കഴുകന് വംശനാശം സംഭവിക്കുന്നു, കൃത്രിമ പ്രജനന പദ്ധതിയുമായി ത്രിപുര

Published : Feb 07, 2022, 11:12 AM ISTUpdated : Feb 07, 2022, 11:16 AM IST
കഴുകന് വംശനാശം സംഭവിക്കുന്നു, കൃത്രിമ പ്രജനന പദ്ധതിയുമായി ത്രിപുര

Synopsis

വംശനാശത്തിൽ നിന്ന് കഴുകന്മാരെ രക്ഷിക്കാൻ കഴിയുന്ന ഒരേയൊരു പ്രവർത്തനമാണ് കൺസർവേഷൻ ബ്രീഡിംഗ് പ്രോഗ്രാമെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പിസിസിഎഫ്) ഡി. കെ ശർമ പറഞ്ഞു. 

ത്രിപുര(Tripura)യിലെ വനംവകുപ്പ് കൃത്രിമ പ്രജനനത്തിലൂടെ കഴുകന്മാരുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. 'വൾച്ചർ കൺസർവേഷൻ ആൻഡ് ആർട്ടിഫിഷ്യൽ ബ്രീഡിം​ഗ്'(vulture conservation and artificial breeding) എന്നാണ് പദ്ധതിയുടെ പേര്. ഖോവായ് ജില്ല(Khowai district)യിൽ വംശനാശഭീഷണി നേരിടുന്ന കഴുകൻ ഇനങ്ങളെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഖോവായിയിൽ കഴുകന്മാരുടെ എണ്ണം കൂടുതലാണെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇവിടെ കൃത്രിമ പ്രജനനം നടത്തിയെടുക്കാൻ തീരുമാനിച്ചത് എന്നും ഇതിന് സഹായിക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഴുകന്മാരെ കൊണ്ടുവരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

''കേന്ദ്ര സർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് ഖോവായ് ജില്ലയിലെ പദ്മബിൽ പ്രദേശത്ത് പദ്ധതി ഉടൻ ആരംഭിക്കും. ഹരിയാനയിൽ നിന്ന് കഴുകന്മാരെ കൊണ്ടുവന്ന് കൃത്രിമ പ്രജനനം നടത്തുകയും പിന്നീട് കുഞ്ഞുങ്ങളെ കാട്ടിൽ വിടുകയും ചെയ്യും” ഖോവായ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) നിരജ് കെ. ചഞ്ചൽ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 

“അടുത്തിടെ ജില്ലയിൽ ഏകദേശം 30-40 കഴുകന്മാരെ കണ്ടു. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ഇവയ്ക്ക് സംസ്ഥാനത്ത് ഏതാണ്ട് വംശനാശം സംഭവിച്ചിരുന്നു. എന്നാൽ, വനം വകുപ്പ് അവയുടെ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തിയതിനാൽ ഇപ്പോൾ അവയുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്" അദ്ദേഹം പറഞ്ഞു. വംശനാശത്തിൽ നിന്ന് കഴുകന്മാരെ രക്ഷിക്കാൻ കഴിയുന്ന ഒരേയൊരു പ്രവർത്തനമാണ് കൺസർവേഷൻ ബ്രീഡിംഗ് പ്രോഗ്രാമെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പിസിസിഎഫ്) ഡി. കെ ശർമ പറഞ്ഞു. 

“മൂന്ന് ഇനങ്ങളിൽ നിന്നും 150 ജോഡികളെ കൂട്ടിലിട്ട് വളർത്താൻ കഴിയുമെങ്കിൽ, റിലീസ് പ്രോഗ്രാം ആരംഭിച്ച് പത്ത് വർഷത്തിനുള്ളിൽ മൂന്ന് ഇനങ്ങളിൽ നിന്നും 600 ജോഡികളെങ്കിലമുണ്ടാകും. ഇത് ജനിതകമായി വൈവിധ്യമാർന്ന, സ്വയം പ്രജനനം നടത്താനാവുന്ന ഒരു ജനതയെ രൂപപ്പെടുത്തും" അദ്ദേഹം പറഞ്ഞു. 

നദീതീരത്ത് ഇലകളുള്ള ഷിമുൽ മരങ്ങൾ നട്ടുപിടിപ്പിച്ചത് വനനശീകരണത്തിലൂടെ തകര്‍ന്ന ആവാസവ്യവസ്ഥ മെച്ചപ്പെടുത്താൻ സഹായിച്ചുവെന്നും അത് കഴുകന്മാരുടെ എണ്ണം വർധിപ്പിച്ചുവെന്നും ചഞ്ചൽ പറഞ്ഞു. നദിയിൽ പൊങ്ങിക്കിടക്കുന്ന മൃഗങ്ങളുടെ ശവശരീരങ്ങൾ കഴിച്ച് ഒരു പരിധിവരെ ഭക്ഷണ ദൗർലഭ്യവുമായി പൊരുത്തപ്പെടാൻ കഴുകന്മാരും പഠിച്ചു. 

ജനങ്ങളോട് ഷിമുല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴുകന്മാര്‍ അപ്പോള്‍ ഇതില്‍ കൂടുകൂട്ടുന്നു. ഒപ്പം കന്നുകാലികൾക്ക് ഡൈക്ലോഫെനാക് (ഒരു തരം ആന്‍റി-ഇൻഫ്ലമേറ്ററി മരുന്ന്) അടങ്ങിയ ഭക്ഷണം നൽകരുത് എന്നും പറയുന്നു. അത് ഭക്ഷ്യശൃംഖലയിലെത്തുമ്പോള്‍ കഴുകന്മാരുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നാണ് പറയുന്നത്. 

(ചിത്രം പ്രതീകാത്മകം, കടപ്പാട്: വിക്കിമീഡിയ കോമൺസ്)

PREV
click me!

Recommended Stories

ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകും, മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്, ജീവനക്കാരനെ പിരിച്ചുവിട്ടു, തെറ്റില്ലെന്ന് കോടതിയും
'ഈ ന​ഗരത്തിൽ ജീവിക്കുന്നത് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതുപോലെയാണ്, സമ്മാനമില്ലെന്ന് മാത്രം', യുവാവിന്റെ പോസ്റ്റ്