അഭിജിത് ബാനർജിയെക്കുറിച്ചുള്ള പുസ്തകം തെലങ്കാന പൊലീസിന് ദേശവിരുദ്ധ സാഹിത്യമാകുമ്പോൾ, പ്രൊഫസറുടെ യുഎപിഎ അറസ്റ്റിൽ ഇടപെട്ട് കോടതി

By Web TeamFirst Published Jan 24, 2020, 10:34 AM IST
Highlights

"ഒരു പ്രൊഫസറെ പെട്ടെന്നൊരുദിവസം പൊലീസ് മാവോയിസ്റ്റ് എന്ന് മുദ്രകുത്തുമ്പോൾ, അത് സ്റ്റേറ്റ് അതിന്റെ അധികാരമുപയോഗിച്ച് വിയോജനസ്വരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതാണോ എന്ന് പരിശോധിക്കാനുള്ള ചുമതല കോടതിക്കുണ്ട്"

ഒരു നോബൽ സമ്മാന ജേതാവിനെക്കുറിച്ചുള്ള പുസ്തകം എങ്ങനെയാണ് ദേശവിരുദ്ധ സാഹിത്യമാവുന്നത് ? എന്നാൽ തെലങ്കാനാ പൊലീസിനെ സംബന്ധിച്ചിടത്തോളം അതങ്ങനെയാണ്. നിങ്ങളുടെ വീട്ടിൽ നൊബേൽ സമ്മാന ജേതാവായ അഭിജിത് ബാനർജിയെക്കുറിച്ചുള്ള ഒരു പുസ്തകം ഉണ്ടായാൽ മതി, കേസ് കോടതിയിലെത്തുമ്പോൾ, 'ഭരണകൂടത്തിനെതിരെ യുദ്ധം നയിക്കാൻ ശ്രമിച്ചു' എന്ന നിങ്ങളുടെ കുറ്റം നിസ്സംശയം തെളിയിക്കുന്ന ശക്തമായ തെളിവായി അത് മാറും. തെലങ്കാനയിലെ അറിയപ്പെടുന്ന അക്കാദമീഷ്യനും പ്രൊഫസറുമായ സി കാസിം ഒരു മാവോയിസ്റ്റാണ് എന്ന് തെളിയിക്കാൻ അത്രയൊക്കെ മതി എന്നാണ് അവിടത്തെ പൊലീസ് കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്.

എന്നാൽ, 2016 മുതൽ 2019 വരെ പ്രൊഫ. കാസിമിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കേസുകളുടെ ഇന്നത്തെ സ്ഥിതി അറിയിച്ചുകൊണ്ട് അടിയന്തരമായി ഒരു എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെടുകയാണ് ഇപ്പോൾ തെലങ്കാന കോടതി ചെയ്തിരിക്കുന്നത്." വേണ്ട തെളിവുകൾ യഥാസമയം സമർപ്പിക്കുക എന്നത് സ്റ്റേറ്റിന്റെ കടമയാണ്. കോടതി സമക്ഷം ഇത്തരത്തിലുള്ള കേസുകളിങ്ങനെ കുമിഞ്ഞുകൂടുകയാണ്. മാവോയിസ്റ്റ് അനുഭാവികൾ എന്നും പറഞ്ഞുകൊണ്ട് പൊലീസ് നിരവധി പേരെയാണ് ഇങ്ങനെ അറസ്റ്റുചെയ്തു കൊണ്ടുവരുന്നത്. സമൂഹത്തിൽ തന്റേതായ കടമകൾ നിർവഹിക്കുന്ന ഒരു പ്രൊഫസറുടെമേൽ പൊലീസ് ഇങ്ങനെ ഒരു ആരോപണം ചുമത്തുമ്പോൾ, അത് സ്റ്റേറ്റ് അതിന്റെ അധികാരമുപയോഗിച്ച് വിയോജനസ്വരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതാണോ എന്ന് പരിശോധിക്കാനുള്ള ചുമതല കോടതിക്കുണ്ട് " എന്നൊരു ശ്രദ്ധേയമായ നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. 


