
ചൈനയിലെ ഒരു ബോയ്ബാന്‍ഡ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതാണ് വ്ളാഡിസ്ലേവ് ഇവാനോവ് എന്ന റഷ്യന്‍ യുവാവ്. എന്നാല്‍, കഴിഞ്ഞ കുറച്ച് നാളുകളായി എങ്ങനെയെങ്കിലും അതില്‍ നിന്നും പുറത്ത് കടന്നാൽ മതി എന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. റഷ്യയില്‍ നിന്നുള്ള ഇരുപത്തിയേഴുകാരനാണ് ഇവാനോവ്. 'പ്രൊഡ്യൂസ് കാമ്പ് 2021' - എന്ന ഷോയിൽ പരിഭാഷകനായി ജോലി ചെയ്യവേയാണ് 'ഇവാനോവ് കാണാനൊക്കെ കൊള്ളാം എന്നാല്‍ മത്സരത്തില്‍ പങ്കെടുത്തുകൂടേ' എന്ന് പ്രൊഡ്യൂസര്‍മാര്‍ ചോദിക്കുന്നത്.
അതൊരു പുതിയ അനുഭവവും ജീവിതവും ആകുമെന്ന വാക്കില്‍ അവന്‍ സമ്മതിക്കുകയും ചെയ്‍തു. എന്നാല്‍, കുറച്ച് കഴിഞ്ഞപ്പോൾ തന്നെ തന്‍റെ തീരുമാനത്തില്‍ അവന്‍ പശ്ചാത്തപിച്ച് തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, കോണ്‍ട്രാക്ട് തീരാതെ അവിടെ നിന്നും ഇറങ്ങണമെങ്കില്‍ വന്‍ തുക പിഴയായി നല്‍കേണ്ടി വരും എന്നതിനാല്‍ ഇറങ്ങിപ്പോകാനും കഴിഞ്ഞില്ല. അങ്ങനെ പ്രേക്ഷകരോട് 'തന്നെ എങ്ങനെയെങ്കിലും ഇതില്‍ നിന്നും പുറത്താക്കി വീട്ടില്‍ പോവാന്‍ സഹായിക്കണം' എന്ന് അഭ്യര്‍ത്ഥിച്ച് തുടങ്ങി ഇവാനോവ്. മാത്രമല്ല, വളരെ മോശം പ്രകടനവും കാഴ്ചവച്ച് തുടങ്ങി.
കൊറിയയിലാണ് ഇങ്ങനെയൊരു പ്രോഗ്രാം ആദ്യമായി തുടങ്ങിയത്. ഈ പരിപാടിയില്‍ പങ്കെടുക്കുന്നവരെ പരസ്‍പരം മത്സരിക്കാന്‍ പ്രേരിപ്പിക്കുകയും അവസാനം വിജയികളായവരെ വച്ച് ഒരു ഇന്‍റര്‍നാഷണല്‍ ബോയ്‍ബാന്‍ഡ് രൂപീകരിക്കുകയും ആണ് ചെയ്യുക. ഹൈനാന്‍ ദ്വീപിലെ ഒരു മുറിയിലാണ് ഇവരെ പാര്‍പ്പിച്ചത്. ഫോണുകളെല്ലാം വാങ്ങിവയ്ക്കുകയും ചെയ്‍തിരുന്നു. ലെലൂഷ് എന്നായിരുന്നു ഷോയിലെ ഇവാനോവിന്‍റെ പേര്. 'എന്നെ സ്നേഹിക്കരുത്, അത് നിങ്ങള്‍ക്ക് യാതൊരു ഫലവും ചെയ്യില്ല' എന്നാണ് പുറത്തിറങ്ങാനുള്ള ആഗ്രഹത്താല്‍ ഇവാനോവ് പ്രേക്ഷകരോട് പറഞ്ഞത്. എതിരാളികളുടെ ഹൈ പോപ്പിന് വിരുദ്ധമായി ഇവാനോവിന്‍റെ ആദ്യഗാനം ഒരു റഷ്യൻ റാപ്പ് ആയിരുന്നു. എന്നാല്‍, പിന്നീടുള്ള എപ്പിസോഡില്‍ അവന്‍ പറഞ്ഞത് 'ഫൈനലിലേക്ക് പോകാന്‍ എന്നെ തുണക്കരുത്, ഞാന്‍ ക്ഷീണിതനാണ്' എന്നാണ്.
'വിധികര്‍ത്താക്കള്‍ എന്നെ പിന്തുണക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്. എല്ലാ മത്സരാര്‍ത്ഥികളും എ നേടാനാവും ആഗ്രഹിക്കുന്നത്. എന്നാല്‍, ഞാന്‍ എഫ് നേടാനാണ് ആഗ്രഹിക്കുന്നത്. എഫ് എന്നാല്‍ ഫ്രീഡം എന്നാണ്' ഇങ്ങനെയാണ് ഇവാനോവ് പറഞ്ഞതെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്‍റെ അപേക്ഷകളാരും കേട്ടിട്ടില്ല എന്ന് വേണം കരുതാന്‍. ഡിജിറ്റല്‍ കണ്ടന്‍റുകളടക്കം മൂന്ന് മാസമായി പത്ത് എപ്പിസോഡുകള്‍ മുന്നോട്ട് പോയി. ആ സമയത്തേക്ക് ഇവാനോവിന് വലിയ ആരാധകവൃന്ദവും ഉണ്ടായി. പരസ്‍പരം വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അതേസമയം തന്നെ അവന്‍റെ അവസ്ഥയെ കുറിച്ച് പലവിധ പരാമര്‍ശങ്ങളും ഉണ്ടായി.
