'ജോലി സമയം ഓഫീസിൽ കിടന്നുറങ്ങുന്നു, അങ്ങേയറ്റം മടിച്ചി'; അന്യായ പിരിച്ചുവിടലിനെതിരെ നിയമപോരാട്ടത്തിൽ വിജയിച്ച് എഐ കമ്പനി ഡയറക്ടർ

Published : Nov 16, 2026, 01:07 PM IST
Employee sleeping during office hours (AI)

Synopsis

ഓഫീസിൽ ഉറങ്ങുന്നുവെന്നും മടിയാണെന്നും ആരോപിച്ച് പിരിച്ചുവിട്ട ബ്രിട്ടനിലെ എഐ കമ്പനി ഡയറക്ടർ ഡോ. ഡാൻ ലുവോ നിയമപോരാട്ടത്തിൽ വിജയിച്ചു. ജീവനക്കാരിയെ അനിശ്ചിതാവസ്ഥയിൽ നിർത്തിയ കമ്പനിയുടെ നടപടി അന്യായമായ പിരിച്ചുവിടലാണെന്ന് ലണ്ടൻ സൗത്ത് എംപ്ലോയ്‌മെന്‍റ് ട്രൈബ്യൂണൽ നിരീക്ഷിച്ചു.

ഓഫീസിൽ ജോലി സമയത്ത് മേശപ്പുറത്ത് കിടന്നുറങ്ങുന്നുവെന്നും അങ്ങേയറ്റം മടിയുള്ള വ്യക്തിയാണെന്നുമുള്ള കടുത്ത ആരോപണങ്ങൾക്കിടയിലും, അന്യായമായ പിരിച്ചുവിടലിനെതിരായ നിയമപോരാട്ടത്തിൽ വിജയിച്ച് ബ്രിട്ടനിലെ എഐ കമ്പനി ഡയറക്ടർ. ചൈനയിൽ ഡോക്ടറായിരുന്ന ഡോ. ഡാൻ ലുവോ ആണ് തന്‍റെ മുൻ കമ്പനിയായ ബ്ലൂ സ്ട്രോബെറി എഐക്കെതിരെ ലണ്ടൻ സൗത്ത് എംപ്ലോയ്‌മെന്‍റ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി നേടിയത്. ജീവനക്കാരിയെ വ്യക്തമായ തീരുമാനമെടുക്കാതെ അനിശ്ചിതാവസ്ഥയിൽ നിർത്തിയ കമ്പനിയുടെ നടപടി അന്യായമായ പിരിച്ചുവിടലാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ഡോക്ടറിൽ നിന്ന് എഐ കമ്പനി ഡയറക്ടറിലേക്ക്

ചൈനയിൽ മെഡിക്കൽ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ. ഡാൻ ലുവോ 2020 -ലാണ് ബ്രിട്ടനിലെത്തിയത്. അതേ വർഷം ഒക്ടോബറിൽ അവർ ബ്ലൂ സ്ട്രോബെറി എഐ എന്ന സ്റ്റാർട്ടപ്പിൽ ചേർന്നു. കമ്പനിയിൽ വലിയൊരു തുക നിക്ഷേപിച്ചതോടെ ലുവോ ഓഹരി ഉടമയും ഡയറക്ടറും ജീവനക്കാരിയുമായി.

വിവാദമായ ഇ -മെയിലുകളും ആരോപണങ്ങളും

2022 ഫെബ്രുവരിയോടെ ലുവോയുടെ ജോലിയെക്കുറിച്ച് കമ്പനിയിൽ പരാതികൾ ഉയർന്നു. പിന്നാലെ കമ്പനിയുടെ സഹഡയറക്ടറായ വെസ്ലി ബേക്കർ ജോലിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ലുവോയ്ക്ക് ഇ -മെയിൽ അയച്ചു. മൂന്ന് മാസത്തിന് ശേഷം ഇരുവരും ഇക്കാര്യം ചർച്ച ചെയ്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. തുടർന്ന് കമ്പനിയിലെ പ്രധാന നിക്ഷേപകരായ പാൽ മാൾ ഇൻവെസ്റ്റ്മെന്‍റ്സ് എന്ന സ്ഥാപനത്തെയും ബേക്കർ ഇക്കാര്യങ്ങൾ ഇ -മെയിലിലൂടെ അറിയിച്ചു.

