
ആളുകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കിടുന്ന ഒരുപാട് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകൾ ഇന്നുണ്ട്. അതിലൊന്നാണ് റെഡ്ഡിറ്റ്. അടുത്തിടെ ഗുഡ്ഗാവിൽ നിന്നുള്ള ഒരു യൂസർ തന്റെ വിചിത്രമായ ഒരനുഭവം റെഡ്ഡിറ്റിൽ പങ്കിട്ടു. തന്റെ ഊബർ ഡ്രൈവറിൽ നിന്നും ലഭിച്ച ഒരു സന്ദേശമായിരുന്നു അത്. ഭയപ്പെടുത്തുന്ന സന്ദേശം എന്നാണ് ഇതിനെ അവർ വിശേഷിപ്പിച്ചത്.
അതിന്റെ ഒരു സ്ക്രീൻഷോട്ടും അവർ പങ്കിട്ടിട്ടുണ്ട്. അതിൽ ഊബർ ഡ്രൈവർ അയച്ച സന്ദേശം കാണാം. അതിൽ എഴുതിയിരിക്കുന്നത്, 'ആനന്ദ് വിഹാറിലേക്ക് പോകൂ. നിങ്ങളെ ഞാൻ സന്തോഷത്തോടെ തട്ടിക്കൊണ്ടുപോകാം' എന്നാണ്. ഇത് കണ്ടതോടെയാണ് താൻ ഭയപ്പെട്ടത് എന്നാണ് യൂസർ പറയുന്നത്. പുലർച്ചെ നാല് മണിയോടെയാണ് സംഭവം.
റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിൽ പറയുന്നത്, ഇത് എഴുതുമ്പോഴും ഞാൻ വിറയ്ക്കുന്നുണ്ട് എന്നാണ്. ഒരു മണിക്കൂറിനുള്ളിൽ തനിക്ക് ട്രെയിനുണ്ടായിരുന്നു. കൃത്യസമയത്തിന് അവിടെയെത്തുമോ എന്ന് ദൈവത്തിനറിയാം. ഊബറിൽ നിന്നും പ്രയോറിറ്റി സെഡാൻ ക്യാബ് ബുക്ക് ചെയ്തു. ട്രെയിൻ കയറാനായി ANVT സ്റ്റേഷനിലേക്ക് പോകണമെന്ന് അദ്ദേഹത്തിന് മെസ്സേജ് അയച്ചു. അയാൾ എത്താനായപ്പോൾ താൻ ലഗേജെടുക്കാനായി മുകളിൽ പോയി. ആ സമയത്ത് ഫോൺ പോക്കറ്റിലിട്ടു. പിന്നീടാണ് ഫോൺ നോക്കുന്നത്. അതിൽ ഡ്രൈവറുടെ സന്ദേശം വന്നിട്ടുണ്ടായിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.
ആ സമയത്താണ് 'നിങ്ങളെ സന്തോഷത്തോടെ തട്ടിക്കൊണ്ടുപോകാം' എന്ന സന്ദേശം കാണുന്നത്. അതോടെ താൻ ഭയന്നു എന്നും റൈഡ് കാൻസൽ ചെയ്തു എന്നും പോസ്റ്റിലെഴുതിയിട്ടുണ്ട്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. അതിൽ ഭൂരിഭാഗം പേരും കുറിച്ചത്, ഇങ്ങനെ ഒരു സന്ദേശം കണ്ടാൽ ആരായാലും ഭയന്നുപോകും. പക്ഷേ, ഊബർ ഡ്രൈവർ ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ചപ്പോഴോ, ഓട്ടോ കറക്റ്റ് ആയപ്പോഴോ സംഭവിച്ചതായിരിക്കാം ഇത്. അല്ലാതെ അയാൾ തട്ടിക്കൊണ്ടുപോകാം എന്നായിരിക്കില്ല ഉദ്ദേശിച്ചത് എന്നാണ്.
എന്നാൽ, പോസ്റ്റിട്ട യൂസർ പറയുന്നത്, താൻ ഗൂഗിൾ ട്രാൻസ്ലേറ്റർ നോക്കി. അതിൽ സംഭവിച്ചതാവില്ല എന്നാണ്. ഊബറിന് പരാതി നൽകി എന്നും അവർ പറയുന്നു. ഊബർ ഡ്രൈവറിനോട് വിശദീകരണം ചോദിക്കുമെന്നും അച്ചടക്ക നടപടികൾ എടുക്കുമെന്നുമാണ് പ്രതികരിച്ചത്.
ഇതൊരു വേറിട്ട അനുഭവം; ഓട്ടോ ഡ്രൈവർ എങ്ങനെ തന്നെ 'പറ്റിക്കാതിരുന്നു', കുറിപ്പുമായി യുവാവ്