മനുഷ്യന്റെ തലച്ചോറിനെ നിമിഷനേരം കൊണ്ട് പളുങ്കുപോലെ ഉരുക്കി അഗ്നിപർവതസ്ഫോടനം

By Web TeamFirst Published Jan 24, 2020, 2:18 PM IST
Highlights

തലയോട്ടിക്കുള്ളിൽ നിന്ന് കണ്ടെടുക്കപ്പെട്ടത് കറുപ്പ് നിറത്തിൽ ഉരുകിയ പളുങ്ക് (glass) പോലുള്ള ഒരു വസ്തുവാണ്

ഈ സ്ഫോടനം നടന്നിരിക്കുന്നത് ഇറ്റലിയിലെ മൗണ്ട് വെസൂവിയസ് എന്ന അഗ്നിപർവ്വതത്തിലാണ്. സാധാരണ അഗ്നിപർവ്വതവിസ്ഫോടനങ്ങളുടെ പത്തിരട്ടിയെങ്കിലും കൂടുതൽ ആഘാതത്തിലാണ് ഇത് നടന്നിരിക്കുന്നത്. ആ സമയത്ത് അഗ്നിപർവ്വതത്തിന്റെ പരിസരത്തുണ്ടായിരുന്ന ഒരു മനുഷ്യന്റെ തലച്ചോറിനെ പളുങ്കുപോലെ ഉരുക്കാനും മാത്രം ശക്തമായിരുന്നു അത്. 

സംഭവം നടക്കുന്നത് എഡി 79 -ലാണ്. അന്ന് നേപ്പിൾസിലും പരിസരങ്ങളിലുമുണ്ടായിരുന്ന പല റോമൻ സ്ഥാപനങ്ങളും അവരുടെ വിഹാരകേന്ദ്രങ്ങളിൽ പലതും നിമിഷനേരം കൊണ്ട് നാമാവശേഷമായി. ആയിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടമായി. ഹെർക്കുലേനിയം എന്ന ഒരു പട്ടണം തന്നെ തിളച്ചുമറിഞ്ഞൊഴുകിവന്ന ലാവയ്ക്കടിയിൽ മറഞ്ഞു. 1960 -കളിൽ ആർക്കിയോളജിസ്റ്റുകൾ കണ്ടെടുത്ത ആ അപകടത്തിൽ ഇരകളിൽ ഒരാളുടെ ശാരീരികാവശിഷ്ടങ്ങൾക്കുമേൽ ഈയടുത്ത് ലഭ്യമായ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുള്ള പുത്തൻ പഠനങ്ങൾ നടന്നിരുന്നു. 

ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ ആണ് ഈ പഠനം ജനുവരി 17 -ന് പ്രസിദ്ധീകരിക്കപ്പെട്ടത്. ആ വ്യക്തിയുടെ തലയോട്ടിക്കുള്ളിൽ നിന്ന് കണ്ടെടുക്കപ്പെട്ടത് കറുപ്പ് നിറത്തിൽ ഉരുകിയ പളുങ്ക് (glass) പോലുള്ള ഒരു വസ്തുവാണ്. അത് സ്ഫടികരൂപമാർജ്ജിച്ച (വിട്രിഫൈഡ്)  തലച്ചോറിന്റെ അവശിഷ്ടങ്ങളാണ് എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. വിട്രിഫിക്കേഷൻ എന്നത് വളരെ ഉയർന്ന താപനിലയിലേക്ക് ഒരു വസ്തുവിനെ ഉയർത്തി നിമിഷനേരം കൊണ്ട് അതിനെ തണുപ്പിക്കുമ്പോൾ അത് സ്ഫടികരൂപം ആർജിക്കുന്ന പ്രക്രിയയാണ്. ഈ അവശിഷ്ടത്തിൽ നിന്ന് കണ്ടെടുത്ത പ്രോട്ടീൻ, ഫാറ്റി ആസിഡ്, മനുഷ്യമുടി തുടങ്ങിയവയുടെ അംശങ്ങൾ അത് തെർമലി പരിരക്ഷിക്കപ്പെട്ടു നിന്ന സ്ഫടികരൂപമാർജ്ജിച്ച മനുഷ്യമസ്തിഷ്‌കാവശിഷ്ടം ആണെന്നാണ്. 

സ്ഫോടനം നടന്ന് അധികം താമസിയാതെ കാർബണൈസ് ചെയ്യപ്പെട്ട ലാവ, അതിനു താഴെയുള്ള മനുഷ്യാവശിഷ്ടങ്ങൾക്ക് നാശമൊന്നും സംഭവിക്കാതെ കാത്തു.  ഈ അവശിഷ്ടങ്ങളിന്മേൽ നടക്കുന്ന തുടർ പഠനങ്ങൾ ഇനിയും രസകരമായ പല കണ്ടുപിടുത്തങ്ങൾക്കും ഇട നൽകിയേക്കാം. 

click me!