തന്‍റെ ബിസിനസ് ജീവിതത്തിൽ ഇത്രയും കഴിവും ആത്മാർഥതയും കുറഞ്ഞ ഒരാളെ കണ്ടിട്ടില്ലെന്നും, അങ്ങേയറ്റം മടിയുള്ള സ്ത്രീയാണ് ലുവോ എന്നും ബേക്കർ ഇ -മെയിലിൽ കുറിച്ചു. 2022 ജൂലൈയിൽ ലുവോയ്ക്ക് നേരിട്ടയച്ച ഇ -മെയിലിൽ ആരോപണങ്ങൾ കൂടുതൽ കടുപ്പിച്ചു. "നിങ്ങൾ മേശപ്പുറത്ത് കിടന്നുറങ്ങുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. പതിവായി നേരത്തേ ഓഫീസിൽ നിന്ന് ഇറങ്ങഉകയും ചെയ്യുന്നു. ഒരു ജോലി തീർക്കാൻ ഒരുപാട് സമയമെടുക്കുന്നതും വളരെ മോശം നിലവാരത്തിലാണ്," ബേക്കർ ആരോപിച്ചു.

പിരിച്ചുവിടലും അനിശ്ചിതാവസ്ഥയും

കുറച്ചുകാലത്തെ അവധിക്ക് ശേഷം ബേക്കറുടെ ഇ-മെയിലിന് മറുപടി നൽകിയ ലുവോ, തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ, ലുവോയുടെ മറുപടിയിൽ നിരാശയുണ്ടെന്നും ഇനി ഒന്നിച്ച് പ്രവർത്തിക്കാനാകില്ലെന്നുമായിരുന്നു ബേക്കറുടെ മറുപടി.

2022 സെപ്റ്റംബറിൽ ലുവോയുടെ അസാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ, അവരെ കമ്പനിയുടെ ബോർഡ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനിച്ചു. പിന്നീട് 2023 ഏപ്രിലിൽ, തന്‍റെ ഡയറക്ടർ നിയമനം അവസാനിപ്പിക്കുന്നതിനുള്ള രേഖ ലുവോ കണ്ടെത്തി. ഇതോടെ തന്നെ കമ്പനി ഒഴിവാക്കിയതായി അവർ മനസ്സിലാക്കി.

കോടതിയുടെ നിരീക്ഷണങ്ങൾ

ലണ്ടൻ സൗത്ത് എംപ്ലോയ്‌മെന്‍റ് ട്രൈബ്യൂണലിലെ ജഡ്ജി ജെമ്മ കാഥ്രേയാണ് കേസ് പരിഗണിച്ചത്. കമ്പനിയുടെ നടപടികളെ കോടതി രൂക്ഷമായി വിമർശിച്ചു. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ നടപടി ലുവോയെ ഒരു അനിശ്ചിതാവസ്ഥയിൽ നിർത്തുന്നതിന് തുല്യമായിരുന്നുവെന്ന് ജഡ്ജി നിരീക്ഷിച്ചു. പിരിച്ചുവിടൽ നോട്ടീസ് പ്രകാരമുള്ള ശമ്പളം നൽകാതിരുന്നതും, അനുമതിയില്ലാതെ ശമ്പളത്തിൽ നിന്ന് 4,333 പൗണ്ട് കുറച്ചതും കരാർലംഘനമാണെന്നും കോടതി കണ്ടെത്തി. അന്യായമായ പിരിച്ചുവിടലിന് ലുവോയ്ക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക എത്രയെന്ന് ട്രൈബ്യൂണൽ പിന്നീട് തീരുമാനിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

സ്വന്തമായി കാറില്ല, ആഡംബര വസ്തുക്കളും വാങ്ങാറില്ല; സാമ്പത്തിക ഭദ്രതയ്ക്കായി ദമ്പതികൾ പിന്തുടരുന്ന 6 ശീലങ്ങൾ!
'കള്ളന്മാർ കള്ളന്മാർ': വിമാനം വൈകിയതിന് പിന്നാലെ ജീവനക്കാർക്ക് നേരെ യാത്രക്കാരുടെ അസഭ്യവർഷം; സ്പൈസ് ജെറ്റ് വിമാനത്താവളത്തിലെ ദൃശ്യങ്ങൾ വൈറൽ