കഴിഞ്ഞ ദിവസം സിദ്ധിപേട്ട് ജില്ലാകോടതിയിൽ ഒസ്മാനിയാ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ  ഈ നാല്പത്താറുകാരന്റെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള തെളിവായി, തെലങ്കാന പൊലീസ് ഹാജരാക്കിയ 131 തെളിവുകളിൽ പലതും പുസ്തകങ്ങളാണ്. സോദ്ദേശ്യസാഹിത്യം വായിക്കുന്നതും തെലങ്കാനയിൽ അക്ഷന്തവ്യമായ അപരാധമാണ് എന്ന് വന്നിട്ടുണ്ട്. 'അഭിജിത് ബാനർജി, നൊബേൽ വിജേതാ', ശാസ്ത്രവും യുക്തിവാദവും, മനുഷ്യനായ മാർക്സ്, പത്രക്കാരുടെ യാത്രകൾ, ബഹുജൻ തരംഗങ്ങൾ എന്നീ പുസ്തകങ്ങളും പിന്നെ മാർക്സിസം, ലെനിനിസം, മാവോയിസം എന്നിവ എന്തെന്ന് വിശദമായി പ്രതിപാദിക്കുന്ന ലഘുലേഖകളുമാണ് അടങ്ങുന്നതാണ് പൊലീസിന്റെ ഈ തെളിവ് ശേഖരം. അതിനും പുറമേ, ഭാരതത്തിലെ മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തെലങ്കാന രാഷ്ട്ര സമിതിയെപ്പറ്റിയുള്ള ഒരു പഠനം, പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയുടെ ആറാം സ്ഥാപക ദിനാഘോഷത്തെപ്പറ്റിയുള്ള ഒരു ലഘുലേഖ എന്നിവയുമുണ്ട് കാസിമിന്റെ വീട്ടിൽ റെയ്ഡുനടത്തി തെലങ്കാന പൊലീസ് കണ്ടെടുത്ത ഈ രേഖകളുടെ കൂട്ടത്തിൽ.

'പ്രൊഫ.കാസിമിന്റെ വീട്ടിലെ ലൈബ്രറി '

ഇത് ഭീമ കോരേഗാവ് കേസിലെ കുറ്റാരോപിതരിൽ ഒരാളായ അക്കാദമിസ്റ്റും ആക്ടിവിസ്റ്റുമായ വെർണൻ ഗോൺസാൽവാസിനെ കസ്റ്റഡിയിലെടുത്തപ്പോൾ മഹാരാഷ്ട്ര പൊലീസ്, 'നിങ്ങൾ എന്തിനാണ് ലിയോ ടോൾസ്റ്റോയിയുടെ 'യുദ്ധവും സമാധാനവും'എന്ന പുസ്തകം വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്' എന്ന് വിശദീകരിക്കാൻ പറഞ്ഞപോലെ ആയിട്ടുണ്ട്.  

ക്രിമിനൽ ഗൂഢാലോചനയുടെ ആരോപണം

പ്രൊഫ. കാസിമിൽ ചുമത്തപ്പെട്ടിരിക്കുന്ന പ്രധാന കുറ്റം സ്റ്റേറ്റിനെതിരെയുള്ള ക്രിമിനൽ ഗൂഢാലോചനയാണ്. അതിനു പുറമെയാണ് മാവോയിസ്റ്റ് ലഘുലേഖകൾ കയ്യിൽ സൂക്ഷിച്ചു എന്ന ആരോപണം. നിരോധിതമായ സിപിഐ (മാവോയിസ്റ്റ്) എന്ന സംഘടനയെ സഹായിച്ചു, അവർക്കുവേണ്ടി പ്രവർത്തിച്ചു തുടങ്ങിയകുറ്റങ്ങളും കാസിമിനുമേൽ പൊലീസ് ചുമത്തിയിട്ടുണ്ട്. കാസിമിനെതിരെ ചുമത്തിയ യുഎപിഎ കേസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് കുറ്റം ചുമത്തിയിരിക്കുന്ന 54 വ്യക്തികളിൽ രണ്ടാമനാണ് പ്രൊഫ. കാസിം. അദ്ദേഹത്തിന്റെ ഭാര്യ സ്നേഹലതയും മൂന്നാം പ്രതിയായി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. നാല് മുൻ മാവോയിസ്റ്റുകളെ ദൃക്‌സാക്ഷികളായും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