ചിലരവനെ 'ഏറ്റവും ദയനീയനായ കൂലി അടിമ' എന്ന് വിളിച്ചു. ജീവിതത്തോട് ഒരു തോൽവി മനോഭാവം പുലർത്തുകയെന്ന ചൈനീസ് സങ്കല്പമായ 'സാങ് സംസ്കാര'ത്തിന്റെ പ്രതിരൂപമായി അവനെ ആഘോഷിക്കുകയും ചെയ്തു ചിലർ. ക്യാമറയ്ക്ക് മുന്നില്‍ ഒരു നാരങ്ങ തിന്നുകൊണ്ട് 'നിങ്ങളിനിയും എന്നെ പിന്തുണക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്' എന്നും ഇവാനോവ് പറയുകയുണ്ടായി. ഏതായാലും പിന്നീട് അവന്‍ ഷോയില്‍ നിന്നും പുറത്തായി. ശനിയാഴ്ചയാണ് വോട്ട് ഇല്ലാത്തതിനാല്‍ ഇവാനോവ് പുറത്തായത്. പിറ്റേദിവസം തന്‍റെ വെയ്‍ബോ അക്കൗണ്ടില്‍ 'ഒടുവില്‍ ഞാന്‍ ജോലിയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നു' എന്ന് ഇവാനോവ് കുറിക്കുകയുണ്ടായി. അവന്‍റെ പുറത്താവലുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു ഹാഷ്‍ടാഗ് 180m തവണ കാണുകയും 59,000 തവണ റീപോസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. അതില്‍ റഷ്യന്‍ എംബസിയും പെടുന്നു, 'കണ്‍ഗ്രാറ്റ്സ്, ഇനി കുറച്ച് വിശ്രമിക്കൂ' എന്നാണ് റഷ്യന്‍ എംബസി എഴുതിയിരുന്നത്.
ചൈനീസ് റിയാലിറ്റി ഷോയില്‍ ഇവാനോവിനെ തടവിലാക്കിയിരിക്കുകയാണ് എന്ന് കാണിച്ച് നേരത്തെ പ്രതിഷേധങ്ങളുണ്ടായിരുന്നു. 'ഫ്രീ ലെലൂഷ്' (#FreeLelush or #СвободуЛелушу) എന്നും പറഞ്ഞ് കാമ്പയിനുകളും നടക്കുകയുണ്ടായി. ഒരാഴ്ച മുമ്പാണ് സ്റ്റേറ്റ് മാധ്യമങ്ങള്‍ ഇവാനോവിനെ കുറിച്ച് വാര്‍ത്തകളെഴുതി തുടങ്ങിയത്. അതോടെ, നിരവധി റഷ്യന്‍ ബ്ലോഗര്‍മാര്‍ ഇവാനോവിനെ റിയാലിറ്റി ഷോയില്‍ നിന്നും പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എഴുതുകയുണ്ടായി. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയും ആരാധകരെയും സമ്പാദിച്ച ഇവാനോവിന്റെ കഥ ഒരു പബ്ലിസിറ്റിസ്റ്റണ്ടാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ സുഹൃത്ത്, ഏജൻസി എക്സിക്യൂട്ടീവ് ഇവാൻ വാങ് പറഞ്ഞത് 'ഒരുതരത്തിലും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയല്ല ഇവാനോവ്' എന്നാണ്. നേരത്തെ ഒരു കമ്പനിക്ക് വേണ്ടി മോഡലിംഗ് ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ 'സെറ്റില്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ നില്‍ക്കാന്‍ തനിക്കാവില്ല, അതിനാല്‍ താനില്ല' എന്നാണ് ഇവാനോവ് മറുപടി അയച്ചത് എന്നും വാങ് പറയുകയുണ്ടായി.
'നേരത്തെ തന്നെ 'പ്രൊഡ്യൂസ് കാമ്പ് 2021' -ല്‍ നിന്നും അവന് ക്ഷണമുണ്ടായിരുന്നു. അപ്പോഴൊക്കെ അവനത് നിരസിച്ചു. എന്നാല്‍, ദ്വീപിലെ ഏകാന്തജീവിതം മടുത്തപ്പോള്‍ റിയാലിറ്റി ഷോയിലെ ജീവിതം തന്‍റെ അന്തര്‍മുഖത്വം കുറക്കുമെന്ന ധാരണയിലാണ് ഇവാനോവ് അതില്‍ പങ്കെടുത്തത്' എന്നും വാങ് പറഞ്ഞു. ഏതായാലും, ഇവാനോവ് അവിടെ തന്നെ നില്‍ക്കുകയും തന്‍റെ മോഡലിംഗ് ജീവിതം തുടരുകയും ചെയ്യുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിച്ചത്. പക്ഷേ, അതില്‍ നിന്നും വിഭിന്നമായി ഷോയിൽ നിന്നും പുറത്തിറങ്ങി ബെയ്‍ജിംഗ് വിമാനത്താവളത്തിലെത്തിയ ഇവാനോവിന് നേരെ അതിക്രമങ്ങളുണ്ടായി എന്നും റിപ്പോര്‍ട്ടുകളുണ്ട് എന്ന് ഗാര്‍ഡിയന്‍ എഴുതുന്നു.