
വീട്ടിലെ കാര്യങ്ങൾ മുഴുവനും താൻ നോക്കിക്കൊള്ളാം, ഭാര്യ ജോലി ചെയ്ത് പണം സമ്പാദിക്കട്ടെയെന്ന് യുവാവ്. റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഭാര്യയ്ക്ക് അവളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ജോലിയോ ബിസിനസ്സോ ചെയ്യാം. പകരം പാചകം, വീട് വൃത്തിയാക്കൽ, വസ്ത്രങ്ങൾ അലക്കൽ തുടങ്ങിയ എല്ലാ വീട്ടുജോലികളും താൻ ഏറ്റെടുക്കും. ഭാര്യ കുടുംബത്തിന്റെ വരുമാനം കണ്ടെത്തുകയും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുമ്പോൾ, താൻ വീടിന്റെ ഉത്തരവാദിത്തങ്ങളെല്ലാം നോക്കി നടത്തുന്ന സ്നേഹവും തുല്യതയുമുള്ള ഒരു ദാമ്പത്യമാണ് താൻ ആഗ്രഹിക്കുന്നതെന്നും യുവാവ് പറയുന്നു.
ഇതിനൊപ്പം കുട്ടികൾ വേണ്ടെന്ന തീരുമാനവും യുവാവ് മുന്നോട്ടുവെക്കുന്നുണ്ട്. 'വീട്ടിലെ പ്രധാന വരുമാനക്കാരിയായിരിക്കാനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനും താല്പര്യമുള്ള, ഞാൻ വീട് നോക്കി നടത്തുന്നതിൽ സമ്മതമുള്ള ഒരു പങ്കാളിയെയാണ് ഞാൻ ആഗ്രഹിക്കുന്നത്. കുട്ടികൾ വേണ്ട എന്ന തീരുമാനത്തിലുറച്ച വിവാഹജീവിതമാണ് എനിക്ക് താല്പര്യം. താൻ സീരിയസാണ്' എന്നും യുവാവ് കുറിച്ചു.
ഇന്ത്യൻ സ്ത്രീകൾ ഇത്തരമൊരു ജീവിതരീതിക്ക് തയ്യാറാകുമോ എന്നും യുവാവ് ചോദിക്കുന്നു. പിന്നീട് പോസ്റ്റ് എഡിറ്റ് ചെയ്ത് തന്റെ ഉയരം, രൂപം, കുടുംബപശ്ചാത്തലം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും യുവാവ് പങ്കുവെച്ചു. കൂടാതെ, പ്രതിവർഷം കുറഞ്ഞത് 12 ലക്ഷം രൂപയെങ്കിലും വരുമാനമുള്ള പങ്കാളിയെയാണ് താൻ അന്വേഷിക്കുന്നതെന്നും യുവാവ് വ്യക്തമാക്കിയിട്ടുണ്ട്.
യുവാവിന്റെ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പരമ്പരാഗതമായി സ്ത്രീകൾ മാത്രം ചെയ്തുവരുന്ന വീട്ടുജോലികൾ ഏറ്റെടുക്കാൻ യുവാവ് കാണിച്ച മനസ്സിനെ പലരും അഭിനന്ദിച്ചു. വിവാഹബന്ധങ്ങളിൽ സ്ത്രീകൾ മാത്രം ചെയ്യണമെന്ന് കരുതപ്പെടുന്ന ഉത്തരവാദിത്തങ്ങൾ പുരുഷന്മാർ തുറന്ന മനസ്സോടെ ഏറ്റെടുക്കാൻ മുന്നോട്ടുവരുന്നത് പ്രോത്സാഹജനകമാണെന്ന് ഒരാൾ കമന്റ് ചെയ്തു. എന്നാൽ, ബന്ധങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്യാനും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും യുവാവ് എത്രത്തോളം തയ്യാറാകുമെന്ന സംശയമാണ് മറ്റ് ചിലർ ഉന്നയിച്ചത്.
എന്തായാലും, രണ്ടാളും വരുമാനം നേടുകയും രണ്ടാളും വീട്ടുകാര്യങ്ങൾ നോക്കുകയും കൂടി ചെയ്യുന്നതാണ് കൂടുതൽ നല്ലത് അല്ലേ?