ഒസ്മാനിയാ സർവകലാശാലയിലെ തെലുഗു വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ എന്ന ലാവണം ഒരു മറയായി ഉപയോഗിച്ചുകൊണ്ട് മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുകയാണ് പ്രൊഫസറും ഭാര്യയും മറ്റുള്ളവരും ചേർന്ന് നടത്തിയിട്ടുള്ളത് എന്ന് പൊലീസ് കോടതിയിൽ ബോധിപ്പിച്ചു. പ്രൊഫ. കാസിം ചീഫ് എഡിറ്റർ ആയും, ഭാര്യ എഡിറ്റർ ആയും പ്രസിദ്ധപ്പെടുത്തുന്ന 'നടുസ്‌തുന്ന തെലങ്കാന' എന്ന മാസികക്ക് ഫണ്ടിങ് നടത്തുന്നത് മാവോയിസ്റ്റുപാർട്ടിയാണ് എന്നും വിപ്ലവ രചയിതാല സംഘം (വി.ര.സം) എന്ന പേരിൽ ഒരു സാംസ്‌കാരിക സംഘടനയും മാവോയിസ്റ്റുകൾക്കുവേണ്ടി പ്രൊഫ. കാസിം നടത്തുന്നുണ്ട് എന്നും പൊലീസ് ആരോപിച്ചു. ഇതിനു പുറമേ പത്തൊമ്പത് സംഘടനകൾ വേറെയും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് ആരോപിക്കുന്ന പട്ടികയിൽ പെട്ടിട്ടുണ്ട്. അവയിൽ വിദ്യാർത്ഥി സംഘടനകൾ, അധ്യാപക യൂണിയനുകൾ, കർഷക സഹകരണ സംഘങ്ങൾ, സ്ത്രീ ശാക്തീകരണ സംഘടനകൾ, മനുഷ്യാവകാശ സംരക്ഷണ സംഘടനകൾ തുടങ്ങിയവയും പെട്ടിട്ടുണ്ട്.

ചുമത്തിയിരുന്നത് യുഎപിഎ ആയതിനാൽ അത്രയെളുപ്പം പ്രൊഫസർക്ക് ജാമ്യം കിട്ടുകയില്ല. ഇപ്പോഴും സംഗറെഡ്ഢി ജില്ലാ ജയിലിൽ കഴിയുകയാണ് അദ്ദേഹം. ഇപ്പോൾ പ്രൊഫസറെ ചോദ്യം ചെയ്യാൻ വേണ്ടി ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് കോടതി സമക്ഷം അപേക്ഷിച്ചിട്ടുള്ളത്. പ്രൊഫസറെ അന്യായമായി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ് എന്ന് കാണിച്ചുകൊണ്ട് സിവിൽ ലിബർട്ടീസ് കമ്മിറ്റിയുടെ തെലങ്കാന ഘടകത്തിന് വേണ്ടി ഘടം ലക്ഷ്മൺ സമർപ്പിച്ച ഹേബിയസ് കോർപസ് പരിഗണിച്ച കോടതി പ്രൊഫസറെ ഹാജരാക്കാനും, എത്രയും പെട്ടെന്ന് തെളിവുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടുകഴിഞ്ഞു. 2016  -ൽ തങ്ങൾ രജിസ്റ്റർ ചെയ്ത ഒരു യുഎപിഎ കേസിലെ പ്രതിയാണ് പ്രൊഫസർ എന്നതാണ് പൊലീസിന്റെ വാദം. മാവോയിസ്റ്റ് പാർട്ടിയെ സമൂഹമധ്യത്തിൽ ഇരുന്നുകൊണ്ട് സഹായിക്കുന്നു എന്നതാണ് അദ്ദേഹത്തിനുമേൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം. 

പൊലീസ് തനിക്കുമേൽ ചുമത്തിയ കുറ്റങ്ങളൊക്കെയും പ്രൊഫ. കാസിം നിഷേധിച്ചിരുന്നു. തനിക്ക് മാവോയിസ്റ്റ് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല എന്നും, താൻ ഒരു തരത്തിലും മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നില്ല എന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. തന്റെ പ്രഭാഷണങ്ങളിലൂടെയോ, എഴുതിലൂടെയോ, പുസ്തകങ്ങളിലൂടെയോ ഒരിക്കലും താൻ തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിനെതിരായി ഒന്നും എഴുതിയിട്ടില്ല എന്നും, അതിന്റെ പ്രവർത്തനത്തിന് തുരങ്കം വെക്കുന്ന യാതൊന്നും പ്രചരിപ്പിച്ചിട്ടില്ല എന്നും പ്രൊഫ. കാസിം കോടതിയിൽ പറഞ്ഞു. പ്രൊഫ. കാസിമിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുകൊണ്ട് ബൻജാര ഹിൽസിലെ ചീഫ് ജസ്റ്റിസിന്റെ വസതിക്കു സമീപം പ്രകടനം നടത്തിയ ഉസ്മാനിയ യൂണിവേഴ്സിറ്റിയിലെ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ചിലരെ പൊലീസ് കഴിഞ്ഞ ദിവസം കരുതൽ തടങ്കലിൽ എടുത്തിരുന്നു.

click me!