിപ്രായപ്പെട്ടത്. അതേസമയം മനുഷ്യന്‍റെ തലച്ചോറിന് ഇനി പണിയുണ്ടാകില്ലെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടു. താങ്കൾ ഒരു ജ്ഞാനി തന്നെയെന്നായിരുന്നു മറ്റ് ചിലർ യുവതിയെ അഭിനന്ദിച്ചത്.